സൂപ്പർ 30 ന് പിന്നാലെ സൂപ്പർ ഇൻഫിനിറ്റിയുമായി ആനന്ദ് കുമാർ; അഭിനന്ദനവുമായി ഹൃത്വിക് റോഷൻ
മുംബൈ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ജെഇഇ സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ ആനന്ദ് കുമാർ ആരംഭിച്ച പുതിയ ഓൺലൈൻ പഠന സംരംഭമായ 'സൂപ്പർ ഇൻഫിനിറ്റി'ക്ക് പിന്തുണയുമായി നടൻ ഹൃത്വിക് റോഷൻ. തന്റെ ജീവിതത്തെ ആസ്പദമാക്കി ഹൃത്വിക് നായകനായ 'സൂപ്പർ 30' സിനിമക്ക് ശേഷം ആനന്ദ് കുമാർ ആരംഭിക്കുന്ന വലിയ സംരംഭമാണിത്.
"ഇതാ വീണ്ടും മറ്റൊരു മികച്ച തുടക്കം, പഠനം ഇത്ര രസകരമാക്കാൻ ആനന്ദ് സാറിന് മാത്രമേ കഴിയൂ, ടേക്ക് എ ബൗ" എന്നായിരുന്നു ഹൃത്വിക്കിന്റെ കുറിപ്പ്. ഹൃത്വിക്കിന്റെ വാക്കുകൾക്ക് ഹൃദയസ്പർശിയായ മറുപടിയുമായി ആനന്ദ് കുമാറും എത്തി. "എന്റെ സൂപ്പർ 30 യാത്ര നിങ്ങൾ വെള്ളിത്തിരയിലൂടെ ലോകത്തോട് പറഞ്ഞു. ഇന്ന് സൂപ്പർ ഇൻഫിനിറ്റിക്ക് നിങ്ങൾ നൽകുന്ന പിന്തുണ 'ഗണിതം എല്ലാ കുട്ടികൾക്കും സന്തോഷകരമാക്കണം' എന്ന എന്റെ സ്വപ്നത്തിന് കൂടുതൽ കരുത്ത് നൽകുന്നു" എന്ന് ആനന്ദ് കുമാർ പ്രതികരിച്ചു.
30 പേർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന സൂപ്പർ 30 എന്ന സ്വപ്ന പദ്ധതി ഇനി പരിധികളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് സൂപ്പർ ഇൻഫിനിറ്റിയുടെ ലക്ഷ്യം. തന്റെ ജീവിതത്തിലെ തിരക്ക് വിവരിച്ചുകൊണ്ടുള്ള വീഡിയോയിലാണ് ആനന്ദ് കുമാർ ഇക്കാര്യം വ്യക്തമാക്കിയത്.
തുടക്കത്തിൽ സൗകര്യങ്ങൾ ഇല്ലാത്ത പഠിക്കാൻ ആഗ്രഹമുള്ള 30 കുട്ടികളെ മാത്രം പഠിപ്പിക്കാനാണ് തീരുമാനിച്ചത്. അവർ വിജയിച്ചതോടെ ആയിരക്കണക്കിന് കുട്ടികൾ അഡ്മിഷൻ തേടി എത്താൻ തുടങ്ങി. സൂപ്പർ 30 സിനിമ ഹിറ്റായതോടെ തിരക്ക് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയായി. പിന്നീട് പത്മശ്രീ ലഭിച്ചപ്പോൾ അതിലേറെ കുട്ടികൾ എത്തിയെന്നും അദ്ദേഹം പറഞ്ഞു.
"അപ്പോഴാണ് 30 പേരിൽ ഒതുങ്ങാതെ ഇത് ഓൺലൈനായി എല്ലാവരിലേക്കും എത്തിക്കാമെന്ന ആശയം തോന്നിയതെന്നും അതാണ് സൂപ്പർ ഇൻഫിനിറ്റി" യെന്നും ആനന്ദ് കുമാർ പറഞ്ഞു. കുട്ടികളിലെ ഗണിത ഭയം ഇല്ലാതാക്കി ഗണിതം ഗെയിം പോലെ രസകരമാക്കി പഠിപ്പിക്കുകയാണ് പുതിയ പ്ലാറ്റ്ഫോമിലൂടെ ലക്ഷ്യമിടുന്നത്. ഉടൻ പേനയും പേപ്പറും എടുക്കുന്നതിന് പകരം പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതാണ് തന്റെ രീതിയെന്നും അദ്ദേഹം വ്യക്തമാക്കി. രാമാനുജൻ സ്കൂൾ ഓഫ് മാത്തമാറ്റിക്സിന് കീഴിൽ സൗജന്യ കോച്ചിംഗ്, താമസം, ഭക്ഷണം എന്നിവ നൽകിയാണ് സൂപ്പർ 30 ഇത്രയും കാലം പ്രവർത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.