പനമ്പിള്ളി മേനോനും പിൻഗാമികളും

രാഷ്ട്രീയരംഗം പ്രഗല്ഭരായ എഴുത്തുകാർ അലങ്കരിച്ചിരുന്ന കാലം കടന്നുപോയിട്ടുണ്ട്. പനമ്പിള്ളി ഗോവിന്ദ മേനോൻ, ജോസഫ് മുണ്ടശ്ശേരി, ഇ.എം.എസ് നമ്പൂതിരിപ്പാട്, സി.എച്ച്. മുഹമ്മദ്കോയ... അങ്ങനെയൊരു നിര പോയി. നമ്മുടേത് പ്രഗല്ഭ വായനക്കാരുടെ കാലമാണ്. ദിവസത്തിൽ എത്രപേജ് വായിക്കുന്നു, മാസത്തിൽ എത്ര പുസ്തകം വായിക്കുന്നു, വർഷത്തിൽ എത്ര ഭാഷയിൽ വായിക്കുന്നു എന്ന തോതിലാണ് ഇപ്പോൾ കണക്കെടുപ്പ്. അതിനാൽ, ടാർഗറ്റുവെച്ച് വായിക്കുകയാണത്രെ നമ്മുടെ നേതാക്കൾ. മലയാളമാണെങ്കിൽ ദിവസം 75 പേജ് എന്നതാണ് കണക്ക്. ഒരു ദിവസം അത് തീർക്കാനായില്ലെങ്കിൽ പിറ്റേദിവസം ബ്രഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ് ബാക്കി വായിച്ചുതീർത്തിട്ടാണ് ദിനകൃത്യങ്ങളിലേക്ക് കടക്കുന്നത് എന്ന് ഒരു നേതാവ് വെളിപ്പെടുത്തിയ വായനാരഹസ്യമാണ്. ലോണെടുത്ത് വായിക്കുന്നതുപോലെയാണ് അദ്ദേഹത്തിന്റെ ജീവിതം. വായനാകുടിശ്ശിക ബാക്കിവരുന്നത് അപകടമാണ്! ഇത്തരം നേതാക്കൾ മറുവശത്തുള്ളപ്പോൾ, ‘‘ഓ! അങ്ങനെ എപ്പോഴും വായിച്ചുകൊണ്ടിരിക്കാനാകുമോ, മറ്റുകാര്യങ്ങളില്ലേ, എന്തെങ്കിലും അത്യാവശ്യത്തിന് വായിക്കേണ്ടതുണ്ടെങ്കിൽ വായിക്കും’’ എന്ന് ചാനൽ അഭിമുഖത്തിൽ പറഞ്ഞ പിണറായി വിജയൻ പോഴത്തക്കാരനല്ലേ? പിണറായിക്കു പഠിക്കുന്ന എം. സ്വരാജിനെയെങ്കിലും അദ്ദേഹം ഓർക്കേണ്ടതായിരുന്നില്ലേ? പിണറായി നയിച്ച മുന്നണിയും മന്ത്രിസഭയും ഇവ്വിധം തോറ്റതിന് ഒരുപക്ഷേ, ക്യാപ്റ്റന്റെ വായനാദാരിദ്യ്രവും കാരണമായിട്ടുണ്ടാവാം. അതവർ അന്വേഷിക്കട്ടെ.

