എല്ലാടത്തെയും കോൺഗ്രസുകാർ ഗാന്ധിയന്മാരല്ലല്ലോ. പലേടത്തും പനമ്പിള്ളിമേനോനെപ്പോലെ നെഹ്റൂവിയന്മാരാണ്. അവരൊന്നും മദ്യം നിരോധിച്ചില്ല. നിരോധിച്ചാൽ ഖജനാവിൽ നയാപൈസ കാണില്ല. പക്ഷേ, തിരു-കൊച്ചിയിൽ വേറൊരു പ്രശ്നം. അയലത്തെ കുടിയന്മാരൊക്കെ അതിർത്തികടന്നുവന്നു. മദ്യം കടത്താനും തുടങ്ങി
1956 മാർച്ച് 23. തിരു-കൊച്ചി മുഖ്യമന്ത്രി പനമ്പിള്ളി ഗോവിന്ദമേനോന്റെ പത്രസമ്മേളനം. സ്ഥാനമൊഴിയുകയാണ്. (കോൺഗ്രസ് മുഖ്യമന്ത്രിമാർ മുക്കാലേമുണ്ടാണിയും വീണതിന്റെ കാരണംതന്നെയാണ് ഇതിനും. പാർട്ടിയിലെ പാര) രാജിക്കുമുമ്പായി ഭരണത്തലവനായ രാജപ്രമുഖനെ കണ്ടിരുന്നു. അക്കാര്യവും കോൺഗ്രസിലെ ഗ്രൂപ്പിസവുമൊക്കെ വിശദീകരിക്കുകയാണ്. വേദനജനകമാണത്. കുമ്പളത്ത് ശങ്കുപ്പിള്ളയും സംഘവും ആഞ്ഞുകുത്തി പുറത്തുചാടിക്കുകയാണ്. മുഖ്യമന്ത്രി അതൊക്കെയും കഥിച്ചുകൊണ്ടിരിക്കെ, ഒരു പത്രക്കാരൻ വികാരഭരിതനായി ചോദിച്ചു ’’അല്ലാ, അങ്ങ് രാജിവെച്ചൊഴിഞ്ഞാൽ മദ്യനിരോധനത്തിന്റെ ഗതിയെന്താകും?’’- മറുപടിയായി ഒരു കഥയാണ് പനമ്പിള്ളി പറഞ്ഞത്: ‘ധനാഢ്യനായ ഒരു നമ്പൂതിരി പെണ്ണുകാണാൻപോയി. വധു അതിസുന്ദരിയായിരുന്നു. അതൊന്നും നമ്പൂതിരി ശ്രദ്ധിച്ചില്ല. ഒറ്റക്കാര്യമേ മൂപ്പരുടെ കണ്ണിലുള്ളൂ.
അവളുടുത്ത മുണ്ടിന്റെ കരയിലെ കസവ്. അതിൽ ഭ്രമിച്ച വരൻ ചോദിച്ചത്, അത് എവിടെനിന്നാണ് വാങ്ങിയത് എന്നും വാരയ്ക്ക് എന്താണ് വില എന്നും മാത്രമാണ്’’ കഥയ്ക്കു പിന്നാലെവന്ന കൂട്ടച്ചിരിയിലും മുഖ്യൻ പനമ്പിള്ളിയായിരുന്നു. ചോദിച്ച പത്രക്കാരന് അസാരം ഗാന്ധിസത്തിന്റെ ലഹരിയുണ്ടായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്. അന്നേ അതങ്ങനെയാണ്. ആദർശം തലയ്ക്കുപിടിച്ചവർക്ക് വികാരംകൊള്ളാനും മുഖ്യമന്ത്രിമാർക്ക് അറിഞ്ഞുചിരിക്കാനുമുള്ള വിഭവമാണ് മദ്യം. ഐക്യകേരളത്തിന്റെ മുമ്പ് അനൈക്യമായിരുന്നല്ലോ. മദ്യത്തിന്റെ കാര്യത്തിലും കേരളക്കര ഛിന്നഭിന്നമായിരുന്നു. ചെലേടത്ത് കിട്ടും