ചരിത്രം അവസാനിക്കുന്നില്ല. അത് മുകളിലോട്ട് പോയി തലകുത്തനെവന്ന് നമ്മുടെ മുന്നിൽ വീഴുകയാണ് ചെയ്യുന്നത്. മലക്കംമറിച്ചിൽ എന്നുപറയും! തെളിവുതരാം. 1985 ജൂൺ 24ന് ദേശാഭിമാനിയിൽ ഒന്നാം പേജിലൊരു ചെറിയ വാർത്തവന്നു. അതിങ്ങനെയാണ്: ‘‘ചാത്തുണ്ണിമാസ്റ്റർ സാമ്പത്തിക കാര്യങ്ങളിൽ സത്യസന്ധത പാലിക്കാതിരിക്കുകയും തന്മൂലം അദ്ദേഹത്തെപ്പറ്റി പാർട്ടി മെംബർമാരുടെയും സുഹൃത്തുക്കളുടെയും ഇടയിൽ അവിശ്വാസവും അവമതിപ്പും സൃഷ്ടിക്കുകയും ചെയ്തതിനും പാർട്ടിനയത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും കമ്യൂണിസ്റ്റ് (മാർക്സിസ്റ്റ്)പാർട്ടി സംസ്ഥാന കമ്മിറ്റി മെംബറായ കെ.ചാത്തുണ്ണി മാസ്റ്ററെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു’’. ഇത് ചരിത്രം. മുകളിലോട്ട് പോയിപ്പോയി അത് തലകീഴോട്ടായി വന്നുവീണത് 2026 ജനുവരി 26നാണ്. അന്ന് ദേശാഭിമാനിയിൽ ഒരു വാർത്തയുണ്ട്: ‘ പാർട്ടിശത്രുക്കളുടെ കോടാലിക്കൈയ്യായി മാറിയ വി.കുഞ്ഞികൃഷ്ണനെ സി.പി.എമ്മിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി കണ്ണൂർ ജില്ലാസെക്രട്ടറി കെ.കെ.രാഗേഷ് അറിയിച്ചു. തെറ്റായ ആരോപണങ്ങൾ കൃത്യമായ ലക്ഷ്യത്തോടെ ഉന്നയിച്ച് കുഞ്ഞികൃഷ്ണൻ സി.പി.ഐ.എമ്മിനെയും പാർട്ടിയെ വിശ്വസിച്ച ജനങ്ങളെയും വഞ്ചിച്ചു...’’ –അങ്ങനെയാണത് തുടങ്ങുന്നത്. ‘‘സാമ്പത്തിക ഇടപാടുകളിൽ സത്യസന്ധത പാലിച്ചില്ലാ’’ എന്ന് ചൂണ്ടിക്കാട്ടി 1985ൽ ഒരു നേതാവിനെ പുറത്താക്കിയ പാർട്ടി സാമ്പത്തിക ഇടപാടുകളിൽ സത്യസന്ധത പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയതിനാണ് 2026ൽ മറ്റൊരാളെ പുറത്താക്കിയത്. ചരിത്രം അവസാനിക്കുന്നില്ല എന്നുറപ്പായല്ലോ. അതങ്ങനെ തിരിഞ്ഞുമറിഞ്ഞുവരുകയാണ്. സാമ്പത്തികകാര്യ ഭാഷയിൽ പറഞ്ഞാൽ തിരിമറി!
