നിങ്ങളുടെ കുട്ടിക്ക് സ്മാർട്ട്‌ഫോൺ നൽകണോ? ഈ പ്രായം വരെ കാത്തിരിക്കൂ...

സ്മാർട്ഫോണുകൾ ഉപയോഗിക്കാത്ത കുട്ടികളുടെ എണ്ണം വളരെ കുറവായിരിക്കും ഇക്കാലത്ത്. എന്നാൽ നിരന്തരം സ്മാർട്ഫോൺ ഉപയോഗിക്കുന്ന കുട്ടികൾക്ക് ഒരുപാട് പ്രശ്നങ്ങൾ വരാമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഡോക്ടർമാർ. പീഡിയാട്രിക്സിൽ പ്രസിദ്ധീകരിച്ച ഗവേഷണം അനുസരിച്ച് 12 വയസിന് മുമ്പ് ആദ്യമായി മൊബൈൽ ഫോൺ ഉപയോഗിക്കാൻ തുടങ്ങുന്ന കുട്ടികൾക്ക് പൊണ്ണത്തടി, വിഷാദം, ഉറക്ക പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്നാണ്. ഫോണുകൾ നേരിട്ട് ഈ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഗവേഷണം തെളിയിക്കുന്നില്ല. പഠനത്തിന്റെ ഭാഗമായി നടത്തിയ ഗവേഷണത്തിൽ 12 വയസിനു മുമ്പ് സ്മാർട്ട്‌ഫോൺ ലഭിച്ച കുട്ടികളിൽ ഫോൺ ഉപയോഗിക്കാത്ത സഹപാഠികളേക്കാൾ 30ശതമാനം കൂടുതൽ വിഷാദരോഗവും 40ശതമാനം കൂടുതൽ അമിതവണ്ണവും 60ശതമാനത്തിൽ കൂടുതൽ ഉറക്കക്കുറവും അനുഭവപ്പെടുന്നതായി കണ്ടെത്തി. ജനിച്ച് കുറച്ചുകഴിഞ്ഞയുടൻ തന്നെ സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കാൻ തുടങ്ങിയ കുട്ടികളിൽ വിഷാദം, പൊണ്ണത്തടി, ഉറക്ക പ്രശ്നങ്ങൾ എന്നിവക്കുള്ള സാധ്യത കൂടുതലാണെന്ന് പഠനം വെളിപ്പെടുത്തി.

12 വയസിന് മുമ്പ് സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കാൻ തുടങ്ങുന്ന കുട്ടികളിൽ ആരോഗ്യപരമായ അപകടസാധ്യതകൾ വർധിക്കുന്നതായാണ് പഠനം കാണിക്കുന്നത്. ഇത് ഓരോ വർഷവും 10ശതമാനം വർധിക്കുന്നു.

എന്തുകൊണ്ട് 12 വയസിന്റെ പരിധി?

കുട്ടികൾ ബാല്യത്തിൽ നിന്ന് കൗമാരത്തിലേക്ക് മാറുമ്പോൾ സംഭവിക്കുന്ന ദ്രുതഗതിയിലുള്ള തലച്ചോറിലെ മാറ്റങ്ങളും ഹോർമോൺ വ്യതിയാനങ്ങളും ഈ വികാസ ഘട്ടത്തിൽ ഉൾപ്പെടുന്നു എന്നതിനാലാണ് ഗവേഷണം 12 വയസിനെ നിർണായക പരിധിയായി നിർണയിച്ചത്. 12 വയസുള്ള ഒരു കുട്ടിയുടെ തലച്ചോറിൽ സോഷ്യൽ മീഡിയ ഫീഡ്‌ബാക്ക്, സഹപ്രവർത്തകരുടെ അംഗീകാരം, ഓൺലൈൻ അറിയിപ്പുകൾ എന്നിവയോട് വർധിച്ച സംവേദനക്ഷമത വികസിക്കുന്നു. ഇത് അവരുടെ വൈകാരിക പ്രതികരണങ്ങളെ കൂടുതൽ തീവ്രമാക്കുന്നു.

12 വയസിന് താഴെയുള്ള കുട്ടികൾക്ക് സ്മാർട്ട്‌ഫോണുകൾ നൽകുന്നത് അവരുടെ ഉറക്ക രീതി, ശാരീരിക പ്രവർത്തനങ്ങൾ, മുഖാമുഖമായുള്ള ആശയവിനിമയം എന്നിവയുടെ സ്വാഭാവിക വികാസത്തെ തടസ്സപ്പെടുത്തുന്നുവെന്നും പഠനം സൂചിപ്പിക്കുന്നു. ഫിലാഡൽഫിയയിലെ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ചൈൽഡ് സൈക്യാട്രിസ്റ്റായി പ്രവർത്തിക്കുന്ന വ്യക്തിയാണ് പഠനത്തിന് നേതൃത്വം നൽകിയത്.