ചേലേടത്ത് കിട്ടൂല. സ്വാതന്ത്ര്യംകിട്ടിയാൽ രാജ്യത്താകെ മദ്യം നിരോധിക്കണം എന്നൊരു ചിത്താന്തം കോൺഗ്രസിന്റെ ദേശീയനേതൃത്വത്തിന് ഉണ്ടായിരുന്നതുകൊണ്ട് മദ്രാസ് സംസ്ഥാനത്ത് മദ്യംനിരോധിച്ചിരുന്നു. രാജാജി എന്ന രാജഗോപാലാചാരി ആദ്യമായി മന്ത്രിസഭ നയിച്ച 1937ൽ തുടങ്ങിയതാണ്. സേലംജില്ലയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ നിരോധിച്ചത്. 1948ലെ ഗാന്ധിജയന്തിക്ക് സംസ്ഥാനത്ത് മുഴുവൻ നിരോധിച്ചു. അന്ന് രാജാജിയല്ല ഓമന്തൂർ രാമസ്വാമിയാണ് മുഖ്യമന്ത്രി. പിന്നാലെ പി.എസ്. കുമാരസ്വാമി വന്നു. 1952-54ലാണ് രാജാജി വീണ്ടും വരുന്നത്. മലബാർ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമാണല്ലോ. സർവത്ര കള്ളുണ്ടായിരുന്നെങ്കിലും തുള്ളി കുടിപ്പാനില്ല എന്നതായിരുന്നു അവസ്ഥ. മദ്യക്കച്ചവടമില്ലെങ്കിൽ സർക്കാറിന് വരുമാനമില്ലാ എന്നപ്രശ്നം അന്നുമുണ്ടായിരുന്നു.
രാജാജിയെപ്പോലെ ഗാന്ധിസത്തിന്റെ ലഹരിയുള്ളവർക്ക് ഭരിക്കാൻ കാശിന്റെ ആവശ്യമില്ലല്ലോ. അതില്ലെങ്കിൽ ഇല്ലാതെ ഭരിക്കും. ചെലവുചുരുക്കും. അത്രതന്നെ. തീരെക്കാശില്ലാതെ വന്നപ്പോൾ ൈപ്രമറിസ്കൂളുകൾ അടച്ചിടാനാണ് തീരുമാനിച്ചത്. 6,000 സ്കൂളുകൾ രാജാജി പൂട്ടി. കുട്ടികളെ അടുത്ത സ്കൂളിലയച്ച് ഷിഫ്റ്റാക്കി. മൂന്നുമണിക്കൂർ പഠനം. അതുകഴിഞ്ഞാൽ അച്ഛനമ്മമാരോടൊപ്പം പോയി അവരെടുക്കുന്ന തൊഴിൽ പരിശീലിക്കണം. ഗാന്ധിയൻമട്ടിൽ തൊഴിലധിഷ്ഠിതവിദ്യാഭ്യാസം എന്നാണ് രാജാജി കണ്ടത്. കുലത്തൊഴിൽ അഭ്യസിപ്പിക്കാനും വർണധർമാശ്രമം തിരിച്ചുകൊണ്ടുവരാനുമുള്ള പരിപാടിയാണെന്ന് ദലിത് സംഘടനകളും പ്രതിപക്ഷവും. എന്തിനേറെപ്പറയുന്നു, രാജാജിക്ക് രാജിവെക്കേണ്ടിവന്നു. പിന്നെ വന്നത് കാമരാജാണ് (1954-57). അതിലും വലിയ ഗാന്ധിയൻ. പൂട്ടിയസ്കൂളുകൾ മാത്രമല്ല 30,000 സ്കൂളുകൾ അധികം തുറന്നു. ഉച്ചക്കഞ്ഞിയും കൊടുത്തു. പക്ഷേ, മദ്യനിരോധനത്തിൽ തൊട്ടില്ല. മറ്റുവഴിക്ക് വകകണ്ടെത്തി. കുടിയന്മാർ മാത്രം വകകാണാനാവാതെ കുഴങ്ങി.
