കൂടുതൽ കുട്ടികൾ ആർട്സ് വിഷയങ്ങൾ പഠിക്കാൻ താൽപര്യം കാണിക്കുന്നു; എന്നാൽ ഇന്ത്യയിൽ ജോലി സാധ്യത ശാസ്ത്രമേഖലയിൽ തന്നെ കറങ്ങിനിൽക്കുന്നു

മുൻകാലങ്ങളെ അപേക്ഷിച്ച് നമ്മുടെ ക്ലാസ്മുറികൾ വലിയ പരിഷ്‍കരണത്തിന് വിധേയമായിട്ടുണ്ട്. 10ാം ക്ലാസിനു ശേഷം വിദ്യാർഥികൾ ശാസ്ത്ര വിഷയങ്ങളേക്കാൾ ആർട്സ് വിഷയങ്ങൾ പഠിക്കാൻ താൽപര്യം കാണിക്കുന്നതാണ് അതിൽ ഒരു മാറ്റം. ഇതിന്റെ കണക്കുകൾ പരിശോധിക്കുമ്പോൾ, 2012നെ അപേക്ഷിച്ച് 2022ലെത്തുമ്പോഴേക്കും വലിയൊരു മാറ്റമാണ് വന്നിട്ടുള്ളത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് 2012ൽ 30.9 ലക്ഷം വിദ്യാർഥിക്ലാണ് ആർട്സ് വിഷയങ്ങൾ ഉപരിപഠനത്തിന് തെരഞ്ഞെടുത്തിരുന്നത്. 2022 ൽ 40 ലക്ഷമായി മാറി.

ഏറ്റവും മാർക്ക് കുറഞ്ഞ വിദ്യാർഥികൾ തെരഞ്ഞെടുക്കുന്നതായിരുന്നു മുമ്പ് ഹ്യുമാനിറ്റീസ്. മ​​​റ്റൊർഥത്തിൽ പറഞ്ഞാൽ സയൻസും കൊമേഴ്സും കിട്ടാതെ വന്നാൽ വിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന അവസാന ചോയ്സ്. എന്നാൽ ഏറ്റവും മിടുക്കരായ വിദ്യാർഥികൾ പോലും ഇപ്പോൾ ഏ​റെ താൽപര്യത്തോടെ മാനവിക വിഷയങ്ങൾ പഠിക്കാൻ താൽപര്യം കാണിക്കുന്നു. സൈക്കോളജിയും മീഡിയ പഠനവും ഡിസൈനുമൊക്കെയാണ് അതിൽ അവർക്ക് ഏറെ ഇഷ്ടമുള്ള മേഖലകൾ.

ഭാവിയിലെ സോഷ്യോളജിസ്റ്റുകളെയും എഴുത്തുകാരെയും പോളിസി അനലിസ്റ്റുകളെയും ​കൊണ്ട് ക്ലാസ്മുറികൾ സമ്പന്നമാകുമ്പോൾ അവർക്ക് ആവശ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല. അതായത്, കോച്ചിങ് സെന്ററുകളിൽ ജെ.ഇ.ഇ, നീറ്റ്, കാറ്റ്, ഗേറ്റ് എന്നിവക്കാണ് ഇപ്പോഴും മേൽക്കൈ. മക്കൾ ഇതിനൊക്കെ പോകണമെന്നാണ് ബഹുഭൂരിപക്ഷം രക്ഷിതാക്കളും ആഗ്രഹിക്കുന്നത്. ഈ സമ്മർദങ്ങളെ​യെല്ലാം മറികടന്നാണ് പാഷന്റെ പേരിൽ കുട്ടികൾ ആർട്സ് വിഷയങ്ങൾ പഠിക്കുന്നത്.

കോഴ്സ് കഴിഞ്ഞ് ജോലി കിട്ടുന്നില്ലെങ്കിൽ പിന്നെന്തുധൈര്യത്തിലാണ് നമ്മുടെ കുട്ടികൾ മാനവിക വിഷയങ്ങൾ തെരഞ്ഞെടുക്കുക എന്നതാണ് ഉയരുന്ന ചോദ്യം.

വെളുത്ത നിറത്തിലുള്ള കോട്ടണിഞ്ഞുള്ള ​കോഴ്സ് പഠിച്ചാലല്ലാതെ മറ്റൊന്നുകൊണ്ടും ഒരു കാര്യവുമില്ലെന്നാണ് വാട്സ് ആപ് യൂനിവേഴ്സിറ്റികളും സാമൂഹിക മാധ്യമങ്ങളും എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. ഈ രീതിയിലുള്ള പരമ്പരാഗതമല്ലാത്ത കരിയറുകളെ കുറിച്ച് ഇന്നത്തെ വിദ്യാർഥികൾക്ക് നല്ല അവബോധവുമുണ്ട്. ഇന്ന് സൈക്കോളജിസ്റ്റുകളും സിനിമ മേഖലയിലുള്ളവരും കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റുകളും നല്ല വരുമാനം നേടുന്നുമുണ്ടെന്ന് ഡൽഹിയിൽ കരിയർ അഡ്വൈസറായി പ്രവർത്തിക്കുന്നയാൾ പറയുന്നു.

