നമ്മുടെ കാലഘട്ടത്തിലെ ഡോ.റാം മനോഹർ ലോഹ്യയാണ് ഏറനാട് താലൂക്ക് എടവണ്ണ അംശം ഒതായി ദേശത്ത് പുത്തൻവീട്ടിൽ അൻവർ. സോഷ്യലിസം തലക്കുപിടിച്ചാൽ എന്തുംചെയ്തുകളയുമെന്നാണ് ഒന്നാം ലോഹ്യ കഴിഞ്ഞ തലമുറക്ക് കാണിച്ചുകൊടുത്തത്. നമുക്ക് അൻവർ കാണിച്ചുതരുന്നതും അതുതന്നെ. ചാണിന് ചാണായും മുഴത്തിനു മുഴമായും ഡോ.ലോഹ്യയെ അനുകരിക്കുന്ന അൻവർ സഖാവിനെ മനസ്സിലാക്കാത്തവർക്ക് ഹാ! കഷ്ടം. അങ്ങനെയുള്ളവർ ഇന്ത്യൻ സാഹചര്യത്തിൽ രാഷ്ട്രീയ പ്രവർത്തനം എങ്ങനെ നടത്തണമെന്ന് അറിയാത്തവരാണ്. അൻവർ അടുത്ത പാർട്ടി ഈ മാസംതന്നെ രൂപവത്കരിക്കുമെന്നാണല്ലോ പ്രഖ്യാപിച്ചിട്ടുള്ളത്. അതാണെങ്കിൽ സോഷ്യലിസമെന്ന അടിത്തറയിലുമാണ്. ജനാധിപത്യവും മതേതരത്വവുമൊക്കെയുണ്ടെങ്കിലും അതങ്ങനെ എടുത്തുപറയാനില്ല. ദോശയോടൊപ്പം സാമ്പാറും ചട്നിയുംപോലെ സോഷ്യലിസത്തോടൊപ്പം വിളമ്പുന്നതാണല്ലോ അതുരണ്ടും.
അടുത്തറിഞ്ഞാൽ, ഡോ.ലോഹ്യയും അൻവറും ഒന്നുതന്നെയല്ലേ എന്ന് തോന്നിപ്പോകും. അത്രക്കുണ്ട് ചാട്ടപ്പൊരുത്തം. 1935ൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിനകത്ത് മുളപൊട്ടിയ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് വെള്ളമൊഴിച്ച് അതിനൊപ്പം വളർന്ന ഡോ.ലോഹ്യ പിന്നീട് കയറിപ്പോയ കൊമ്പുകളും ചില്ലകളും നോക്കൂ. 1948ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി എന്ന തോടുപൊട്ടിച്ച് സോഷ്യലിസ്റ്റ് പാർട്ടിയെ പുറത്തേക്ക് കൊണ്ടുവരുന്നു. സി.എസ്.പി പോയി എസ്.പിയാകുന്നു. അതിലൊക്കെ ജെ.പിയെപ്പോലെത്തന്നെ ഡോ.ലോഹ്യയും മുമ്പനാണ്. ആദ്യത്തെ തെരഞ്ഞെടുപ്പു കഴിഞ്ഞയുടൻ, അതായത് 1952ൽ കിസാൻ മസ്ദൂർ പ്രജാപാർട്ടിയും എസ്.പിയും ലയിപ്പിച്ച് പി.എസ്.പിയാക്കുന്നു. 1955ൽ പി.എസ്.പി പിളരുന്നു. ജെ.പി ജെ.പിയുടെ വഴിക്കും ലോഹ്യ സ്വന്തംവഴിക്കും തിരിയുന്നു. അക്കാലം മുതലാണ് ലോഹ്യാ സോഷ്യലിസ്റ്റുകൾ എന്ന ഗോത്രമുണ്ടാകുന്നത്. 