കണ്ടെയ്നറിനുള്ളിൽ ഒരു വിദ്യാലയം: കുടിയേറ്റത്തൊഴിലാളികളുടെ മക്കൾക്കായി ബംഗളൂരുവിലെ കൗമാരക്കാരന്റെ വേറിട്ട സംരംഭം
കുടിയേറ്റ നിർമാണത്തൊഴിലാളികളുടെ മക്കളെ ബാധിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി വിദ്യാഭ്യാസമാണ്. ഓരോ പുതിയ നിർമാണ സ്ഥലങ്ങളിലേക്കുമുള്ള അച്ഛനമ്മമാരുടെ സ്ഥലംമാറ്റം തങ്ങളുടെ വിദ്യാഭ്യാസം പൂർണ്ണമായും തടസപ്പെടുന്നതിന് കാരണമാകുന്നു. മാതാപിതാക്കൾ ജോലി ചെയ്യുമ്പോൾ, സുരക്ഷിതമായ കളിക്കളമോ ക്ലാസ് മുറികളോ ഇല്ലാതെ മണൽക്കൂനകൾക്കും ഇരുമ്പ് കമ്പികൾക്കും വൻകിട യന്ത്രങ്ങൾക്കും നടുവിലാണ് ഈ കുട്ടികൾ ദിവസങ്ങൾ തള്ളിനീക്കുന്നത്.
2019ൽ യുനെസ്കോ പുറത്തുവിട്ട ഗ്ലോബൽ എഡ്യൂക്കേഷൻ മോണിറ്ററിങ് റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ ഏഴ് പ്രമുഖ നഗരങ്ങളിൽ നടത്തിയ സർവേയിൽ കുടിയേറ്റക്കാരുടെ തൊഴിലിടങ്ങളിൽ കഴിയുന്ന പത്തിൽ എട്ട് കുട്ടികൾക്കും വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിനൊരു പരിഹാരമായാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി ദിവിത് ഷിപ്പിങ് കണ്ടെയ്നറിനുള്ളിൽ സ്കൂൾ തുടങ്ങിയത്. വാഷ്റൂമും 20 മുതൽ 25 വരെ കുട്ടികൾക്ക് ഇരുന്ന് പഠിക്കാനുള്ള സൗകര്യവുമുള്ള പോർട്ടബിൾ ക്ലാസ് റൂം ആണ് ദിവിത് രൂപകൽപ്പന ചെയ്തത്. 5 ലക്ഷം രൂപ ചെലവ് വരുന്ന ഈ നിർമിതി ബംഗളൂരുവിലെ സർജാപ്പൂർ-അത്തിബെലെ റോഡിലുള്ള ഒരു റസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് പ്രോജക്റ്റിൽ പൂർത്തിയായി വരികയാണ്. 2026 അവസാനത്തോടെ സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആശയം വേറിട്ടതാണെങ്കിലും അതിന് കാരണമായ പ്രശ്നം പുതിയതൊന്നുമല്ല. 2011ലെ സെൻസസ് വിവരങ്ങൾ ഉപയോഗിച്ച് യൂനിസെഫും യങ് ലൈവ്സ് ഇന്ത്യയും ചേർന്ന് 2020ൽ തയ്യാറാക്കിയ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ 92.95 ദശലക്ഷം ആഭ്യന്തര കുടിയേറ്റ കുട്ടികളുണ്ടെന്നാണ് കണക്ക്. (ഇത് നിർമാണത്തൊഴിലാളികളുടെ മക്കൾ മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള കുടിയേറ്റ കുട്ടികളുടെ ആകെ കണക്കാണ്; സ്കൂളിൽ നിന്ന് പഠനം ഉപേക്ഷിച്ചവരുടെ മാത്രം കണക്കല്ല).