ഏതായാലും വായന മരിച്ചിട്ടില്ല. ഉയിർത്തുവരുന്നുണ്ടെന്നുമാത്രമല്ല, ഭരണമാറ്റം ഉണ്ടാക്കാൻ വേണ്ട കരുത്തുമുണ്ട് ആ പ്രക്രിയക്ക്. ഒന്നാംകിട നേതാക്കൾ പുസ്തകമിറക്കുന്നതിലാണിപ്പോൾ മത്സരിക്കുന്നത്. അതിനേക്കാൾ ഹരമുള്ള മറ്റൊരു മത്സരത്തിന്റെ ലഹരിയിൽ നമ്മുടെ ശ്രദ്ധയിൽ ഇത് പെടാതിരുന്നതാണ്. പുസ്തകം പലരുേടതും വരുന്നുണ്ട്. എന്നാൽ, എഴുതുന്നവർ കുറവാണ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെപ്പോലെ ചുരുക്കംചിലർ മാത്രമാണ് അതിനുള്ള സർഗശേഷി പ്രകടിപ്പിച്ചിട്ടുള്ളൂ. അദ്ദേഹത്തിന്റെ ‘നിയോഗം’ എന്ന നോവൽ പുറത്തുവന്നത് നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ്. ഇക്കഴിഞ്ഞ മാർച്ച് ഒമ്പതിന്. ഒന്നാംനമ്പർ എഴുത്തുകാരൻ ടി. പത്മനാഭനിൽനിന്ന് അതേറ്റുവാങ്ങാനുള്ള നിയോഗമുണ്ടായത് ഒന്നാംനിര സംവിധായകനായ ബ്ലെസ്സിക്കാണ്. അപ്പോൾ ഊഹിക്കാമല്ലോ നോവലിന്റെ സാഹിത്യമൂല്യം. അമേരിക്കയിലെ ഷികാഗോയും കേരളത്തിലെ ഒറ്റപ്പാലവും തമ്മിലുള്ള രണ്ട് ബന്ധങ്ങളുടെ ഇരട്ടക്കഥയാണ് ഇതിവൃത്തം. പ്രണയബന്ധവും കുടുംബബന്ധവും. ഷികാഗോക്കാരിയായ ഷാർലറ്റിന്റെയും ഒറ്റപ്പാലംകാരനായ വിനയ ചന്ദ്രന്റെയും മകൾ വർഷങ്ങൾക്ക് ശേഷം അച്ഛനെത്തേടി കേരളത്തിലെത്തുന്നതാണ് ഒരു അടര്. ടി. പത്മനാഭന്റെ ചെറുകഥകൾ പോലെത്തന്നെ. പറ്റുന്നവർ വായിക്കുക. അല്ലാത്തവർ ബ്ലെസ്സി സിനിമയാക്കുമ്പോൾ കണ്ടോളുക.

ഇക്കാര്യത്തിലും രമേശിനോട് മത്സരിക്കാൻ കരുത്തുകാണിച്ച സതീശന്റെ പുതിയ പുസ്തകം നേരത്തേപറഞ്ഞ പ്രധാന മത്സരത്തിനിടയിൽ പ്രകാശനമില്ലാതെ പുറത്തുവന്നു. മേയ് ഒമ്പതിന്. പ്രസംഗസമാഹാരമാണ്. ക്രിസ്ത്യൻ സഭാവേദികളിൽ നടത്തിയ സുവിശേഷസമാനമായ പ്രസംഗങ്ങളുടേയും പ്രഭാഷണങ്ങളുടേയും സമാഹാരം. അത് എഡിറ്റ് ചെയ്ത് പുസ്തകമാക്കിയ റോയ് മാത്യുവാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ മാധ്യമ സെക്രട്ടറിയായി വന്നിരിക്കുന്നത്. എഴുത്തിന്റെ ഒരോ വഴികൾ! രണ്ടുനേതാക്കളുടേയും ആദ്യത്തെ പുസ്തകങ്ങളല്ല ഇവ. രമേശ് ചെന്നിത്തലയുടെ നിയമസഭാപ്രസംഗങ്ങളുടേയും ലേഖനങ്ങളുടേയും സമാഹാരങ്ങൾ മുമ്പേയുണ്ട്. ചെന്നിത്തല നോവൽ മാത്രമല്ല, പുസ്തകനിരൂപണവും എഴുതാറുണ്ട്. നിരൂപണത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രിയും പിന്നിലല്ല. വായിച്ചാൽ നിരൂപിച്ചുപോകും. അക്കാര്യത്തിൽ തനിക്ക് മാതൃക പനമ്പിള്ളി ഗോവിന്ദ മേനോനാണ് എന്ന് മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശൻ വ്യക്തമാക്കിയിട്ടുള്ളതാണ്. പനമ്പിള്ളിയെപ്പോലുള്ള സാഹിത്യനിരൂപകരും സാംസ്കാരിക പ്രസംഗകരും നയിച്ച കോൺഗ്രസിന്റെ ആ വായനപാരമ്പര്യത്തെ കമ്യൂണിസ്റ്റുകാർ ഇ.എം.എസ് നമ്പൂതിരിപ്പാട് എന്ന ഒറ്റ ബിംബംകൊണ്ട് മറച്ചുപിടിക്കാൻ നോക്കിയപ്പോഴാണ് വായനകൊണ്ട് കമ്യൂണിസ്റ്റുകാരെ തോൽപിക്കണമെന്ന ആശ മനസ്സിലുദിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. അതിനാൽ, വായിക്കലും വായിച്ചത് പ്രസംഗിക്കലും പാരമ്പര്യത്തിന്റെ പ്രശ്നമായിട്ടാണ് അദ്ദേഹം എടുത്തിരിക്കുന്നത്. പാരമ്പര്യം ഊർജമാണല്ലോ.

