ഭരണനിർവഹണത്തിൽ പങ്കാളിയാകാനും ബ്യൂറോക്രസിയുടെ കൊടുമുടി കയറാനും താൽപര്യമുള്ള ബിരുദധാരികൾക്ക് സിവിൽ സർവിസസ് പരീക്ഷയെഴുതാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.upsc.gov.inൽ ലഭ്യമാണ്.
പ്രിലിമിനറി പരീക്ഷ ദേശീയതലത്തിൽ മേയ് 24ന് നടത്തും. ഇതിൽ കട്ട്ഓഫ് മാർക്ക് നേടുന്നവർക്ക് മെയിൻ പരീക്ഷയെഴുതാം. ഇതിൽ യോഗ്യത നേടുന്നവരെ ഇന്റർവ്യൂ/പേഴ്സനാലിറ്റി ടെസ്റ്റിന് ക്ഷണിക്കും. മെയിൻ പരീക്ഷയിലും ഇന്റർവ്യൂവിലും മികവ് കാട്ടുന്നവരുടെ മെറിറ്റ് ലിസ്റ്റ് തയാറാക്കി ഇന്ത്യൻ അഡ്മിനിസ്ട്രേറ്റിവ് സർവിസ് (ഐ.എ.എസ്), ഇന്ത്യൻ ഫോറിൻ സർവിസ് (ഐ.എഫ്.എസ്), ഇന്ത്യൻ പൊലീസ് സർവിസ് (ഐ.പി.എസ്), ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവിസ് (ഐ.എ.എസ്) അടക്കം 23 സഡ്വിസുകളിൽ ഒാഫിസറായി നിയമിക്കും. ഏകദേശം 933 ഒഴിവുകളുണ്ട്. ഭിന്നശേഷിക്കാർക്ക് 33 ഒഴിവുകളിൽ നിയമനം ലഭിക്കും.
കേരളത്തിൽ പ്രിലിമിനറി പരീക്ഷക്ക് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലും മെയിൻ പരീക്ഷക്ക് തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്.
● യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം. യോഗ്യതാ പരീക്ഷയെഴുതാൻ പോകുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാം. ഇന്റർവ്യൂവിനുമുമ്പ് യോഗ്യത നേടിയിരിക്കണം. എം.ബി.ബി.എസ്/ബി.ഡി.എസ്/ബി.വി.എസ്.സി & എ.എച്ച്/ബി.ഇ/ബി.ടെക് മുതലായ പ്രഫഷനൽ ബിരുദക്കാരെയും പരിഗണിക്കും. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. പ്രായപരിധി 21-32. നിയമാനുസൃത വയസ്സിളവുണ്ട്.
ഒരാൾക്ക് പരമാവധി ആറ് പ്രാവശ്യം സിവിൽ സർവിസസ് പരീക്ഷയെഴുതാം. ഒ.ബി.സി/ഭിന്നശേഷി വിഭാഗക്കാർക്ക് ഒമ്പത് അവസരങ്ങൾ ലഭിക്കും. പട്ടിക വിഭാഗത്തിന് പരിധിയില്ല. അപേക്ഷാഫീസ്: പ്രിലിമിനറിക്ക് 100 രൂപ. വനിതകൾ/എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസില്ല.
പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്നവർ മെയിൻ പരീക്ഷക്ക് 200 രൂപ ഫീസ് അടക്കേണ്ടതാണ്.
അപേക്ഷ: https://upsconline.nic.inൽ ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം. ഫെബ്രുവരി 24, വൈകീട്ട് ആറുമണിവരെ അപേക്ഷ സ്വീകരിക്കും. ഇതിനുള്ള മാർഗനിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്. ആദ്യമാദ്യം അപേക്ഷിക്കുന്നവർക്ക് സൗകര്യപ്രദമായ പരീക്ഷാകേന്ദ്രങ്ങൾ ലഭിക്കും.
● പരീക്ഷ: സിവിൽ സർവിസസ് പ്രിലിമിനറി, മെയിൻ പരീക്ഷക്കുള്ള സ്ക്രീനിങ് ടെസ്റ്റാണ്. എഴുത്തുപരീക്ഷ, ഇന്റർവ്യൂ/പേഴ്സനാലിറ്റി ടെസ്റ്റ് അടങ്ങിയതാണ് മെയിൻ പരീക്ഷ.