സർക്കാർ സ്കൂളുകളിൽ ദിവിത് കണ്ട പ്രശ്നങ്ങൾ
വർഷങ്ങൾക്ക് മുമ്പ് സർക്കാർ സ്കൂളുകളിൽ ഇക്കണോമിക്സ് പഠിപ്പിച്ചിരുന്ന കാലത്താണ് ദിവിതിന് ഈ ആശയം ഉദിക്കുന്നത്. പണി പൂർത്തിയാകാത്ത മുറികളും കേടുപാടുകൾ സംഭവിച്ച ഭിത്തികളും ഇളകിപ്പോയ പെയിന്റും പല ക്ലാസ് റൂമുകളിലും അവൻ ശ്രദ്ധിച്ചു. ഒരു കുട്ടിയുടെ ചുറ്റുപാടും അവരിലെ വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചിന്തിക്കാൻ ഈ അനുഭവം ദിവിതിനെ പ്രേരിപ്പിച്ചു. തുടർന്ന് അവൻ നിർമാണ സ്ഥലങ്ങളിലേക്കും അവയ്ക്ക് ചുറ്റുമുള്ള തൊഴിലാളി ക്യാമ്പുകളിലേക്കും ശ്രദ്ധ തിരിച്ചു.
സ്ഥിരമായ സ്കൂൾ കെട്ടിടങ്ങളെക്കുറിച്ചും ദിവിതിന് ആശങ്കയുണ്ടായിരുന്നു. നിലവിലുള്ള സ്കൂളുകൾ പോലും കൃത്യമായി പരിപാലിക്കാൻ സർക്കാറിന് സാധിക്കുന്നില്ലെങ്കിൽ, ഈ കുട്ടികളെക്കൂടി ഉൾക്കൊള്ളാൻ അവർക്ക് ഒരിക്കലും കഴിയില്ലെന്ന് ദിക്ഷിത് ആശങ്കപ്പെട്ടു. ഇതിന് പരിഹാരമായി കെട്ടിടത്തെക്കുറിച്ചുള്ള സങ്കല്പം തന്നെ തിരുത്തിയെഴുതാൻ അവൻ തീരുമാനിച്ചു. സ്ഥിരമായ മറ്റൊരു കെട്ടിടം നിർമിക്കുന്നതിന് പകരം, ചെലവ് കുറഞ്ഞതും എളുപ്പത്തിൽ കൊണ്ടുപോകാൻ കഴിയുന്നതും ആവശ്യാനുസരണം നിർമ്മിച്ചെടുക്കാവുന്നതുമായ ഡിസൈനിലെത്തിച്ചേർന്നത്.
ഒമ്പതാം ക്ലാസിലെ ഡിസൈൻ മത്സരത്തിൽ നിന്ന് ഷിപ്പിങ് കണ്ടെയ്നറിലേക്ക്
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ അർബാന-ഷാംപെയ്നിലെ ഇല്ലിനോയി സർവകലാശാല സംഘടിപ്പിച്ച ഹൈസ്കൂൾ ഡിസൈൻ മത്സരത്തിൽ പങ്കെടുത്തതാണ് ദിവിതിന്റെ ആദ്യ ചുവടുവെപ്പ്. ഭാവനയിലുള്ള സ്ഥലത്തിന് പകരം ഇന്ത്യയിലെ ഒരു സർക്കാർ സ്കൂളിനായി കളിസ്ഥലം ഡിസൈൻ ചെയ്യാനാണ് അവൻ തിരഞ്ഞെടുത്ത്. ഈ പ്രോജക്റ്റിന് അവന് 'ഓണറബിൾ മെൻഷൻ' ലഭിച്ചു. ഈ അംഗീകാരം ലഭിച്ച ഇന്ത്യയിൽ നിന്നുള്ള ഏക വ്യക്തി താനായിരുന്നുവെന്ന് ദിവിത് പറയുന്നു.
