സ്ത്രീകൾ മുഖ്യധാരകളിൽ അത്ര സജീവമല്ലാത്ത കാലത്ത്, ഭാവിയിലേക്കുള്ള പാലങ്ങൾ പണിയുന്ന തിരക്കിലായിരുന്നു അവർ. 50കളിലായിരുന്നു അത്. ഇന്ത്യയിലെ എൻജിനീയറിങ് കോളജുകളെല്ലാം ആൺകുട്ടികളെ കൊണ്ട് മാത്രം നിറഞ്ഞിരുന്ന കാലം. ആ സമയത്താണ് ഇന്ത്യയിലെ ആദ്യ വനിത എൻജിനീയറായി ശകുന്തള ഭഗത് എന്ന പെൺകുട്ടി ചരിത്രം കുറിക്കുന്നത്.
വീർമാതാ ജിജാബായ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 1953ലാണ് ശകുന്തള സിവിൽ എൻജിനീയറിങ് ബിരുദം നേടിയത്. ബിരുദത്തിൽ മാത്രം പഠനം ഒതുക്കിയില്ല അവർ. സ്ട്രക്ചറൽ എൻജിനീയറിങ്ങിൽ യു.എസിലെ പെനിസിൽവാനിയ യൂനിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. അക്കാലത്ത് വിദേശത്ത് പഠിക്കാൻ പോയ വളരെ ചുരുക്കം വനിതകളിൽ ഒരാളായിരുന്നു ശകുന്തള.
പഠനം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തി. ആധുനിക ഇന്ത്യയുടെ ശിലാസ്ഥാപനം നടക്കുന്ന സമയമായിരുന്നു അത്. ശകുന്തളയും അതിൽ പങ്കാളിയാകാൻ തീരുമാനിച്ചു. ഭർത്താവ് ഡോ. ആനന്ദ് ഭഗതുമായി ചേർന്ന് അവർ ക്വാഡ്രിക്കോൺ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി തുടങ്ങി. മോഡുലാർ ബ്രിഡ്ജ് ഡിസൈൻ രംഗത്തെ മുൻനിര സ്ഥാപനമായി അത് മാറി. സിവിൽ എൻജിനീയറിങ്ങിൽ ഒരു വഴിത്തിരിവായിരുന്നു അവരുടെ കണ്ടുപിടിത്തമായ ക്വാഡ്രിക്കോൺ സിസ്റ്റം. ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽ പോലും വേഗത്തിൽ കൂട്ടിച്ചേർക്കാനും ഇൻസ്റ്റാൾ ചെയ്യാനും കഴിയുന്ന ഭാരം കുറഞ്ഞ സ്റ്റീൽ ഘടന അതായിരുന്നു ക്വാഡ്രിക്കോൺ സിസ്റ്റം.
ആ ഡിസൈന് അന്താരാഷ്ട്രതലത്തിലും വലിയ അംഗീകാരം ലഭിച്ചു. നിരവധി രാജ്യങ്ങളിൽ പേറ്റന്റ് കിട്ടി. ഗ്രാമീണ മേഖലകളിൽ നദി കുറുകെ കടക്കാനുള്ള മേൽപ്പാലങ്ങൾ മുതൽ നഗരത്തിലെ വലിയ പാലങ്ങൾ നിർമിക്കാൻ ഈ രീതി ഉപയോഗിച്ചുതുടങ്ങി. അതിലൂടെ നിർമാണത്തിന് എടുക്കുന്ന ചെലവും സമയവും ഗണ്യമായി കുറക്കാൻ സാധിച്ചു. ശകുന്തളയുടെ മറ്റൊരു കണ്ടുപിടിത്തമായിരുന്ന യൂനിഷിയർ കണക്ടർ. അത് സ്റ്റീൽ പാലങ്ങളുടെ ശക്തിയും സ്ഥിരതയും മെച്ചപ്പെടുത്തി. അതിനും അവർക്ക് പേറ്റന്റ് കിട്ടി.
ഓഫിസുകളിൽ പോലും വനിത എൻജിനീയർമാർ വിരളമായ കാലത്ത്, ഹെൽമറ്റ് ധരിച്ച് അവർ നിർമാണ സൈറ്റുകളിൽ ഓടിനടന്നു പണികൾക്ക് മേൽനോട്ടം നൽകി. തൊഴിലിടങ്ങളിലെ ലിംഗസമത്വം ചർച്ചയാകുന്നതിനു മുമ്പു തന്നെ അവരുടെ അചഞ്ചലമായ ആത്മവിശ്വാസവും പരമ്പരാഗത വാർപ്പുമാതൃകകളെ തകർക്കാനുള്ള നിശ്ചയദാർഢ്യവും ശ്രദ്ധനേടി.
ശകുന്തള ഭഗതിന്റെ വർക്കുകൾ ഇന്ന് സിവിൽ എൻജിനീയറിങ്ങിന്റെ ഭാഗമാണ്. എന്നാൽ വളരെ അപൂർവമായി മാത്രമേ അവരുടെ പേരുകൾ പാഠപുസ്തകങ്ങളിൽ ഇടംപിടിച്ചിട്ടുള്ളൂ. അവർ ഉരുക്കുപാലങ്ങൾ നിർമിക്കുക മാത്രമല്ല, ലക്ഷക്കണക്കിന് വനിതകൾ എൻജിനീയറിങ് മേഖലയിലേക്ക് ചുവടുവെക്കുന്നിന് വഴികാട്ടിയായി മാറുക കൂടി ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.