‘പരീക്ഷക്ക് എല്ലാം പഠിക്കണമെന്നില്ല’; സിഎ ഇന്ററിൽ രണ്ടാം റാങ്ക് നേടിയ ശ്രുതിയുടെ വിജയരഹസ്യം
ചെന്നൈ: സിഎ ഇന്റർമീഡിയറ്റ് പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടി ചെന്നൈ സ്വദേശിനി ശ്രുതി വി. അഖിലേന്ത്യാ തലത്തിൽ രണ്ടാം റാങ്കാണ് ഈ വിദ്യാർഥിനി സ്വന്തമാക്കിയത്. 600-ൽ 492 മാർക്കാണ് ശ്രുതി നേടിയത്. സ്കൂൾ കാലത്ത് പത്തിലും പ്ലസ് ടുവിലും ടോപ്പറായിരുന്ന ശ്രുതി, കഴിഞ്ഞ വർഷമാണ് സിഎ ഫൗണ്ടേഷൻ പൂർത്തിയാക്കിയത്. ഒരു വർഷത്തിനുള്ളിൽ ഫൈനലിലേക്ക് എത്തിയതിന്റെ അമ്പരപ്പിലാണ് ഈ മിടുക്കി.
ഫലം വെബ്സൈറ്റിൽ നോക്കി അറിയാനായില്ലെങ്കിലും ഐസിഎഐ പ്രസിഡന്റ് നേരിട്ട് വിളിച്ച് റാങ്ക് വിവരം അറിയിച്ച സന്തോഷത്തിലാണ് ശ്രുതി. ആ നിമിഷം വാക്കുകൾ പോലും നഷ്ടമായെന്നും ശ്രുതി പറഞ്ഞു. മുംബൈയിൽ നിന്നുള്ള നീൽ രാജേഷ് ഷായും നാസിക്കിൽ നിന്നുള്ള ചന്ദക് സാക്ഷിയുമാണ് 502 മാർക്ക് നേടി ഒന്നാം റാങ്ക് പങ്കിട്ടത്.
ഹിന്ദു സീനിയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ ശ്രുതി തിരുച്ചിറപ്പള്ളിയിലെ എസ്എസ് അക്കാദമിയിലൂടെ ഓൺലൈനായാണ് കോച്ചിംഗ് പൂർത്തിയാക്കിയത്. പരീക്ഷക്ക് താൻ റെഡിയാണോ എന്ന് തോന്നിയപ്പോൾ പോലും തന്നെ വിശ്വസിച്ച് മുന്നോട്ട് നയിച്ചത് അധ്യാപകരാണെന്ന് ശ്രുതി പറയുന്നു.
ഇരുന്ന് പഠിക്കാനൊരു കർശന ടൈംടേബിൾ ഉണ്ടായിരുന്നില്ല. ക്ലാസിന്റെ സമയം നോക്കി ദിവസം പ്ലാൻ ചെയ്യും. എളുപ്പമുള്ള ഒരു വിഷയത്തിനൊപ്പം ബുദ്ധിമുട്ടുള്ള ഒന്നുകൂടി ചേർത്ത് പഠിക്കും. ദിവസം നാല് വിഷയത്തിൽ കൂടുതൽ തലയിൽ കയറ്റില്ലായിരുന്നു. ഓഡിറ്റും എഫ്എംഎസ്എമ്മും ജിഎസ്ടിയുമൊക്കെയാണ് ഏറെ വെല്ലുവിളി ഉയർത്തിയത്. അതിനായി പഴയ ചോദ്യപേപ്പറുകളും മോക്ക് ടെസ്റ്റുകളും നന്നായി ചെയ്തെന്നും ശ്രുതി പറഞ്ഞു.
പഠിക്കാൻ ഐസിഎഐയുടെ പുസ്തകം മാത്രം മതിയെന്നാണ് ശ്രുതിയുടെ പക്ഷം. മറ്റു ഗൈഡുകളുടെ പിന്നാലെ പോകേണ്ടതില്ല. മൊഡ്യൂൾ നന്നായി വായിച്ചാൽ തന്നെ പരീക്ഷയുടെ ഭാഷയും രീതിയും മനസ്സിലാകും. 100 ശതമാനം തയ്യാറെടുപ്പ് കഴിഞ്ഞിട്ട് പരീക്ഷ എഴുതാം എന്ന് കരുതി കാത്തിരിക്കരുത്. താനും ചില ചാപ്റ്ററുകൾ വിട്ടാണ് പരീക്ഷക്ക് പോയത്. പഠിച്ചതിൽ വിശ്വസിക്കുക എന്നതാണ് പ്രധാനമെന്നും ശ്രുതി പറയുന്നു.
ജയിക്കാത്തവരോടും ശ്രുതിക്ക് പറയാനുണ്ട്. റിസൾട്ട് വരാത്തതിൽ വിഷമം തോന്നുന്നത് സ്വാഭാവികമാണ്. പക്ഷെ അതുകൊണ്ട് നിങ്ങൾ ഉറക്കമിളച്ച് പഠിച്ച രാത്രികളോ ചെയ്ത ത്യാഗങ്ങളോ ഇല്ലാതാകില്ല. ഇതൊരു തടസ്സം മാത്രമാണ്, ഒരു സിഎ വിദ്യാർത്ഥിക്ക് മറികടക്കാൻ കഴിയാത്തതായി ഒന്നുമില്ല.
ഈ കഠിനമായ വർഷത്തിൽ ശ്രുതിക്ക് കൂട്ടായി ഉണ്ടായിരുന്നത് പാട്ടുകളായിരുന്നു. പഠിക്കുമ്പോഴും പാട്ട് കേൾക്കും. മൂഡ് മാറുന്നതിനനുസരിച്ച് പ്ലേലിസ്റ്റും മാറും. തളർന്നിരിക്കുമ്പോൾ ബിടിഎസിന്റെ വീഡിയോകൾ കാണും, പാട്ടുകൾ കേൾക്കും, കൂടെ പാടും. അതുതന്നെയായിരുന്നു ഏറ്റവും വലിയ സ്ട്രെസ് ബസ്റ്റർ. എല്ലാവർക്കും ഇതുപോലെ സ്വന്തമായൊരു ഇടവേള ആവശ്യമാണെന്നും ശ്രുതി പറയുന്നു.
പഠനത്തിലെ സംശയങ്ങൾ തീർക്കാൻ ചാറ്റ്ജിപിടിയുടെയും ജെമിനിയുടെയും സഹായവും തേടിയിരുന്നു. നിയമങ്ങളിലെ കടിച്ചാൽ പൊട്ടാത്ത വാചകങ്ങൾ ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്ത് അർത്ഥം ചോദിക്കും. പക്ഷെ എഐയെ അമിതമായി ആശ്രയിക്കരുതെന്നും പാഠപുസ്തകത്തിനും അധ്യാപകർക്കും പകരമാവില്ലെന്നും ശ്രുതി ഓർമ്മിപ്പിക്കുന്നു.
ഇനി ആർട്ടിക്കിൾഷിപ്പും ഫൈനൽ പരീക്ഷയുമാണ് ലക്ഷ്യം. ആഘോഷങ്ങൾക്ക് ശേഷം ചാർട്ടേഡ് അക്കൗണ്ടന്റ് എന്ന സ്വപ്നത്തിലേക്ക് വീണ്ടും പഠനത്തിരക്കിലേക്ക് കടക്കുകയാണ് ഈ മിടുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.