മാസങ്ങൾക്ക് ശേഷം, യുവാക്കളെ കേന്ദ്രീകരിച്ചുള്ള സുസ്ഥിരമായ പൊതു ഇടങ്ങളെക്കുറിച്ച് അവൻ ഒരു 'TEDx' ടോക്ക് നടത്തി. എന്നാൽ വെറുതെ സംസാരിക്കുന്നതിന് പകരം അത്തരം ഇടങ്ങൾ യാഥാർഥ്യമാക്കാൻ അവൻ ആഗ്രഹിച്ചു. തുടർന്ന് റീസൈക്കിൾ ചെയ്ത വസ്തുക്കൾ ഉപയോഗിച്ച് ചെലവ് കുറഞ്ഞ കളിസ്ഥലങ്ങൾ നിർമിക്കുന്ന 'ആന്തീൽ ക്രിയേഷൻസ്' എന്ന സംഘടനയിലെത്തിച്ചു. അവിടെ ട്രെയിനിങ് നടത്തുമ്പോൾ, ഷിപ്പിങ് കണ്ടെയ്നറുകൾ ഉപയോഗിച്ചുള്ള പ്രോജക്റ്റുകളിൽ പ്രവർത്തിക്കാനും ഡിസൈനുകളെ ഭൗതിക രൂപങ്ങളാക്കി മാറ്റാനും അവൻ പഠിച്ചു.
പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് കൂടുതൽ കാര്യങ്ങൾ ചെയ്യുക എന്ന ആശയം ദിവിത് എഴുതിയ 'Jugaad 5.0: 23 Businesses You Can Build with the Technology of Tomorrow' എന്ന പുസ്തകത്തിലും കാണാം.
നിർമാണ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് പഠനവും കളിസ്ഥലവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ദി അൺബോക്സ്ഡ് സ്കൂൾ' എന്ന സംരംഭം ആരംഭിച്ചത്. സാധാരണ 40x8 അടി വലിപ്പമുള്ള കണ്ടെയ്നറാണ് സ്കൂളിനായി ഉപയോഗിക്കുന്നത്. ഇതിനുള്ളിൽ 20-25 കുട്ടികൾക്ക് പഠിക്കാനുള്ള സ്ഥലം, ഒരു വശത്ത് ചെറിയ വാഷ്റൂം, മറു വശത്ത് സാധനങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലം എന്നിവയുണ്ട്. കൂടുതൽ ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്ക് ചെറിയൊരു ക്ലാസ് മുറിയായും ഈ സ്റ്റോറേജ് സ്പേസ് ഉപയോഗിക്കാം.
എന്നാൽ ഇതിലൊരു വലിയ തടസ്സമുണ്ടായിരുന്നു. സ്റ്റീൽ കണ്ടെയ്നറുകൾ ചൂട് വലിച്ചെടുക്കുന്നതിനാൽ പകൽ സമയത്ത് ഉള്ളിൽ ഇരിക്കാൻ കഴിയില്ല. സാധാരണ ഇൻസുലേഷൻ രീതികൾ ഉപയോഗിച്ചാൽ ചെലവ് കൂടുമെന്നതിനാൽ ദിവിത് മറ്റ് വഴികൾ തിരഞ്ഞു. സ്മാർട്ട് പെയിന്റുകളും വൈദ്യുതിയില്ലാതെ പ്രവർത്തിക്കുന്ന ടർബൈൻ വെന്റിലേറ്ററുകളും ഉപയോഗിച്ച് ചൂട് കുറയ്ക്കാനുള്ള വഴി അവൻ കണ്ടെത്തി. ക്ലാസ് മുറി തുറക്കുന്നതിന് മുമ്പ് സോളാർ പാനലുകൾ ഘടിപ്പിക്കാനും പദ്ധതിയുണ്ട്. 5 ലക്ഷം രൂപയാണ് ഇതിന്റെ നിർമാണ ചെലവായി പ്രതീക്ഷിക്കുന്നത് (സ്ഥലത്തിനനുസരിച്ച് ഇതിൽ മാറ്റം വരാം).
