അമേരിക്കൻ പഠനം വേണ്ടെന്ന് ഇന്ത്യൻ വിദ്യാർഥികൾ; വരവിൽ വൻ ഇടിവ്

ന്യൂഡൽഹി: അമേരിക്കൻ സർവകലാശാലകളിൽ ഉന്നതപഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വൻ ഇടിവ് രേഖപ്പെടുത്തി. പുതിയ അധ്യയന വർഷം (ഫോൾ സെമസ്റ്റർ) ആരംഭിക്കുന്ന ഓഗസ്റ്റ് മാസത്തിൽ സാധാരണയായി ഏറ്റവുമധികം വിദേശ വിദ്യാർഥികൾ അമേരിക്കയിലേക്ക് എത്താറുള്ളതാണെങ്കിലും ഇത്തവണ മുൻവർഷത്തെ അപേക്ഷിച്ച് വരവിൽ 39 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.

തുടർച്ചയായ മൂന്നാം വർഷമാണ് ഓഗസ്റ്റിലെ വിദ്യാർഥികളുടെ വരവിൽ ഈ വാർഷിക ഇടിവ് കാണുന്നത്. യു.എസ് കോമേഴ്സ് ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള ഇന്റർനാഷണൽ ട്രേഡ് അഡ്മിനിസ്ട്രേഷന്റെ (ഐ.ടി.എ) കണക്കുകൾ പ്രകാരം എഫ്, എം കാറ്റഗറി വിസകളിൽ ഓഗസ്റ്റിൽ 25,321 ഇന്ത്യൻ വിദ്യാർഥികൾ മാത്രമാണ് യു.എസിൽ എത്തിയത്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 41,540 ആയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്ന 2020-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2023 ഓഗസ്റ്റിലെ എക്കാലത്തെയും ഉയർന്ന നിരക്കായ 93,833-ൽ നിന്ന് 73 ശതമാനത്തിന്റെ കുറവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

അമേരിക്കയിൽ വിസ നിബന്ധനകളും പരിശോധനകളും കൂടുതൽ കർശനമാക്കിയതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിദ്യാർഥി വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പരസ്യമാക്കണമെന്നും ഇത് കർശന പരിശോധനയ്ക്ക് വിധേയമാക്കുമെന്നുമുള്ള സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നിർദേശവും തിരിച്ചടിയായി.

കൂടാതെ, വിസ നിരസിക്കൽ നിരക്ക് ഉയർന്നതും വിസ അപ്പോയിന്റ്‌മെന്റുകൾ ലഭിക്കാനുള്ള വലിയ താമസം കാരണം യാത്ര അടുത്ത സെമസ്റ്ററുകളിലേക്ക് മാറ്റിവെക്കേണ്ടി വന്നതും വിനയായി. പഠനശേഷമുള്ള താൽക്കാലിക ജോലി അനുമതിയായ ഒ.പി.ടി വ്യവസ്ഥകളിൽ വരുത്താൻ ഉദ്ദേശിക്കുന്ന മാറ്റങ്ങളും, ഉയർന്ന ഫീസുകളും, ഡോളർ മൂല്യത്തിലെ വ്യതിയാനം കാരണം പഠനച്ചെലവ് ഉയർന്നതും വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നുണ്ട്.

വിസ നയങ്ങളിലെ ഈ അനിശ്ചിതത്വവും ജോലി സാധ്യതകളെക്കുറിച്ചുള്ള ആശങ്കകളും കാരണം പല ഇന്ത്യൻ വിദ്യാർഥികളും ഇപ്പോൾ ജർമ്മനി, നെതർലൻഡ്‌സ്, ഫ്രാൻസ്, സ്പെയിൻ, സിംഗപ്പൂർ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ സർവകലാശാലകളെയും ഇന്ത്യയിലെ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളെയുമാണ് പകരം ആശ്രയിക്കുന്നത്.

Tags:    
News Summary - Indian Students Turn Away from US Education; Sharp Decline in Arrivals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.