രാഷ്ട്രീയത്തിലെ മത്സരബുദ്ധി സാഹിത്യത്തിലേക്ക് സംക്രമിപ്പിച്ച ഈ രണ്ടുനേതാക്കളുടേയും ജീവചരിത്രഗ്രന്ഥങ്ങളും ലഭ്യമാണ്. പുതിയ തലമുറക്ക് വേണ്ടി അക്കാര്യം നിർവഹിക്കാൻ മാധ്യമ പ്രവർത്തകർ കാഴ്ചവെക്കുന്ന മത്സരബുദ്ധിയും ശ്ലാഘനീയംതന്നെ. ഈ മത്സരത്തിലും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് മുന്നിൽ. അദ്ദേഹത്തിന്റെ ജീവിതം രണ്ടാളുകൾ എഴുതിക്കഴിഞ്ഞു. അധ്യാപകനായ സന്തോഷ് ജെ.കെ.വി എഴുതിയ ‘രമേശ് ചെന്നിത്തല പിന്നിട്ട വഴികൾ’ 2020ൽ പുറത്തുവന്നിട്ടുണ്ട്. മാധ്യമപ്രവർത്തകൻ സി.പി. രാജശേഖരൻ ‘രമേശ് ചെന്നിത്തല അറിഞ്ഞതും അറിയാത്തതും’ എന്ന പുസ്തകം പുറത്തുവിട്ടത് 2023 ഒക്ടോബറിലാണ്. അതിനുമുമ്പേ ടോണി ചിറ്റേട്ടുകുളം ‘നേരനുഭവങ്ങൾ വി.ഡി. സതീശന്റെ ജീവിതവും രാഷ്ട്രീയവും’ എന്ന പുസ്തകം പുറത്തുവിട്ടിരുന്നു. 2001 നവംബറിലാണത്. ഈ പുസ്തകങ്ങൾ ജീവചരിത്രം എന്ന ഗണത്തിലാണ്. ഒരാളുടെ ജീവിതം അയാൾതന്നെ രേഖപ്പെടുത്തുന്നത് ആത്മകഥയും അത് മറ്റൊരാൾ രേഖപ്പെടുത്തുമ്പോൾ ജീവചരിത്രവും ആണല്ലോ. അവ വായിക്കാനെടുക്കുമ്പോഴാണ് റവന്യൂ മന്ത്രിയായ എ.പി. അനിൽകുമാറിന്റെ പഴയൊരു അവതാരിക ഓർമവരുന്നത്. ‘പനമ്പിള്ളി ഗോവിന്ദ മേനോൻ-ചരിത്രവഴിയിലെ ദീപശിഖ’ എന്ന ജീവചരിത്രത്തിന് അവതാരികയെഴുതിയത് എ.പി. അനിൽകുമാറാണ്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പ്രസിദ്ധീകരിച്ചത്. 2004ൽ. അന്ന് എ.പി. അനിൽകുമാർ സാംസ്കാരികവകുപ്പ് മന്ത്രിയായിരുന്നു. അതുകൊണ്ടാണെങ്കിലും അല്ലെങ്കിലും അവതാരിക ശ്രദ്ധേയമാണ്. അതാരംഭിക്കുന്നത് ഇങ്ങനെയാണ്: ‘‘മഹാരഥന്മാരായ വ്യക്തികളോടുള്ള ആദരവ് പ്രകടിപ്പിക്കുവാൻ അവരുടെ നാമത്തിൽ സ്മാരകങ്ങൾ നിർമിക്കുന്നതിനേക്കാൾ മൂല്യവത്തും ഈടുറ്റതുമായ പ്രവർത്തനമാണ് ആ വ്യക്തിയുടെ ജീവചരിത്രം എഴുതുക എന്നത്.’’ അങ്ങനെ നോക്കുമ്പോഴും സി.പി. രാജശേഖരനും ടോണി ചിറ്റേട്ടുകുളവും മൂല്യവത്തായ പ്രവർത്തനമാണ് നടത്തിയിട്ടുള്ളത്. സമ്മതിച്ചേ തീരൂ.