എല്ലാടത്തെയും കോൺഗ്രസുകാർ ഗാന്ധിയന്മാരല്ലല്ലോ. പലേടത്തും പനമ്പിള്ളിമേനോനെപ്പോലെ നെഹ്റൂവിയന്മാരാണ്. അവരൊന്നും മദ്യം നിരോധിച്ചില്ല. നിരോധിച്ചാൽ ഖജനാവിൽ നയാപൈസ കാണില്ല. പക്ഷേ, തിരു-കൊച്ചിയിൽ വേറൊരു പ്രശ്നം. അയലത്തെ കുടിയന്മാരൊക്കെ അതിർത്തികടന്നുവന്നു. മദ്യം കടത്താനും തുടങ്ങി. മദ്യമാഫിയ ഉണ്ടായത് അക്കാലത്താണ്. അങ്ങനെവന്നപ്പോൾ അതിർത്തിതാലൂക്കുകളിൽ മദ്യം നിരോധിക്കേണ്ടിവന്നു. കൊച്ചിയിൽ ചിറ്റൂർ, തലപ്പിള്ളി, കൊടുങ്ങല്ലൂർ താലൂക്കുകൾ വരണ്ടു. ഫോർട്ടുകൊച്ചി മദ്രാസിന്റെ ഭാഗമായതുകൊണ്ട് തറവാടുവക നിരോധനം. തിരുവിതാംകൂറിൽ നെയ്യാറ്റിൻകര, തിരുവനന്തപുരം, നെടുമങ്ങാട്, ചിറയിൻകീഴ്, പത്തനാപുരം, കൊട്ടാരക്കര താലൂക്കുകളിൽ പലഘട്ടങ്ങളിലായി നിരോധിച്ചു. 1955 ഏപ്രിൽ ഒന്നിനാണ് അവസാനത്തെ നിരോധനം വന്നത്. ഇത്രയും സ്ഥലം ഒഴിവാക്കി ബാക്കിയെല്ലായിടത്തും കൊടുക്കാം, കുടിക്കാം. മാഹിയിൽ അന്നും അർമാദമാണ്. അങ്ങനെയിരിക്കുമ്പോഴാണ് ഐക്യകേരളമുണ്ടാകുന്നത്. 1956 നവംബർ ഒന്നിന്. മലബാറും തിരു-കൊച്ചിയും ലയിച്ചു.
1957 ഏപ്രിൽ അഞ്ചിന് ആദ്യ കേരളസർക്കാർ വന്നു. കമ്യൂണിസ്റ്റ് പാർട്ടിയാണ് ഭരണത്തിൽ. മദ്യനിരോധനമെന്ന തത്ത്വം പാർട്ടിക്കില്ല. സംസ്ഥാനത്ത് പലയിടത്തും പലതാണ് മദ്യനയം. ഏകീകരിക്കാൻ എളുപ്പമല്ല. കൊച്ചിയിൽ മൊത്തത്തിൽ നിരോധിച്ചാൽ ചെത്തുതൊഴിലാളികൾ പട്ടിണിയാകും. അവിടെ പാർട്ടിയുടെ ചാലകശക്തി ചെത്തുതൊഴിലാളി യൂനിയനാണ്. ഉള്ളനിരോധനം പിൻവലിക്കണമെന്നാണ് അവരുടെ ആവശ്യം. ഒന്നിനും നേരംകിട്ടിയില്ല. വിമോചനസമരംവന്ന് 1959 ജൂലൈ 31ന് സർക്കാർ താഴെപ്പോയി. പിന്നാലെ കോൺഗ്രസ് - പി.എസ്.പി സഖ്യം മന്ത്രിസഭയുണ്ടാക്കി. ലീഗ് സഖ്യത്തിലുണ്ടെങ്കിലും മന്ത്രിസഭയിലില്ല. ആദ്യം പട്ടം താണുപിള്ള മുഖ്യമന്ത്രിയായി. ആർ. ശങ്കറാണ് ധനമന്ത്രി. പിന്നാലെ ശങ്കർ മുഖ്യമന്ത്രിയായി. മുഴുത്ത കോൺഗ്രസൊക്കെയാണ് പക്ഷേ, ഖജനാവിൽ കാശില്ലാതെ ഭരിക്കാനാവില്ലല്ലോ. ചെത്തുതൊഴിലാളി ക്ഷേമനിധിയുണ്ടാക്കാനും ഷാപ്പ് ലേലത്തിലൂടെ കുടിയുള്ളിടത്ത് കള്ള് എത്തിക്കാനുമാണ് ശങ്കർസർക്കാർ ശ്രമിച്ചത്. ഇല്ലാത്തിടത്ത് നിരോധനംതന്നെ.