കെ.ചാത്തുണ്ണി മാസ്റ്ററും വി.കുഞ്ഞികൃഷ്ണനും ജീവിതകാലം മുഴുവൻ ആ പാർട്ടി കെട്ടിപ്പടുക്കാൻ വേണ്ടി അധ്വാനിച്ചവരാണ്. പാർട്ടിയേൽപിച്ച മുറിവിനാൽ നീറിനീറി മറവിയിലേക്ക് മറയുകയല്ലാതെ മറ്റൊന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് പുറത്താക്കപ്പെടുന്നത്. എങ്ങനെയാണത് സാധിക്കുന്നതെന്ന് പാർട്ടിയുടെ സ്ഥാപകരിലൊരാളായ എൻ.സി. ശേഖർ ആത്മകഥയിൽ വിശദീകരിച്ചിട്ടുണ്ട്: ‘സ്വഭാവദൂഷ്യം’, ’അച്ചടക്കലംഘനം’, ’പാർട്ടിവിരുദ്ധ പ്രവർത്തനം’, ‘ധനദുർവിനിയോഗം’, തൊട്ട് ’ അനഭിലഷണീയരായ’വർക്കും ‘പാർട്ടിക്കകത്ത് ശല്യമുണ്ടാക്കുന്നവർക്കും’ എതിരെ നേതൃത്വത്തിലിരിക്കുന്നവർ കാലാകാലം എടുത്തുപയോഗിക്കാറുള്ള ഖഡ്ഗങ്ങൾ വിവിധങ്ങളാണ്. പാർട്ടി നേതാക്കളെ സംബന്ധിച്ചിടത്തോളം സുപരിചിതങ്ങളുമാണവ. പാർട്ടിയിൽനിന്ന് ഇങ്ങനെ പുറത്തുപോയവരോ പുറത്താക്കപ്പെട്ടവരോ ആയ സഖാക്കൾ നിരവധിയാണ്. ഇവരിൽ പലരും ആ രീതിയിലുള്ള ‘തേജോവധം’ അർഹിക്കുന്നവരാകണമെന്നില്ല. നിജസ്ഥിതി മറിച്ചായിരിക്കും. ഏതായാലും ഒരിക്കൽ ‘പാർട്ടി വിരുദ്ധൻ’ ആയി മുദ്രകുത്തപ്പെട്ട് പാർട്ടിക്ക് പുറത്തായാൽ എക്കാലവും അയാൾ ഒരു ‘പാർട്ടി വിരുദ്ധനായി’ അവഹേളനത്തിന്റെ കുരിശുചുമന്ന് നടക്കണം. തെറ്റും ശരിയും നോക്കാതെയുള്ള ഈ അനുഷ്ഠാനകർമങ്ങൾ പാർട്ടിജീവിതത്തിൽ കർശനമായി പാലിക്കണമെന്നത് ഒരു വിശ്വാസ പ്രമാണമായി കൊണ്ടുനടക്കുന്നവരാണ് കാര്യങ്ങളുടെ നിജസ്ഥിതി അറിയാത്ത സാധാരണ അണികൾ. നേതൃത്വത്തിലിരിക്കുന്നവർക്ക് അന്ധമായ ഒരു നിർബന്ധബുദ്ധിതന്നെ ഇക്കാര്യത്തിൽ കാണും. നേതൃത്വപദവികളിലിരുന്ന കാലത്ത് എന്റെ പെരുമാറ്റവും വ്യത്യസ്തമായിരുന്നില്ല. പുറത്തുപോയപ്പോഴാണ് അത്രയുംകാലം ഞാൻകൂടി പങ്കാളിയായ കൈയാങ്കളി എത്രമേൽ ക്രൂരമായ ഒരു പ്രക്രിയയാണെന്ന് മനസ്സിലായത്’’.
എൻ.സി. ശേഖർ, ചാത്തുണ്ണി മാസ്റ്റർ
അപ്പോൾ, എൻ.സി.ശേഖറിനെയും പുറന്തള്ളിയതാണ്. അച്ചടക്കം ലംഘിച്ചതിനാണ് എന്ന് അക്കാലം കാര്യകർത്താവായിരുന്ന ഇ.എം.എസ് വിശദീകരിച്ചിട്ടുണ്ട്. എം.പി ശമ്പളത്തിന് ലെവി അടച്ചില്ലെന്ന ദോഷവുമുണ്ട്. എൻ.സി. ശേഖർ മറുപടിയും പറഞ്ഞിട്ടുണ്ട്. ഒന്ന്, പുറത്താക്കിയതല്ല 1960 ജൂൺ 15ന് തൃശൂരിൽ സംസ്ഥാന കമ്മിറ്റി യോഗത്തിൽവെച്ച് മെംബർഷിപ് പുതുക്കുന്നില്ല എന്നു പ്രഖ്യാപിച്ച് ഇറങ്ങിപ്പോന്നതാണ് എന്ന്. അതിനുശേഷം ലെവി അടച്ചിട്ടില്ലെന്നും, എം.പിയായിരിക്കുമ്പോൾ സർക്കാർതന്ന ഭവനലോൺ ഉപയോഗിച്ച് വെച്ച വീടിന്റെ തിരിച്ചടവ് പ്രയാസമായപ്പോൾ അതുവിറ്റ് ലോൺ തിരിച്ചടച്ച് ബാക്കികൊണ്ട് ചെറിയവീട് വാങ്ങിയാണ് താമസിക്കുന്നതെന്നും എൻ.സി.ശേഖർ വിശദീകരിച്ചിട്ടുണ്ട്.