ഒബ്ജക്ടിവ് മാതൃകയിലുള്ള പ്രിലിമിനറി പരീക്ഷയിൽ രണ്ട് നിർബന്ധ പേപ്പറുകളുണ്ടാകും. ഓരോ പേപ്പറിനും 200 മാർക്ക്. മൾട്ടിപ്പ്ൾ ചോയ്സ് രീതിയിലാണ് ചോദ്യങ്ങൾ. രണ്ട് മണിക്കൂർ വീതം സമയം അനുവദിക്കും. പേപ്പർ രണ്ട് ജനറൽ സ്റ്റഡീസിന് (യോഗ്യത പേപ്പർ) 33 ശതമാനം മാർക്കിൽ കുറയാതെ നേടിയാലാണ് മെയിൻ പരീക്ഷയിലേക്ക് കടക്കാനാവുക. ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് ചോദ്യ പേപ്പറുകൾ. ഉത്തരം തെറ്റിയാൽ നെഗറ്റിവ് മാർക്ക്. ലഭ്യമായ ഒഴിവുകളുടെ 12-13 മടങ്ങ് പേരെയാണ് മെയിൻ പരീക്ഷക്ക് പരിഗണിക്കുക.
മെയിൻ എഴുത്തു പരീക്ഷയിൽ ഏഴ് പേപ്പറുകൾ. മലയാളം, ഹിന്ദി, കന്നട, തമിഴ്, ഉർദു അടക്കം 22 ഭാഷാ വിഷയങ്ങളിൽനിന്നും ഒരെണ്ണവും അഗ്രികൾചർ ആനിമൽ ഹസ്ബൻഡറി ആൻഡ് വെറ്ററിനറി, ആന്ത്രോപ്പോളജി, ബോട്ടണി, കെമിസ്ട്രി, സിവിൽ എൻജിനീയറിങ്, കോമേഴ്സ് ആൻഡ് അക്കൗണ്ടൻസി, ഇക്കണോമിക്സ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, ജ്യോഗ്രഫി, ജിയോളജി, ഹിസ്റ്ററി, ലോ, മാനേജ്മെന്റ്, മാത്തമാറ്റിക്സ്, മെക്കാനിക്കൽ എൻജിനീയറിങ്, മെഡിക്കൽ സയൻസ്, ഫിലോസഫി, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ് ആൻഡ് ഇന്റർ നാഷനൽ റിലേഷൻസ്, സൈക്കോളജി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി എന്നീ ഓപ്ഷനൽ വിഷയങ്ങളിൽനിന്നും താൽപര്യമുള്ള ഒരെണ്ണവും മെയിൻ പരീക്ഷക്കായി തിരഞ്ഞെടുക്കാം. ബിരുദമെടുത്ത വിഷയംതന്നെ ഓപ്ഷനൽ വിഷയമാവണമെന്നില്ല.
● പേപ്പർ എ തിരഞ്ഞെടുത്ത ഭാഷാ വിഷയവും പേപ്പർ ബി ഇംഗ്ലീഷും (300 മാർക്ക് വീതം) ക്വാളിഫൈയിങ് പേപ്പറുകളാണ്. ഇനി പറയുന്ന പേപ്പറുകളാണ് മെറിറ്റിന് പരിഗണിക്കപ്പെടുന്നത്.
● പേപ്പർ 1 ഉപന്യാസം (250 മാർക്ക്),
● പേപ്പർ 2 ജനറൽ സ്റ്റഡീസ് 1 (ഇന്ത്യൻ ഹെറിറ്റേജ് ആൻഡ് കൾചർ, ഹിസ്റ്ററി, ജ്യോഗ്രഫി- വേൾഡ് ആൻഡ് സൊസൈറ്റി (250 മാർക്ക്),
● പേപ്പർ-3 ജനറൽ സ്റ്റഡീസ് -2 (ഗവേണൻസ്, കോൺസ്റ്റിറ്റ്യൂഷൻ, പോളിറ്റി, സോഷ്യൽ ജസ്റ്റിസ് ആൻഡ് ഇന്റർനാഷനൽ റിലേഷൻസ്) (250 മാർക്ക്),
● പേപ്പർ-4 ജനറൽ സ്റ്റീഡീസ് 3 (ടെക്നോളജി, ഇക്കണോമിക് ഡവലപ്മെന്റ്, ബയോ ഡൈവേഴ്സിറ്റി), എൻവയോൺമെന്റ്, സെക്യൂരിറ്റി ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (250 മാർക്ക്),
● പേപ്പർ-5 ജനറൽ സ്റ്റഡീസ് 4 (എത്തിക്സ്, ഇന്റഗ്രിറ്റി ആൻഡ് ആപ്റ്റിട്യൂഡ്) 250 മാർക്ക്
● പേപ്പർ-6 ഓപ്ഷനൽ വിഷയം പേപ്പർ-1 (250 മാർക്ക്),
● പേപ്പർ-7 ഓപ്ഷനൽ വിഷയം പേപ്പർ-2 (250 മാർക്ക്).
എഴുത്തുപരീക്ഷക്ക് മൊത്തം മാർക്ക് 1750. പേഴ്സനാലിറ്റി ടെസ്റ്റിങ് (ഇന്റർവ്യൂ). 275 മാർക്ക്. സിവിൽ സർവിസ് മെയിൻ പരീക്ഷയും ഇൻറർവ്യൂവും ഉൾപ്പെടെ മൊത്തം മാർക്ക് 2025. ഓരോ പേപ്പറിനും മൂന്ന് മണിക്കൂർ വീതം ലഭിക്കും. പരീക്ഷാ ഘടനയും സിലബസും മൂല്യനിർണയ രീതിയുമെല്ലാം വിജ്ഞാപനത്തിലുണ്ട്. നല്ല തയാറെടുപ്പോടുകൂടി വേണം പരീക്ഷ അഭിമുഖീകരിക്കേണ്ടത്.
ഇൻറർവ്യൂ: പൊതുസേവനത്തിന് അനുയോജ്യമായ വ്യക്തിഗത സവിശേഷതകൾ, മാനസിക കഴിവുകൾ, സാമൂഹിക പ്രതിബദ്ധത, ആനുകാലിക സംഭവങ്ങളിലുള്ള താൽപര്യം, യുക്തിചിന്ത, പ്രതികരണശേഷി മുതലായവ വിലയിരുത്തുന്ന തരത്തിലാവും ഇന്റർവ്യൂ. മെയിൻ എഴുത്തു പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും മാർക്ക് പരിഗണിച്ചാണ് റാങ്കിങ്.
ഉയർന്ന റാങ്കും കേഡർ ഓപ്ഷനും പരിഗണിച്ചാണ് ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ്, ക്ലാസ് വൺ ഓഫിസേഴ്സ് അടക്കം വിവിധ സർവിസുകളിലേക്കുള്ള നിയമനം.
സിവിൽ സർവിസസ് പ്രിലിമിനറി പരീക്ഷ വഴിയാണ് ഐ.എഫ്.എസ് മെയിൻ പരീക്ഷക്കുള്ള സ്ക്രീനിങ്. യു.പി.എസ്.സിയുടെ 2026ലെ ഇന്ത്യൻ ഫോറസ്റ്റ് സങ്വിസ് മെയിൻ പരീക്ഷയിൽ പങ്കെടുക്കുന്നതിനും സിവിൽ സർവിസസ് പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടണം. 24ന് വൈകീട്ട് ആറുമണിവരെ അപേക്ഷിക്കാം. വിശദ വിജ്ഞാപനം https://upsc.gov.inൽ ലഭിക്കും.
അപേക്ഷാ ഫീസ് 100 രൂപ. വനിതകൾക്കും പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്കും ഫീസില്ല.
വിദ്യാഭ്യാസ യോഗ്യത: അനിമൽ ഹസ്ബൻഡറി ആൻഡ് വെറ്ററിനറി സയൻസ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി വിഷയത്തിൽ ബാച്ചിലേഴ്സ് ബിരുദം അല്ലെങ്കിൽ അഗ്രികൾച്ചർ, ഫോറസ്ട്രി, എൻജിനീയറിങ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. അവസാനവർഷ പരീക്ഷയെഴുതാൻ പോകുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി 21-32. നിയമാനുസൃത വയസ്സിളവുണ്ട്.
ജനറൽ വിഭാഗക്കാർക്ക് ഐ.എഫ്.എസ് പരീക്ഷ ആറുതവണയും ഒ.ബി.സി ,ഭിന്നശേഷി വിഭാഗക്കാർക്ക് ഒമ്പത് പ്രാവശ്യവും എഴുതാം. പട്ടിക വിഭാഗക്കാർക്ക് പരിധിയില്ല.
പരീക്ഷ: സിവിൽ സർവിസസ് പ്രിലിമിനറിയിൽ യോഗ്യത നേടുന്നവരെ എഴുത്തുപരീക്ഷയും ഇന്റർവ്യൂവും അടങ്ങിയ ഐ.എഫ്.എസ് മെയിൻ പരീക്ഷക്ക് ക്ഷണിക്കും. പരീക്ഷാ ഘടന, സിലബസ് അടക്കമുള്ള തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളും മറ്റും വിജ്ഞാപനത്തിലുണ്ട്.
ഐ.എഫ്.എസ് മെയിൻ പരീക്ഷയിൽ ഉയർന്ന റാങ്ക് നേടുന്നവർക്ക് ഇന്ത്യൻ ഫോറസ്റ്റ് സർവിസിൽ ഓഫിസർ പദവിയിൽ ഏകദേശം 80 ഒഴിവുകളിൽ നിയമനം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.