രക്ഷിതാക്കളും കുട്ടികൾക്കനുസരിച്ച് മാറിത്തുടങ്ങി. കോവിഡ് കാലത്ത് ഒരു ജോലിക്കും സ്ഥിരതയുണ്ടായിരുന്നില്ല. ആ സമയത്താണ് ശാസ്ത്ര വിഷയങ്ങൾക്ക് പകരം മറ്റുള്ളവ തെരഞ്ഞെടുക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്. ലിബറൽ ആർട്സ് വിഷയങ്ങൾ പഠിക്കുന്നവർക്ക് ഒരു പാട് സാധ്യതകളും ഉയർന്നു വന്നു. അന്ന് പഠിച്ചിറങ്ങിയവർ കൺസൾട്ടിങ്, ഗവേഷണം, പത്രപ്രവർത്തനം, പൊതുനയം എന്നീ മേഖലകളിൽ ചുവടുറപ്പിക്കുകയും ചെയ്തു.

മാനവിക വിഷയങ്ങളിൽ പ്ലസ്ടു കഴിഞ്ഞവർ എങ്ങോട്ടാണ് പോകുന്നത്

കൂടുതൽ പേരും തെരഞ്ഞെടുക്കുന്നത് സൈക്കോളജിയും നിയമ പഠനവും മാസ് കമ്മ്യൂണിക്കേഷനുമാണ്. ഡിസൈൻ, ഇന്റർനാഷനൽ റിലേഷൻസ്, ഇംഗ്ലീഷ് ലിറ്ററേച്ചർ എന്നിവ ബിരുദത്തിന് തെരഞ്ഞെടുക്കുന്നവരും ഒരുപാടുണ്ട്. ബിരുദം നേടിക്കഴിഞ്ഞാൽ യു.പി.എസ്.സി പരീക്ഷകൾക്ക് തയാറെടുപ്പ് തുടങ്ങുന്നു ഇവരിൽ ഒരു വിഭാഗം. ചിലർ ഡിജിറ്റൽ മേഖലയിൽ കണ്ടന്റ് ക്രിയേറ്റർമാരും ഇൻഫ്ലുവൻസറും ഒക്കെയായി പോകുന്നു.

കാര്യം ഇതൊക്കെയാണെങ്കിലും ഇന്ത്യയിലെ തൊഴിൽ ആവാസ വ്യവസ്ഥ ശാസ്ത്ര വിഷയങ്ങളോട് കൂടുതൽ ചായ്‍വു കാണിക്കുന്നതാണ്. ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾക്ക് പ്രതിവർഷം അപേക്ഷിക്കുന്നത് 30 ലക്ഷം വിദ്യാർഥികളാണ്. കാറ്റ് പോലുള്ള എൻട്രൻസ് പരീക്ഷകൾ എഴുതുന്നവരും ഒരുപാടുണ്ട്. എല്ലാ സ്ട്രീമിൽ പഠിച്ചവർക്കും കാറ്റ് എഴുതി എം.ബി.എക്ക് പോകാം എന്നൊരു ഗുണവുമുണ്ട്. അങ്ങ​നെ ആർട്സ് വിഷയങ്ങൾ പഠിച്ചവർക്കും കോർപറേറ്റ് മേഖലയിൽ ജോലി ചെയ്യാൻ അവസരമൊരുങ്ങുന്നു.

എൻജിനീയറിങ്, മെഡിസിൻ, മാനേജ്മെന്റ് ഈ മൂന്ന് മേഖലകൾക്കാണ് ഇടത്തരം കുടുംബങ്ങളിൽ ഇപ്പോഴും മേധാവിത്വം. കൂടുതൽ ​ജോലി സാധ്യത ഈ മേഖലയിൽ തന്നെയാണ്. ആർട്സ് വിദ്യാർഥികൾ പോലും എം.ബി.എയിലേക്ക് ആകർഷിക്കപ്പെടുന്നതും അതുകൊണ്ടാണ്. മാനവിക വിഷയങ്ങൾക്ക് മുമ്പത്തേതിനേക്കാൾ സ്വീകാര്യതയുണ്ട്. എന്നാൽ തൊഴിൽ സാധ്യതയും ശമ്പളവും ശാസ്ത്ര,കോർപറേറ്റ് മേഖലകളെ അപേക്ഷിച്ച് കുറവാണ്. 10 വർഷം മുമ്പ് കേട്ടുകേൾവി പോലുമില്ലാത്ത പൊതുനയം, സാമൂഹിക സംരംഭകത്വം, കാലാവസ്ഥ ആശയവിനിമയം, പെരുമാറ്റ രൂപകൽപന എന്നീ മേഖലകളിലേക്കാണ് അവർ കാലെടുത്തുവെക്കുന്നത്. ഇന്ത്യയിലെ ജെൻസിക്ക് ഒരുപക്ഷേ ഈ വെല്ലുവിളികൾ മറികടക്കാൻ സാധിക്കുമായിരിക്കും. തീർച്ചയായും അവർക്ക് ആർട്സ് സ്ട്രീം ഒരിക്കലും ബാക്കപ്പ് പ്ലാനായിരിക്കില്ല.

Tags:    
News Summary - More students pick arts, but India's jobs still belong to science

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.