ചാത്തുണ്ണി മാസ്റ്ററുടെ അനുഭവംവെച്ചു നോക്കുമ്പോൾ എൻ.സി ഭാഗ്യവാനാണ്. പണംതട്ടിയെന്ന ആരോപണമില്ലല്ലോ. കോഴിക്കോട്ട് കമ്യൂണിസ്റ്റ് പാർട്ടിയുടെ വിലാസമായിരുന്നു മാസ്റ്റർ. 1940ൽ ബ്രിട്ടീഷുകാർ കമ്യൂണിസ്റ്റ് നേതാക്കളുടെ തലക്ക് വിലയിട്ടപ്പോൾ ഇം.എം.എസിന്റെ തലക്ക് 10,000 രൂപയും ചാത്തുണ്ണി മാസ്റ്ററുടെ തലക്ക് 25,000വുമാണ് വിലകെട്ടിയത് എന്നൊരു കഥയുണ്ടായിരുന്നു. എം.പിയും എം.എൽ.എയും കർഷകസംഘത്തിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമൊക്കെയായിട്ടുണ്ട്. പാർട്ടി പിളർന്നപ്പോൾ ദേശാഭിമാനി പിടിച്ചെടുക്കാൻ പടകൂട്ടിയതും ചിന്ത സ്ഥാപിച്ചതുമൊക്കെ മാസ്റ്ററാണ്. സിനിമാരംഗത്തും അതുവഴി സാംസ്കാരിക മേഖലയിലും പാർട്ടിക്ക് മേൽക്കൈ ഉണ്ടാക്കാനായി ഒരു സിനിമാസ്ഥാപനം ഉണ്ടാക്കി. ജനശക്തി ഫിലിംസ്. കൊച്ചിയിലാണ് ഓഫിസ്. മകൻ വേണുഗോപാൽ ജനശക്തിയിലെ ജീവനക്കാരനായിരുന്നു. കൊച്ചിയിലേക്കുള്ള തീവണ്ടിടിക്കറ്റും പത്തുരൂപയും കൊടുത്ത് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് യാത്രയയക്കുമ്പോൾ, ‘‘അവിടെ എന്നെ അറിയുന്ന പലതരത്തിലുള്ള ആളുകളുമുണ്ട്. അവരെയൊന്നും പോയി നീ ബുദ്ധിമുട്ടിക്കരുത്’’ എന്ന് പറഞ്ഞ അച്ഛൻ യാത്രപ്പടിയും സിറ്റിങ് അലവൻസും കൈപ്പറ്റിയിരുന്നില്ല എന്നും ‘‘അതൊക്കെ കമ്പനിക്ക് ഇരിക്കട്ടെ’’ എന്നു കരുതലാണെന്നും ആ മകൻ ഓർക്കുന്നുണ്ട്. പക്ഷേ, കഷ്ടകാലം പാർട്ടിയായി തിരിഞ്ഞപ്പോൾ ജനശക്തിയുടെ കണക്കാണ് മാസ്റ്റർക്കെതിരെ ഉപയോഗിച്ചത്. ആശയം മാസ്റ്ററുടേതാണെങ്കിലും കമ്പനിയായപ്പോൾ ഡയറക്ടർ മാത്രമാണ്. മാനേജറുണ്ട്. മാനേജിങ് ഡയറക്ടറുണ്ട്. എല്ലാരുമുണ്ട്. എങ്കിലും നടപടിക്ക് മുമ്പായി പാർട്ടി മാസ്റ്ററോടാണ് കണക്കുകളും മറ്റുരേഖകളും ആവശ്യപ്പെട്ടത്. മകൻ വേണുഗോപാൽ അതെല്ലാം ഓഫിസിൽനിന്നുവാങ്ങി പാർട്ടി എറണാകുളം ജില്ല സെക്രട്ടറിയെ ഏൽപിച്ചു. അത് വാങ്ങിവെച്ച സെക്രട്ടറി ജനശക്തി മാനേജറെ ഫോണിൽ വിളിച്ച് ചാത്തുണ്ണി മാസ്റ്റർക്കെതിരായി സ്റ്റേറ്റ്മെന്റ് എഴുതിക്കൊടുക്കാൻ ആവശ്യപ്പെട്ടു. എന്തിനാണ് എന്ന് ആരാഞ്ഞപ്പോൾ പത്രത്തിൽ കൊടുക്കാൻ എന്നായിരുന്നു മറുപടി. ‘‘ചാത്തുണ്ണി മാസ്റ്റർ ജനശക്തിക്കുവേണ്ടി എന്തുചെയ്തു എന്നു വേണമെങ്കിൽ എഴുതിത്തരാം. മാഷെക്കുറിച്ച് മോശമായി എഴുതാൻ പറ്റില്ല’’– എന്ന് ആ മാനേജർ മറുപടി പറഞ്ഞപ്പോൾ ജില്ല സെക്രട്ടറി ഫോൺവെക്കുകയായിരുന്നു.
പുറത്താക്കിയതിന്റെ തിരക്കഥ വളരെ നീണ്ടതാണ്. അറിയണമെന്നുള്ളവർക്ക് മാനേജിങ് ഡയറക്ടർ ആയിരുന്ന ജയപാലമേനോന്റെ ആത്മകഥ ‘ഒളിമങ്ങാത്ത ഓർമകളും’ ശിഖാ മോഹൻദാസ് എഴുതിയ ’ജനശക്തി ഫിലിംസ് എവിടെ’ –എന്ന പുസ്തകവും വായിക്കാവുന്നതാണ്. മാസ്റ്റർക്കെതിരെ പാർട്ടി ആരോടെല്ലാം സ്റ്റേറ്റ്മെന്റുകൾ എഴുതിവാങ്ങിയിട്ടുണ്ടോ, അവരെയെല്ലാം പോയിക്കണ്ട് സംസാരിച്ചിട്ടുണ്ട് ശിഖാ മോഹൻദാസ്. ഏതാണ്ടെല്ലാവരും ചതിയുടെ കഥയാണ് പറയുന്നത്. കിസാൻസഭയുടെ 26,433 രൂപ 57 പൈസ പറ്റി എന്നാണ് മറ്റൊരാരോപണം. 23 ലക്ഷമായിരുന്ന അംഗസംഖ്യ മാസ്റ്റർ ജനറൽ സെക്രട്ടറിയായ കാലത്ത് 70 ലക്ഷമായി. ഫണ്ടും വലുതായി. 93,950 രൂപ അഞ്ചര ലക്ഷമായി. അതിൽനിന്ന് 26,433 രൂപ 57 പൈസ മാസ്റ്റർ വെട്ടിച്ചുവെന്നാണ് തിരക്കഥ. എന്നാൽ, സംഭവകഥ വേറെയാണ്. ഒരു ഉന്നത നേതാവ് 50,000 രൂപ ചോദിച്ചു. ‘‘ഫണ്ടുണ്ട്, പാർട്ടി ജനറൽ സെക്രട്ടറിയുടെ കത്തുമായി വരൂ, തരാം’’ എന്നായിരുന്നു മാസ്റ്ററുടെ മറുപടി! മാസ്റ്റർക്കെതിരെ ജനശക്തിയിലും കർഷക സംഘത്തിലും ഉണ്ടാക്കിയ തെളിവുകളെല്ലാം പിൽക്കാലത്ത് തകർന്നിട്ടുണ്ട്. പിന്നെന്തിന് പുറത്താക്കി? ഇരു കമ്യൂണിസ്റ്റു പാർട്ടികളും ലയിക്കണം എന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതു നിഷേധിക്കാൻ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. അതാണ് കാരണമെന്നും അതല്ലെന്നും വാദങ്ങളുണ്ട്. ഏതായാലും മാസ്റ്റർ പുറത്തായി. പിന്നെ എം.വി.രാഘവനെ പുറത്താക്കിയപ്പോൾ ഇം.എം.എസ് പറഞ്ഞു: ‘‘ചാത്തുണ്ണി മാഷ് പോയിട്ട് ഒരു പട്ടിയും കൂടെപോയിട്ടില്ല’’. അതുകേട്ടപ്പോൾ മാസ്റ്റർ പറഞ്ഞു: ‘‘പാർട്ടിയിൽ പട്ടികളെ വളർത്തുന്ന കാര്യം എനിക്കറിയില്ലായിരുന്നു’’.