1964ൽ പിളർപ്പൊക്കെ മറന്ന് വീണ്ടും ലയിച്ച് സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയാകുന്നു. എസ്.എസ്.പി! അവിടംകൊണ്ടൊന്നും അവസാനിച്ചിട്ടില്ല. ഐ.എസ്.പിയായും ആർ.എസ്.പിയായും കേരളത്തിലാണെങ്കിൽ കെ.എസ്.പിയായുമൊക്കെ സോഷ്യലിസ്റ്റ് പാർട്ടി പെരുകിക്കൊണ്ടിരുന്നു. പക്ഷേ, എസ്.എസ്.പിക്ക് ശേഷമുണ്ടായ പ്രതിഭാസങ്ങളിലൊന്നും ഡോ.ലോഹ്യയുടെ ഭൗതികശരീരത്തിന് പങ്കുണ്ടായിരുന്നില്ല. കാരണം 1967ൽ അദ്ദേഹം മൺമറഞ്ഞു. പാർട്ടി പെരുകിപ്പെരുകി പോകുന്നതിൽ അദ്ദേഹത്തിന്റെ ആത്മാവിന് പങ്കില്ലെന്ന് പറയാനുമാകില്ല. സോഷ്യലിസ്റ്റ് പാർട്ടി വ(പി)ളരുന്നത് അമീബയെപ്പോലെയാണ് എന്ന് അദ്ദേഹം സിദ്ധാന്തിച്ചിട്ടുണ്ട്. ഒരു കോശത്തിൽനിന്ന് അനേകം പാർട്ടികളുണ്ടാകുമെന്ന്. എന്നുവെച്ച് ഇക്കണ്ട പിളർപ്പുകൾക്കും ലയനങ്ങൾക്കും ആശയാടിത്തറയില്ലെന്ന് കരുതരുത്. അതുണ്ട്. അതാണ് ചാട്ടങ്ങളുടെയും ചാഞ്ചാട്ടങ്ങളുടെയും കരുത്ത്. പുറത്തുനിന്നു നോക്കുന്നവർക്ക് തോന്നും സോഷ്യലിസ്റ്റുകൾ ആശയക്കുഴപ്പത്തിലാണെന്ന്. അവർക്ക് ആശയക്കുഴപ്പമുണ്ട്- അതിനൊരു അടിത്തറയുണ്ട്. അടിത്തറയില്ലാത്തതുകൊണ്ടുണ്ടായ ഒരു ആശയാടിത്തറ. അക്കാര്യവും ഡോ.ലോഹ്യ വിശദീകരിച്ചിട്ടുള്ളതാണ്. ‘‘സോഷ്യലിസ്റ്റുകാർ ആശയക്കുഴപ്പത്തിലാണ്, കാരണം അവർ കൃത്യമായ അടിത്തറയില്ലാതെ ഗാന്ധിസത്തെയും മാർക്സിസത്തെയും കൂട്ടിക്കലർത്താൻ നോക്കി’’- എന്നാണ് ആ നിരീക്ഷണം. ഏറ്റവും പ്രധാനപ്പെട്ട ആശയക്കുഴപ്പം, കോൺഗ്രസാണോ കമ്യൂണിസ്റ്റ് പാർട്ടിയാണോ വലിയ ഭീഷണി എന്ന് തിരിച്ചറിയാൻ കഴിയാത്തതായിരുന്നു. അക്കാലത്താണ് കോൺഗ്രസും കമ്യൂണിസ്റ്റു പാർട്ടിയും തുല്യയളവിൽ അപ്രസക്തമാണ് എന്ന് ലോഹ്യ സിദ്ധാന്തിക്കുന്നത്. ഒടുവിൽ അദ്ദേഹത്തിന് കോൺഗ്രസ് വിരുദ്ധമുന്നണിയുടെ അമരത്ത് ഇരിക്കേണ്ടിവന്നു. ഇതൊക്കെ അൻവറിന്റെ ജീവിതത്തിലും നമ്മൾ കാണുന്നു.
