ഒരിടത്തും അടങ്ങിയിരിക്കില്ല, ഒരു നിമിഷം പോലും ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കില്ല, മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കില്ല...കുട്ടികളെ കുറിച്ച് കേൾക്കുന്ന പരാതികളിൽ ഏറ്റവും പ്രധാനമായ കാര്യമാണിത്. ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ലെങ്കിൽ അത് തീർച്ചയായും കുട്ടികളുടെ പഠനത്തെ മോശമായി ബാധിക്കും. കുട്ടികളുടെ ഏകാഗ്രത മെച്ചപ്പെടുത്താൻ പല മാർഗങ്ങളുമുണ്ട്. സങ്കൽപിക്കാൻ പോലും കഴിയാത്ത വിജയങ്ങൾ ഒരുപക്ഷേ കുട്ടികൾക്ക് ഏകാഗ്രതയിലൂടെ നേടിയെടുക്കാൻ സാധിക്കും. കാരണം ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഏകാഗ്രതയുണ്ടെങ്കിൽ മാത്രമേ സാധിക്കുകയുള്ളൂ.
കുട്ടി പഠിക്കുന്നത് ശരിക്കും ആസ്വദിക്കുന്നുണ്ടെങ്കിൽ മാത്രമേ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുകയുള്ളൂ. അവരുടെ ശ്രദ്ധ തെറ്റിക്കുന്ന പല കാര്യങ്ങളുമുണ്ടാകും. ഓരോ കുട്ടിയും വ്യത്യസ്തരാണ്. അതിനാൽ അവർക്ക് വ്യത്യസ്ത തലത്തിലുള്ള ഏകാഗ്രതയും സ്വഭാവങ്ങളുമായിരിക്കും ഉണ്ടായിരിക്കുക.
കുട്ടികളുടെ ഏകാഗ്രത വർധിപ്പിക്കാനുള്ള ചില വഴികൾ ഇതാ...
കുട്ടികളുടെ ഏകാഗ്രത വർധിപ്പിക്കാൻ മാതാപിതാക്കൾ സ്ഥിരമായ ഒരു ദിനചര്യ ആസൂത്രണം ചെയ്യണം. ശരിയായ സമയത്ത് ഭക്ഷണം, പഠനം, ഉറക്കം എന്നിവയാണ് ആ ദിനചര്യയിൽ ഉൾപ്പെടുത്തേണ്ടത്.
കുട്ടികൾക്ക് പഠിക്കാനായി ശാന്തമായ ഒരു സ്ഥലം ആവശ്യമാണ്. അവർ പഠിക്കുന്ന ഇടങ്ങളിൽ മൊബൈലോ ടെലിവിഷനോ പോലുള്ള ശ്രദ്ധ തെറ്റിക്കുന്ന ഒന്നും ഉണ്ടാകാൻ പാടില്ല. വീട്ടിൽ ഏറ്റവും കൂടുതൽ വെളിച്ചമുള്ള സ്‍ഥലമായിരിക്കണം പഠനമുറിയായി തെരഞ്ഞെടുക്കേണ്ടത്. അങ്ങനെയുള്ള പോസിറ്റീവ് അന്തരീക്ഷത്തിൽ അവരുടെ ഏകാഗ്രത വർധിക്കും.
കുട്ടികൾക്ക് കുഞ്ഞുകുഞ്ഞു ജോലികൾ നൽകിക്കൊണ്ടിരിക്കുക. അത് ഫോക്കസ് ചെയ്യാൻ അവരെ പ്രേരിപ്പിക്കും. അങ്ങനെ അവരുടെ അസ്വസ്ഥതകൾ കുറയും. ചെറിയ ഒരു ജോലി ചെയ്തു കഴിഞ്ഞാൽ അടുത്തത് നൽകാം. ഈ തന്ത്രം പിന്തുടർന്നാൽ സങ്കീർണമായ ജോലികൾ പോലും അവർക്ക് ചെയ്യാൻ സാധിക്കുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും.
വലിയ ജോലികൾ പൂർത്തിയാക്കാൻ ഇടവേള ആവശ്യമാണ്. ഇടവേളയുണ്ടെങ്കിൽ മാത്രമേ ഏറ്റെടുത്ത ജോലിയിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുകയുള്ളൂ. ഈ ഇടവേളകളിൽ രസകരമായ ചെറിയ പഠന പ്രവർത്തനങ്ങൾ, ധ്യാനം അല്ലെങ്കിൽ ലഘുഭക്ഷണങ്ങൾ കഴിക്കാൻ നൽകാം. അത് കുട്ടികളിലെ ക്ഷീണം തടയാൻ സഹായിക്കും.