ഏകദേശം 420 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കോൺക്രീറ്റ് പ്ലാറ്റ്ഫോമിലാണ് കണ്ടെയ്നർ സ്ഥാപിക്കുക. ട്രക്കിൽ ഇതുകൊണ്ട് പോകാൻ ദൂരമനുസരിച്ച് ഏകദേശം 30,000 രൂപ ചെലവ് വരും. കണ്ടെയ്നറിന്റെ ഘടന പൂർത്തിയായെങ്കിലും അകം സജ്ജീകരിക്കുന്നതും സോളാർ പാനലുകൾ വെക്കുന്നതും പൂർത്തിയാകാനുണ്ട്. ഒരു റിയൽ എസ്റ്റേറ്റ് കമ്പനി തങ്ങളുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് ഇതിന് പണം നൽകുന്നത്.
കുട്ടികൾ എത്തുമ്പോഴാണ് യഥാർഥ പരീക്ഷണം
ഈ ആദ്യത്തെ മാതൃക വിജയിച്ചാൽ മറ്റ് റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർക്കും എൻ.ജി.ഒകൾക്കും ഇത് പകർത്തി നിർമിക്കാമെന്ന് ദിവിത് പ്രതീക്ഷിക്കുന്നു. കൂടുതൽ കുട്ടികളുള്ള സ്ഥലങ്ങളിൽ കൂടുതൽ കണ്ടെയ്നറുകൾ സ്ഥാപിക്കാൻ കഴിയും. സമയം ലഭിക്കുന്ന സർക്കാർ സ്കൂൾ അധ്യാപകരെയോ പ്രാദേശിക സന്നദ്ധ പ്രവർത്തകരെയോ ഉപയോഗിച്ച് ക്ലാസുകൾ നടത്താം.
പക്ഷേ, ഈ ക്ലാസ് റൂമിന്റെ വിജയം അതിന്റെ ഡിസൈനെയോ വിലയെയോ മാത്രം ആശ്രയിച്ചല്ല ഇരിക്കുന്നത്. കൃത്യമായ പഠനം, പരിപാലനം, കുടുംബങ്ങൾ സ്ഥലം മാറുമ്പോഴും കുട്ടികളുടെ പഠനം തടസപ്പെടാതിരിക്കാനുള്ള സംവിധാനം എന്നിവയും ആവശ്യമാണ്. പദ്ധതി ഇതുവരെ പ്രവർത്തനം ആരംഭിക്കാത്തതിനാൽ കുട്ടികളുടെ ഹാജരിലും പഠനത്തിലും ഇത് എത്രത്തോളം മാറ്റമുണ്ടാക്കുമെന്ന് കണ്ടറിയണം. ഓരോ റിയൽ എസ്റ്റേറ്റ് പ്രോജക്റ്റിലും ഇത്തരമൊരു ക്ലാസ് റൂമും കളിസ്ഥലവും ഉൾപ്പെടുത്താൻ റിയൽ എസ്റ്റേറ്റ് കമ്പനികൾ തയ്യാറാകണമെന്ന് ദിവിത് ആഗ്രഹിക്കുന്നു.
ഒരു ഷിപ്പിങ് കണ്ടെയ്നറിന് കുടിയേറ്റ കുട്ടികൾ നേരിടുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിഞ്ഞേക്കില്ല. പരിശീലനം ലഭിച്ച അധ്യാപകരെയോ ഔദ്യോഗിക വിദ്യാഭ്യാസ രേഖകളോ ഉറപ്പുനൽകാൻ ഇതിന് കഴിയില്ലായിരിക്കാം. എങ്കിലും, സാധാരണ സ്കൂളുകളിൽ എത്തുവാൻ പ്രയാസപ്പെടുന്ന കുട്ടികളിലേക്ക് പഠനാനുഭവം നേരിട്ടെത്തിക്കുക എന്ന വേറിട്ടൊരു തുടക്കമാണ് ഇത് നൽകുന്നത്. ദിവിതിനെ സംബന്ധിച്ചിടത്തോളം അവന്റെ ആദ്യ ക്ലാസ് റൂം തയാറായിക്കഴിഞ്ഞു. എന്നാൽ ബംഗളൂരുവിനും അപ്പുറത്തേക്ക് ഈ ആശയം വളരുമോ എന്നതാണ് ഇനി അറിയേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.