പറഞ്ഞല്ലോ, ഡോ.ലോഹ്യയും പി.വി.അൻവറും രണ്ടല്ല. 1967 മേയ് 16ന് അൻവർ ജനിക്കുന്നു. ഒക്ടോബർ 12ന് ഡോ.ലോഹ്യ മരിക്കുന്നു. ദൗത്യം കൈമാറിയതാകാം. 1987-88 ആകുമ്പോൾ അൻവർ രാഷ്ട്രീയത്തിലേക്ക് എടുത്തുചാടുന്നു. കെ.എസ്.യു എന്ന കിണറ്റിലേക്കാണ് ചാടുന്നത്. അവിടെനിന്ന് മുങ്ങാംകുഴിയിടാൻ പഠിക്കുന്നു. യൂത്ത് കോൺഗ്രസ് എന്ന കുളത്തിൽ നീന്തിത്തുടങ്ങുന്നു. കോൺഗ്രസ് കായലിലെത്തിയതോടെ സകല അഭ്യാസങ്ങളും വശമായി. കരുണാകരൻ ഗ്രൂപ്പിലാണ് കാര്യമായും തുഴഞ്ഞത്. 2005ൽ കെ.കരുണാകരൻ ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് (ഡി.ഐ.സി) രൂപവത്കരിച്ചപ്പോൾ അൻവർ കൂടെയുണ്ട്. പാർട്ടിയുടെ പേര് ഡി.ഐ.സി (കെ) എന്നാക്കുകയും പിന്നെ എൻ.സി.പിയിൽ ലയിപ്പിക്കുകയും അക്കാരണത്താൽ എൻ.സി.പിക്കാർ കുഴപ്പത്തിലാവുകയുമൊക്കെ ചെയ്തല്ലോ. ഇതിനിടെ ഒരു ഘട്ടത്തിൽ ഡി.ഐ.സി ഇടതുമുന്നണിയുമായി നീക്കുപോക്കുണ്ടാക്കി. ഒരു തെരഞ്ഞെടുപ്പുകഴിഞ്ഞപ്പോൾ അതൊഴിവാക്കി കരുണാകരൻ പതിയെ കോൺഗ്രസിലേക്ക് മടങ്ങിയെങ്കിലും അൻവർ കൂടെപ്പോയില്ല. അപ്പോഴേക്ക് ലോഹ്യ പറഞ്ഞ ആശയക്കുഴപ്പം അൻവറിനെ ബാധിച്ചുതുടങ്ങിയിരുന്നു. കോൺഗ്രസല്ലേ വലിയ ഭീഷണി എന്നൊരു തോന്നൽ. അതുകൊണ്ടാണ് ലീഡറും മകനും ഘട്ടംഘട്ടമായി കോൺഗ്രസിലേക്ക് പോയപ്പോഴും തിരിച്ചുപോകാതെ അൻവർ തനിച്ചുനിന്നത്.
പിന്നീടങ്ങോട്ട് ഒരു പടയോട്ടമാണ്. 2011ൽ നിയമസഭയിലേക്ക് മത്സരിച്ചു. അതിനായി ഏറനാട് വികസനസമിതി എന്ന കൂട്ടായ്മയുണ്ടാക്കി. അന്നത് ഏറനാടു പാർട്ടി എന്നാണറിയപ്പെട്ടത്. ഒരു നിയമസഭാ തെരഞ്ഞെടുപ്പും ഒരു ലോക്സഭാ തെരഞ്ഞെടുപ്പും കഴിഞ്ഞതോടെ സ്വന്തമായി മത്സരിക്കാനും പാർട്ടിയുണ്ടാക്കാനും പഠിച്ചു. പിന്നെ എൽ.ഡി.എഫിനൊപ്പം ചേരുന്നു. 2016ൽ നിലമ്പൂരിൽ നിന്ന് എൽ.ഡി.എഫ് വഴി നിയമസഭയിലെത്തി. അതോടെ ഒരാശയക്കുഴപ്പം തൽക്കാലം അമർന്നു. കമ്യൂണിസ്റ്റ് പാർട്ടിയല്ല, കോൺഗ്രസാണ് വലിയ ഭീഷണി എന്നുറപ്പായി. മത്സരിച്ചത് പാർട്ടി ചിഹ്നത്തിലല്ലെങ്കിലും അൻവറിനെ സി.പി.എം നിയമസഭാകക്ഷിയിൽ ഉൾപ്പെടുത്തി. നാട്ടിലെ പാർട്ടിക്കാർക്ക് പുത്തനാവേശം. പുറത്ത് സ്വതന്ത്രനും സഭയിൽ സി.പി.എമ്മുകാരനുമായി ജീവിച്ചുപോരുമ്പോഴാണ് അടുത്ത ആശയക്കുഴപ്പം! മാർക്സിസം പിണറായിസമായി മാറിയോ എന്ന സംശയം. മാർക്സിസം സ്റ്റാലിനിസമായി മാറിയോ എന്ന് തോന്നിയപ്പോഴാണ് ഡോ.ലോഹ്യ മാർക്സിയൻ സോഷ്യലിസത്തിന്റെ എതിരാളിയായത് എന്നോർക്കണം.