ചെറുപ്രായത്തിൽ തന്നെ സ്മാർട്ട്‌ഫോണുകൾ ലഭിക്കുന്ന കുട്ടികൾക്ക് അമിതവണ്ണത്തിനുള്ള സാധ്യത കൂടുതലാണെന്ന് പഠനം തെളിയിക്കുന്നു. കാരണം, അവർ കൂടുതൽ സമയം ഇരുന്ന് തന്നെ ഗെയിമിംഗ്, വിഡിയോ കാണൽ, സോഷ്യൽ മീഡിയ സ്ക്രോളിങ് എന്നിവക്കായി ഉപകരണങ്ങൾ ഉപയോഗിക്കുന്നതാണ്. ദീർഘനേരം സ്‌ക്രീനുകൾ കാണുന്ന കുട്ടികൾ കൂടുതൽ ലഘുഭക്ഷണങ്ങളും പഞ്ചസാര പാനീയങ്ങളും കഴിക്കുന്ന ശീലം വളർത്തിയെടുക്കുന്നു. ഇത് ശരീരഭാരം വർധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു. ചിന്തിക്കാതെ ഭക്ഷണം കഴിക്കുന്ന പ്രവണതയാണ് ഇതിന് കാരണം.

12 വയസുള്ള സ്മാർട്ട്‌ഫോൺ ഉപയോക്താക്കളിൽ 18 ശതമാനം എന്ന നിരക്കിൽ പൊണ്ണത്തടി ഉണ്ടാകുന്നതായി പഠനം കാണിക്കുന്നു. അതുപോലെ 12 വയസിന് മുമ്പ് സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കാൻ തുടങ്ങുന്ന കുട്ടികളിൽ വിഷാദരോഗം ഉണ്ടാകാനും സാധ്യത കൂടുതലാണ്.

ഉറക്ക പ്രശ്നങ്ങൾ 12 വയസിൽ സ്മാർട്ട്‌ഫോണുകൾ കൈവശം വച്ചിരിക്കുന്ന കുട്ടികൾക്ക് സ്മാർട്ട്‌ഫോൺ ഉപയോഗിക്കാത്ത സഹപാഠികളേക്കാൾ കൂടുതൽ ഉറക്ക പ്രശ്‌നങ്ങൾ അനുഭവപ്പെടുന്നുണ്ടെന്ന് പഠനം വെളിപ്പെടുത്തി. നീല വെളിച്ചത്തിനൊപ്പം ഉറങ്ങുന്നതിന് മുമ്പുള്ള സ്‌ക്രീൻ സമയം മെലറ്റോണിൻ ഉൽപാദനത്തെ തടസപ്പെടുത്തുകയും ഉറക്കത്തിന്റെ ഗുണനിലവാരം മോശമാക്കുകയും ചെയ്യുന്നു. രാത്രി വൈകിയുള്ള ഫോൺ ഉപയോഗം, അനന്തമായ വിഡിയോ കാണൽ എന്നിവ ഉറക്കസമയം വൈകുന്നതിന് കാരണമാകുന്നു.

12 നും 13 നും ഇടയിൽ പ്രായമുള്ള ഫോണുകൾ ഉപയോഗിക്കാൻ തുടങ്ങിയ കുട്ടികളിൽ, ഫോൺ ലഭിക്കാത്ത കുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉറക്കത്തിന്റെ ഗുണനിലവാരം കുറയുകയും മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്തതായി ഗവേഷണം സൂചിപ്പിക്കുന്നു.

അതിനാൽ കുട്ടികൾക്ക് ഫോൺ കൊടുക്കാൻ കുട്ടികൾക്ക് 12 വയസോ അതിൽ കൂടുതലോ ആകുന്നതുവരെ മാതാപിതാക്കൾ കാത്തിരിക്കണം. അതിനുശേഷം മാത്രമേ അവർക്ക് ആദ്യത്തെ സ്മാർട്ട്‌ഫോൺ നൽകാവൂ. കിടപ്പുമുറികളിൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിക്കുന്നതിനും കുട്ടികൾ ഉറങ്ങുന്നതിന് മുമ്പ് സ്‌ക്രീനുകളിൽ നിന്ന് അകന്നു നിൽക്കുന്നതിനും മാതാപിതാക്കൾ ഉറക്കസമയ നിയമങ്ങൾ ഉണ്ടാക്കിയെടുക്കുകയും വേണം. കുട്ടികൾക്കൊപ്പം മാതാപിതാക്കളും സ്ക്രീൻ സമയദൈർഘ്യം പരിമിതപ്പെടുത്താൻ ശ്രദ്ധചെലുത്തണം.

Tags:    
News Summary - Giving a smartphone to your child? Wait till this age

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.