1967ൽ സപ്തകക്ഷിമുന്നണി ഭരിച്ചപ്പോൾ കാര്യത്തിനൊരു തീരുമാനമുണ്ടായി. സി.പി.എമ്മും മുസ്‍ലിം ലീഗും സി.പി.ഐയും പോരാത്തതിന് പി.എസ്.പിയുമൊക്കെയാണല്ലോ മുന്നണി. തെരഞ്ഞെടുപ്പിനു മുന്നേതന്നെ പൊതുനയരേഖ ഇറക്കിയിരുന്നു. മദ്യനിരോധനത്തിന്റെ കാര്യം രേഖയിലുണ്ട്. ലീഗും മുന്നണിയുടെ നേതൃത്വത്തിലുണ്ട്. ലീഗിന്റെ നേതൃത്വത്തിൽ ബാഫഖിത്തങ്ങളുമുണ്ട്. തെരഞ്ഞെടുപ്പിന്നിടയിൽ ലീഗിന് ബുദ്ധിമുട്ടുവേണ്ട എന്നുകരുതി തന്ത്രപരമായിട്ടാണ് രേഖ അച്ചടിച്ചത്. വിദേശമദ്യത്തിന്റെ ദൂഷ്യഫലങ്ങൾ തടയാൻ നടപടിയുണ്ടാകും എന്നാണതിൽ പറഞ്ഞിരുന്നത്. ഭരണത്തിൽ വന്നപ്പോൾ പി.എസ്.പിയുടെ പി.കെ. കുഞ്ഞാണ് ധനമന്ത്രി. രാഷ്ട്രീയജാതകം നോക്കിയാൽ മുജ്ജന്മത്തിൽ കുഞ്ഞുസാഹിബും ലീഗാണ്.
സോഷ്യലിസ്റ്റാകേണ്ടിവന്നതാണ്. അക്കാലം എക്സൈസ് പ്രത്യേക വകുപ്പല്ല. ധനവകുപ്പിന്റെ കീഴിലെ ഒരു വരുമാനേസ്രാതസ്സാണ്. കുഞ്ഞുസാഹിബ് അതങ്ങ് വെടിപ്പായി ഉപയോഗിച്ചു. ഭാഗികമായ മദ്യനിരോധനം കൊണ്ടുണ്ടായിരുന്ന ദൂഷ്യഫലങ്ങൾ ഒഴിവാക്കി. സംസ്ഥാനത്തെങ്ങും ഒറ്റനയം. 1967 മാർച്ച് ആറിനാണ് സർക്കാർ വന്നത്. ഏപ്രിൽ 26ന് മദ്യനിരോധനം പിൻവലിച്ചു. ഒറ്റമാസംകൊണ്ട് ലെവലാക്കി. 1957ൽ വന്ന ഐക്യകേരളം 1967ൽ മദ്യകേരളമായി. എല്ലായിടത്തും മദ്യം. എവിടെയുമില്ല ക്ഷാമം, സർക്കാറിനുമില്ല. മദ്യവും ലോട്ടറിയും സാർവത്രികമാക്കിയതിലൂടെ പി.കെ. കുഞ്ഞുസാഹിബ് ഖജനാവിനെ രക്ഷിച്ചുവെന്ന് രേഖയുണ്ട്. ‘മദ്യപിക്കുന്നത് തത്ത്വത്തിൽ ഒരു തെറ്റായി കാണാനാവില്ല’ എന്നു വിശ്വസിച്ച ഇ.എം.എസും തെറ്റാണെന്ന് വിശ്വസിച്ച സി.എച്ചും ഇടത്തുംവലത്തും ഇരിക്കുമ്പോഴാണ് പി.കെ. കുഞ്ഞുസാഹിബ് മദ്യനയം ലാഭകരമാക്കിയെടുത്തത്. സംസ്ഥാനത്ത് എല്ലായിടത്തും മദ്യം എത്തിച്ച 1967-68 ൽ അബ്കാരി വരുമാനത്തിൽ 2.50 കോടിരൂപയുടെ വർധനയുണ്ടായി.