പിണറായിസത്തിന്റെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞപ്പോഴാണ് ആ ക്യാമ്പ് വിട്ടത്. നിയമസഭാ കക്ഷിയിൽനിന്ന് രാജിവെച്ച് സ്വതന്ത്രനായി. പിന്നെ സഭയിൽനിന്നുതന്നെ രാജിവെച്ചു. സോഷ്യലിസത്തെയും മതേതരത്വത്തെയും തുല്യ അളവിൽ നെഞ്ചേറ്റുന്ന ഒരു പ്രസ്ഥാനത്തിനായി നോട്ടം. അപ്പോഴാണ് മണ്ഡലത്തോട് ചേർന്നുകിടക്കുന്ന തമിഴ്നാട്ടിലെ ഡി.എം.കെയെ ഓർമവന്നത്. അതേ പേരിലൊരു പാർട്ടിയുണ്ടാക്കി. ഡെമോക്രാറ്റിക് മൂവ്മെൻറ് കേരള. എന്നിട്ട് ചെന്നൈയിലെത്തി. ഡി.എം.കെ നേതാവ് സെന്തിൽ ബാലാജിയുമായി സംസാരിച്ചു. തലൈവർ സ്റ്റാലിനുമായി കൂടിക്കാഴ്ച നിശ്ചയിച്ചാണ് പിരിഞ്ഞത്. നടന്നില്ല. സ്റ്റാലിനിസ്റ്റായി മാറിക്കഴിഞ്ഞ പിണറായിക്കാണ് ചെന്നൈയിലെ സ്റ്റാലിനുമായി കൂടുതൽ അടുപ്പം. എന്തോ ചില ആഭിചാരങ്ങൾ നടന്നുവെന്നാണ് കേട്ടത്. അതുകൊണ്ട് ഉപതെരഞ്ഞെടുപ്പിൽ ആശയക്കുഴപ്പത്തിന്റെ സ്ഥാനാർഥിയാകേണ്ടിവന്നു. സ്വാഭാവികമായി തോറ്റു. ഡി.എം.കെപ്പൂതി കൈവിട്ടെങ്കിലും മതേതര–ജനാധിപത്യ മോഹങ്ങൾ മരിച്ചില്ല. ആ പ്രതീക്ഷ എത്തിച്ചത് ബംഗനാട്ടിലാണ്. പുല്ലുംപൂവും പൂത്തുനിൽക്കുന്നു. ഗ്രാസ്റൂട്ട് ലെവലിലുള്ള പ്രവർത്തകരുടെ കോൺഗ്രസ്. അൻവറിന്റെ സെയിംപിച്ച്. കയറി വണ്ടി. ചെന്നൈയിലെപ്പോലൊരു തടസ്സം അവിടെയുംവന്നു. മമതാ ദീദിയെ കാണാൻ പറ്റിയില്ല. അനന്തരവൻ അഭിഷേക് ബാനർജിയുമായിട്ടാണ് സംസാരിച്ചത്. തൃണമൂലായിട്ടാണ് കൊൽക്കൊത്തയിൽനിന്ന് തിരിച്ചെത്തിയത്. പക്ഷേ, ഇവിടെയൊരു കടമ്പ വേറെയുണ്ടായിരുന്നു. തൃണമൂലിൽ ആദ്യം മുളച്ചൊരു വേര് കേരളത്തിൽ കിടപ്പുണ്ട്. കഷ്ടകാലത്തിന് അതിന്റെ സംസ്ഥാന പ്രസിഡന്റ് മലപ്പുറത്താണ്. പേര് ഉണ്ണി-പാർട്ടി വളർത്താൻ അറിയില്ലെങ്കിലും വേറെയാരും അത് ചെയ്യില്ലെന്ന് ഉറപ്പുവരുത്താനറിയാം. രണ്ടാമത്തെ മുളയുടെ സംസ്ഥാന കൺവീനറായാണ് അൻവർ 2026ൽ ബേപ്പൂരിൽ മത്സരിച്ചത്. അപ്പോഴേക്ക് സ്വന്തംനിലയിൽ യു.