ശാരീരിക പ്രവർത്തനങ്ങൾ ഏകാഗ്രത വർധിപ്പിക്കാൻ സഹായിക്കും. അതുവഴി തലച്ചോറിലെ കോശങ്ങൾ പുനരുജ്ജീവിപ്പിക്കുകയും രക്തയോട്ടം വർധിക്കുകയും ചെയ്യും. ആറിനും 17നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ കണക്കെടുക്കുമ്പോൾ, അഞ്ചുകുട്ടികളിൽ ഒരാൾ മാത്രമേ ഇത്തരത്തിലുള്ള ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുള്ളൂ എന്നാണ്. കുട്ടികൾ ശരിക്കും 60 മിനിറ്റ് ശാരീരിക വ്യായാമം ചെയ്യണം. അതിൽ സ്പോർട്സ്, ഡാൻസ്, നീന്തൽ, സൈക്ലിങ്, ഓട്ടം അങ്ങനെ എന്തുമാകാം. അതുപോലെ ആയോധനകലകൾ അല്ലെങ്കിൽ യോഗ പോലുള്ള പ്രവർത്തനങ്ങൾ ഒരു വ്യക്തിയുടെ ഏകാഗ്രത വർധിപ്പിക്കാൻ സഹായിക്കുന്നു.
അമിതമായി കംപ്യൂട്ടറിലോ ഫോണിലോ ചെലവഴിക്കുന്ന കുട്ടികളിൽ ഏകാഗ്രത കുറയും. പരിമിതമായ സമയത്തേക്ക് മാത്രം അവർക്ക് മൊബൈലും കംപ്യൂട്ടറും നൽകാം. അവർ ഫോൺ ഉപയോഗിക്കുമ്പോൾ മാതാപിതാക്കളും ഒപ്പമുണ്ടാകണം. അവർക്ക് ഗുണകരമായ കാര്യങ്ങൾ കാണാൻ അവസരം നൽകണം.
ഉറക്കം തലച്ചോറിന്റെ ഏകാഗ്രതയുടെ അളവിനെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്. ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുമ്പ് കുട്ടികൾക്ക് കഥ പറഞ്ഞുകൊടുക്കുകയോ അല്ലെങ്കിൽ ചെറുചൂടുവെള്ളത്തിൽ കുളിപ്പിക്കുകയേ ചെയ്യുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും.
കുട്ടികൾക്കായുള്ള മൈൻഡ്ഫുൾനെസ് പ്രവർത്തനങ്ങൾ സ്വാഭാവികമായും കുട്ടികളുടെ ഏകാഗ്രത നിലയും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും വർധിപ്പിക്കും.ശാന്തമായ മനസിനായി ശാന്തമായ സംഗീതം കേൾക്കാൻ അവരെ പരിശീലിപ്പിക്കാം. അതുവഴി അവരുടെ സമ്മർദം കുറക്കാൻ സാധിക്കും.
കുട്ടി കഴിക്കുന്ന ഭക്ഷണം തലച്ചോറിന്റെ പ്രവർത്തനത്തിൽ വലിയ പങ്കു വഹിക്കുന്നു. നിങ്ങളുടെ കുട്ടിയുടെ ഭക്ഷണക്രമം ആരോഗ്യകരമായ പോഷകങ്ങളാൽ സമ്പന്നമാണെങ്കിൽ അവരുടെ തലച്ചോറിന്റെ പ്രവർത്തനവും മെച്ചപ്പെട്ടതായിരിക്കും. പ്രത്യേകിച്ച് എ.ഡി.എച്ച്.ഡി പോലുള്ള അവസ്ഥകൾ ഉള്ള കുട്ടികളിൽ ഇടവേളകളിൽ വെള്ളം കുടിക്കാൻ നൽകണം. നട്സ്, തൈര്, പാൽ, പഴങ്ങൾ, മുട്ട, ഇലക്കറികൾ എന്നിവ അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
ഏകാഗ്രതയിൽ അധിഷ്ഠിതമായ ഒരുപാട് ഗെയിമുകൾ ഇപ്പോഴുണ്ട്. സുഡോകു, സൈമൺ സെയ്സ്, ചെസ് പോലുള്ള ഗെയിമുകൾ കളിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക. ഏകാഗ്രത വളർത്തുന്ന ഗെയിമുകളാണിവ.
കുട്ടികൾക്ക് പൊതുവെ വലിയ ഉത്സാഹമാണെന്നും അവർ കൂടുതൽ നേരം നിശബ്ദമായി ഇരിക്കില്ല. അതിനാൽ ഒരു ടാസ്‌ക് പൂർത്തിയാക്കാൻ അവർക്ക് സമയപരിധി നിശ്ചയിക്കുക. ആ സമയത്തിനുള്ളിൽ അവർക്ക് കഴിയുന്നത് പോലെ ടാസ്ക് പൂർത്തിയാക്കാൻ അനുവദിക്കുക.
കുട്ടികളുടെ ഏകാഗ്രതയിൽ പുരോഗതി കാണാൻ ക്ഷമയോടെ കാത്തിരിക്കണം. അവർ നല്ല കാര്യങ്ങൾ ചെയ്താൽ ചെറുതായാൽ പോലും അഭിനന്ദിക്കുക. മോശം കാര്യങ്ങളാണെങ്കിൽ പറഞ്ഞുതിരുത്തുക.
ഏറ്റവും മികച്ച ഏകാഗ്രതയുള്ളവരാണ് ഏറ്റവും നല്ല നിരീക്ഷണ കഴിവുകൾ പ്രകടിപ്പിക്കുന്നത്. അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കുട്ടികളോട് പറയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.