അതേസമയം, ഈ കൃതികൾ രാഷ്ട്രീയനേതാക്കൾക്ക് മുന്നറിയിപ്പും താക്കീതുമാണ്. സ്വന്തംജീവിതം എഴുതാൻ മറ്റുള്ളവരെ ഏൽപിക്കുമ്പോൾ മേൽനോട്ടത്തിന് എഡിറ്ററേയും ചുമതലപ്പെടുത്തണം എന്ന പാഠമാണ്. അല്ലെങ്കിൽ മാധ്യമപ്രവർത്തകർ വരുത്തുന്ന തെറ്റുകളും നേതാവിന്റെ പിരടിക്ക് വീഴും. സതീശന്റെയും ചെന്നിത്തലയുടേയും ജീവചരിത്രഗ്രന്ഥങ്ങളിൽ രാഷ്ട്രീയവിദ്യാർഥികളുടെ കണ്ണിൽ പെടരുതാത്ത തെറ്റുകളുണ്ട്. സതീശന്റെ നേരനുഭവങ്ങൾ പറഞ്ഞുതുടങ്ങുമ്പോൾ, കുഞ്ഞായിരുന്നപ്പോൾ മുടിവെട്ടാൻ പോയിരുന്ന ബാർബറുടെ ഷോപ്പിൽനിന്ന് ‘ജനയുഗം’, ‘മാതൃഭൂമി വാരിക’ എന്നിവയൊക്കെ വായിച്ചുവെന്ന് പറയുന്നുണ്ട്. അവിടെ, സതീശന്റെത്തന്നെ വാചകങ്ങളിൽ ‘‘അന്ന് സി.പി.എം പിളർന്ന് സി.പി.ഐ ഉണ്ടായിട്ടുള്ള കാലമാണ്’’ എന്ന് എഴുതിവെച്ചിരിക്കുന്നു (പേജ് 20). നേരെതിരിച്ചാണല്ലോ. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി സി.പി.ഐ ആണല്ലോ. 1964ൽ പിളർന്നുണ്ടായ പുതിയ പാർട്ടിയാണല്ലോ സി.പി.എം. കാലം മുന്നോട്ടുപോയി. സതീശൻ നിയമസഭയിലെത്തിയതും അവിടെ പഠിച്ചുവളർന്നതും വിവരിക്കുന്നിടത്ത് ‘‘ഒട്ടനവധി പുസ്തകങ്ങളേയും വി.ഡി. സതീശൻ ആശ്രയിച്ചിട്ടുണ്ട്’’ എന്ന് ജീവചരിത്രകാരൻ പ്രസ്താവിക്കുന്നു. എന്നിട്ട് ‘ഷാക്ധർ ആൻഡ് കൗൾ എന്ന പുസ്തകം’ എന്ന് എണ്ണിപ്പറയുന്നു.(പേജ് 108) എം.എൻ. കൗളും എസ്.എൽ. ഷാക്ധറും ചേർന്ന് എഴുതിയ പുസ്തകത്തിന്റെ പേര് ‘പ്രാക്ടീസ് ആൻഡ് െപ്രാസീജിയർ ഓഫ് പാർലമന്റെ്’ എന്നാണല്ലോ -നിത്യപ്രയോഗത്തിനിടയൽ സഭയിൽ ഷാക്ധർ ആൻഡ് കൗൾ എന്ന് പറഞ്ഞുപോകുന്നുണ്ടാകാം. അതാണ് പുസ്തകത്തിന്റെ പേര് എന്ന് മറ്റൊരു പുസ്കത്തിൽ വരരുതല്ലോ.