ഡി.എഫിൽ സ്ഥാനമുറപ്പിച്ചിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയാണ് മുഖ്യ ഭീഷണി എന്നകാര്യം ആശയക്കുഴപ്പമില്ലാത്ത വിധം ഉറപ്പായി. അതിനിടയിൽ ബംഗാളിലെ തൃണമൂൽ നേതാക്കൾക്ക് അൻവറിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ടായി. അദ്ദേഹം വലിയ വലിയ ആശയങ്ങൾ മുന്നോട്ടുവെച്ചിരുന്നത്രെ. കേരളത്തിലെ വലിയ ചില നേതാക്കളൊക്കെ തൃണമൂലിൽ ചേരുമെന്നൊക്കെ. കുറെ എം.എൽ.എമാർ ഉണ്ടാകുമെന്നും. അതൊന്നും നടന്നില്ല. തെരഞ്ഞെടുപ്പിൽ തൃണമൂലുകാർ ബേപ്പൂരിലേക്ക് തിരിഞ്ഞുനോക്കിയില്ല. പുല്ലും പൂവും കൊടുത്തില്ല. അൻവർ ഗ്യാസ് സിലിണ്ടർവെച്ച് മത്സരിച്ചു. ചെന്നൈയിലെ തലൈവരുടെ മനംമാറ്റിയതുപോലെ ആരോ മമതാ ദീദിയുടെ കണ്ണ്കെട്ടി. ആഭിചാരം ചെയ്യാൻ ഒരു ഉണ്ണി മതിയല്ലോ. ഏതായാലും ഗ്രാസ്റൂട്ട് മോഹം കരിഞ്ഞു. ഇനിയങ്ങനെ ആരുടെയും പാർട്ടി വേണ്ട. സ്വന്തമായി പാർട്ടിയുണ്ടാക്കുകയാണ്. അത് സോഷ്യലിസത്തിന്റെ പാറമേലായിരിക്കും.
ഏഴു വിപ്ലവങ്ങളായിരുന്നു ഡോ.ലോഹ്യയുടെ മോഹം. 1. സ്തീപുരുഷ സമത്വത്തിനുവേണ്ടി. 2.നിറത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തിനും സാമ്പത്തികവും മാനസികവുമായ അസമത്വത്തിനുമെതിരെ. 3. സാമ്രാജ്യത്വത്തിനെതിരെയും ലോക സമാധാനത്തിനുവേണ്ടിയും.... അങ്ങനെയങ്ങനെ ഏഴു സുന്ദര വിപ്ലവങ്ങൾ. ആറ് പ്രസ്ഥാനങ്ങൾ പിന്നിട്ടുനിൽക്കുകയാണ് അൻവർ. കോൺഗ്രസ്, ഡി.ഐ.സി, ഏറനാടു പാർട്ടി, സി.പി.എം, ഡി.എം.കെ, തൃണമൂൽ. ആറെണ്ണം കഴിഞ്ഞു. ഏഴാമത്തെ വിപ്ലവം ഈ മാസംതന്നെയുണ്ടാക്കും. അത് സോഷ്യലിസ്റ്റ് അടിത്തറയിലായിരിക്കണം. ‘ന്യൂ സോഷ്യലിസം’ ഡോ.ലോഹ്യയുടെയും സ്വപ്നമായിരുന്നു. നമ്മുടെ കാലഘട്ടത്തിലെ ലോഹ്യയാണ് അൻവർ. ആശയക്കുഴപ്പത്തിന് അടിത്തറയിടുന്ന കാര്യത്തിൽ അദ്ദേഹത്തെ തോൽപിക്കാനാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.