ശേഷമിങ്ങോട്ട് മദ്യമാണ് കേരളസർക്കാറിന്റെ ഏറ്റവും പ്രധാനപ്പെട്ട വരുമാനമാർഗം. കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും മുഖ്യമന്ത്രിമാരായപ്പോൾ ലീഗ് മന്ത്രിസഭയിൽ ഇരുന്നിട്ടുണ്ട്. ലീഗുകാരനും മുഖ്യമന്ത്രിയായി. ഒരുഘട്ടത്തിലും മദ്യംനിരോധിച്ചിട്ടില്ല. സമാധാനപരമായ സഹവർത്തിത്വമാണ് ലീഗ് നയം. ആരെങ്കിലും കുടിക്കുന്നത് നമ്മളെന്തിന് ഇഷ്യൂവാക്കണം? 1984ൽ വിദേശമദ്യവിൽപ്പന സർക്കാർ ഏറ്റെടുത്തു. 2002ൽ വിതരണം മുഴുവൻ ബെവ്കോ വഴിയാക്കി. 100 രൂപക്ക് മദ്യം വിറ്റാൽ 85രൂപയോളം ഖജനാവിലെത്തും. കോൺഗ്രസുകാർ മദ്യത്തിന്റെ വീര്യംകുറക്കാനും കമ്യൂണിസ്റ്റുകാർ ലഭ്യത ഉറപ്പാക്കാനും മത്സരിക്കുമെന്നല്ലാതെ പരിധിവിട്ട് ആരും മദ്യനയത്തിൽ കൈവെച്ചിട്ടില്ല. കൈവെച്ച രണ്ടാൾക്ക് പൊള്ളിയിട്ടുണ്ട്. ആദർശത്തിന്റെ അപ്പോസ്തലനായ എ.കെ. ആൻറണി 1991ൽ അട്ടപ്പാടിയിൽ മദ്യം നിരോധിച്ചു. സംസ്ഥാനം മുഴുവൻ ചാരായവും നിരോധിച്ചു. തുടർഭരണത്തിനുള്ള പെഗ്ഗായിരുന്നു അത്. ഭർത്താക്കന്മാരുടെ ചാരായം മുട്ടിച്ചാൽ ഭാര്യമാർ വോട്ടുകൊടുക്കുമെന്ന് ആൻറണി കരുതി. അതുനടന്നില്ല. അടുത്ത തെരഞ്ഞെടുപ്പിൽ തോറ്റു. പിന്നെ നയത്തിൽ തൊട്ടത് ഉമ്മൻ ചാണ്ടിയാണ്. 2014ൽ. 418 ബാറുകൾ പൂട്ടിച്ചു.
പത്തുവർഷത്തിനകം ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുമെന്നും പ്രഖ്യാപിച്ചു. പിന്നെ പത്തുവർഷത്തേക്ക് ഭരണം കിട്ടിയില്ല! സത്യത്തിൽ 2014ൽ ഉമ്മൻ ചാണ്ടി ബാറുപൂട്ടിയത് വി.എം. സുധീരന്റെ ആദർശാസക്തി സഹിക്കാൻ കഴിയാഞ്ഞിട്ടാണ്. 2016ൽ അധികാരത്തിൽനിന്ന് പോയിട്ട് കോൺഗ്രസ് ഇപ്പോഴാണ് തിരിച്ചുവന്നത്. പനമ്പിള്ളിയുടെ ഫോട്ടോസ്റ്റാറ്റായ വി.ഡി. സതീശനാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും. ചെയ്യേണ്ടത് പണ്ടത്തെപോലെ എക്സൈസുവകുപ്പുകൂടി ധനവകുപ്പിന്റെ കീഴിലാക്കുക എന്നതാണ്. അതു ചെയ്തില്ല എന്നതൊഴിച്ചാൽ മദ്യത്തിനോ നയത്തിനോ ഒരു ദോഷവും വരുത്തിയിട്ടില്ല. വീര്യംകുറക്കാൻ പരമാവധി നോക്കുന്നുണ്ട്. ചരിത്രം വായിച്ചിട്ടുള്ള ആൾ എന്നനിലയിൽ വി.ഡി.എസിനറിയാം മദ്യകേരളത്തിൽ അതേനടക്കൂ എന്ന്. നടക്കുന്നതേ അദ്ദേഹം പറയൂ. പറയുന്നത് നടത്തും. അക്കാര്യത്തിൽ ഗാന്ധിയനാണ്!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.