വി. കുഞ്ഞികൃഷ്ണൻ
കാലംമാറി, കഥമാറി. സാമ്പത്തിക തിരിമറി നടത്തിയെന്ന് ആരോപിച്ചല്ല, നടത്തിയകാര്യം പാർട്ടിക്കകത്ത് ഉന്നയിച്ചവരെയാണ് ഇപ്പോൾ പുറത്താക്കുന്നത്. അതാണ് പയ്യന്നൂരിൽ കണ്ടത്. പാർട്ടിക്കുവേണ്ടി രക്തസാക്ഷിയായ ആളുടെ കുടുംബത്തെ സഹായിക്കാൻ പിരിച്ച ഫണ്ടിൽനിന്ന് 46 ലക്ഷത്തോളം രൂപ തിരിമറി നടത്തിയെന്നും പാർട്ടി ഓഫിസ് ഫണ്ടിൽ തിരിമറി നടത്തിയെന്നുമാണ് കുഞ്ഞികൃഷ്ണൻ പറയുന്നത്. ആരാണത് നടത്തിയതെന്നും പറയുന്നുണ്ട്. ഏരിയാ സെക്രട്ടറി ആയിരുന്നപ്പോൾ കണക്കുകൾ പരിശോധിച്ച് കണ്ടെത്തിയ കാര്യമാണ് ജില്ല കമ്മിറ്റിയിൽ ഉന്നയിച്ചത്. എന്നാൽ, പാർട്ടി പുറത്താക്കിയത് കുഞ്ഞികൃഷ്ണനെയാണ്. വെട്ടിപ്പുനടത്തിയ ആൾക്ക് സംരക്ഷണം. അത് ഉന്നയിച്ച ആൾക്കെതിരായാണ് പാർട്ടിയുടെ ആരോപണം. ‘‘കൃത്യമായ ലക്ഷ്യത്തോടെ ആരോപണം ഉന്നയിച്ചു എന്ന്’’. കണ്ണൂരിൽ കേട്ട അതേ വെട്ടിപ്പ് തിരുവനന്തപുരത്തും കേട്ടു. അവിടെ രക്തസാക്ഷി കുടുംബാംഗങ്ങളാണത് പറയുന്നത്. പാർട്ടി പിരിച്ച ഫണ്ട് പൊതുഫണ്ടല്ല എന്ന് പാർട്ടി പ്രഖ്യാപിച്ചതോടെ അത് അവരുടെ ആഭ്യന്തര കാര്യമായി അടഞ്ഞു. ഇനിയാർക്കും ഒന്നും ചെയ്യാനില്ല. ഏതായാലും കുഞ്ഞികൃഷ്ണൻ ഹൈകോടതിയോട് സംരക്ഷണം തേടിയിട്ടുണ്ട്. അത് വേണ്ടിവരും. കാലം മാറിയതാണ്. ചാത്തുണ്ണി മാസ്റ്റർ പറഞ്ഞതുപോലല്ല. ഇപ്പോൾ ആ പാർട്ടി വേട്ടപ്പട്ടികളെ വളർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.