സി.പി. രാജശേഖരൻ ചെന്നിത്തലയെക്കുറിച്ച് ‘അറിഞ്ഞതും അറിയാത്തതും’ എഴുതിയപ്പോൾ കാലം മാറിമറിഞ്ഞുകിടക്കുകയാണ്: ‘‘1967-69 കാലത്ത് എം.എൻ. ഗോവിന്ദൻ നായർ കൃഷിമന്ത്രി ആയിരിക്കെ കൃഷിവകുപ്പിന്റെ കീഴിൽ ‘ഓണത്തിന് ഒരുപറനെല്ല്’ എന്നൊരു പദ്ധതി പ്രഖ്യാപിച്ചു. എ.കെ. ആന്റണി, വയലാർ രവി തുടങ്ങിയവരുടെ നേതൃത്വത്തിൽ കെ.എസ്.യു പദ്ധതി ഏറ്റെടുത്തു... പദ്ധതിയുടെ ചെന്നിത്തലയിലെ അംബാസഡറായിരുന്നു രമേശ് ചെന്നിത്തല’’ എന്നു പറയുന്നുണ്ട് (പേജ് 210). ഇതിൽ വസ്തുതാപരമായ തെറ്റുണ്ട്. 1967-69 കാലമായപ്പോഴേക്ക് വയലാർ രവിയും എ.കെ. ആന്റണിയും യൂത്ത് കോൺഗ്രസിനും അപ്പുറമെത്തിയിട്ടുണ്ട്. വയലാർ രവി 1967ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി. കെ.പി.സി.സി അംഗവുമാണ്. രവി ഒഴിഞ്ഞശേഷം 1969 വരെ എ.കെ. ആന്റണി യൂത്ത് കോൺഗ്രസ് പ്രസിഡന്റായി. ആന്റണി പ്രമോഷൻ കിട്ടിപ്പോയപ്പോൾ കെ.എസ്.യു പ്രസിഡന്റായ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലാണ് ഓണത്തിന് ഒരുപറനെല്ല് ഏറ്റെടുത്തത്. ചെന്നിത്തല മഹാത്മാ സ്കൂളിൽ രമേശ് അഞ്ചാംക്ലാസ് പിന്നിട്ടപ്പോഴുള്ള കാലം വിശദീകരിക്കുന്നിടത്ത്: ‘‘എ.കെ. ആന്റണിയും വയലാർ രവിയും എം.എ. ജോണുമൊക്കെ വാർത്തകളിൽ നിറയുന്ന കാലം. ഒരണസമരം, ഉത്പ്പന്നപ്പിരിവ് തുടങ്ങി വിദ്യാർഥിസമ്പർക്ക പരിപാടികൾ ഒന്നൊന്നായി വരുന്നു. രമേശിന്റെ മനസ്സിൽ അതെല്ലാം മിന്നൽപിണരുകളായി മാറാൻ തുടങ്ങി’’ എന്ന് കാണാം (പേജ് 23). കാലം തെറ്റിവന്ന മിന്നലാണത്. ഒരണസമരം 1957ൽ കഴിഞ്ഞുപോയതാണ്. അതിന്റെ തലേവർഷമാണ് ചെന്നിത്തല ജനിച്ചത്. ശരിയാണ്, ഒരണസമരത്തിന്റെ നേതാവ് വയലാർ രവിയാണ്. പക്ഷേ, രമേശ് ചെന്നിത്തലയുടെ സ്കൂൾ കാലമെത്തിയപ്പോൽ കെ.എസ്.യു നേതൃത്വത്തിൽ അടുത്ത തലമുറ വന്നുകഴിഞ്ഞിരുന്നു. ഉമ്മൻ ചാണ്ടി, കെ.സി. ജോസഫ്, എം.എം. ഹസ്സൻ, തിരുവഞ്ചൂർ തലമുറ. അത് ജീവചരിത്രകാരൻ അറിഞ്ഞില്ലേ എന്തോ.

എന്തായാലും ശരി. നമ്മുടെ കാലത്തെ മഹാരഥന്മാരായ രണ്ടു നേതാക്കൾ പുസ്തകങ്ങളിൽ അലിഞ്ഞ് ഇല്ലാതാകുമ്പോൾ ഇരട്ടകൾ നായകരായി വരുന്ന ഒരു ചോക്ലറ്റിന്റെ പരസ്യമാണ് ഓർമവരുക- അവർ മിഠായി തിന്നുതീർന്നപ്പോഴേക്ക് പിതാജിയുടെ പാന്റ് തയ്യൽക്കാരൻ വെട്ടിവെട്ടി ട്രൗസറാക്കിയിരുന്നു!

Tags:    
News Summary - Panampilly Menon and his successors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.