78 ഗ്രാമങ്ങളിൽ 100 രൂപക്ക് ട്യൂഷൻ; ഇതാ ഇവിടെയൊരു വെളിച്ചം പരത്തുന്ന പെൺകുട്ടി

വാരണാസി: ഉത്തർപ്രദേശിലെ ഉൾഗ്രാമങ്ങളിൽ വെറും 100 രൂപക്ക് ഗുണമേന്മയുള്ള ട്യൂഷൻ എത്തിച്ച് മാതൃകയാകുകയാണ് ബനാറസ് ഹിന്ദു സർവകലാശാല ബിരുദധാരി അർച്ചന ജയ്‌സ്വാൾ. 'ശിക്ഷാ സാഥി' എന്ന സംരംഭത്തിലൂടെ ആറ് ജില്ലകളിലായി 78 കേന്ദ്രങ്ങൾ നടത്തി 7,650-ലധികം കുട്ടികൾക്കാണ് അവർ പഠനത്തിനുള്ള അവസരം നൽകുന്നത്.

ഒന്നാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഗ്രാമങ്ങളിൽ തന്നെ വൈകുന്നേരങ്ങളിലാണ് ക്ലാസുകൾ. നഗരങ്ങളിൽ ആയിരങ്ങൾ മുടക്കി കോച്ചിംഗിന് ചേരാൻ കഴിയാത്ത കുടുംബങ്ങൾക്ക് ഇത് വലിയ ആശ്വാസമാണ്.

ഈ സംരംഭം വിദ്യാഭ്യാസത്തിനൊപ്പം ഗ്രാമീണ സ്ത്രീകൾക്ക് തൊഴിലും നൽകുന്നു. തൊഴിൽ അവസരങ്ങൾ കുറവുള്ള ഗ്രാമങ്ങളിൽ നിന്നുള്ള 740-ലധികം പെൺകുട്ടികൾക്കും വനിതകൾക്കും പരിശീലനം നൽകി അധ്യാപികമാരാക്കി. ഇതിലൂടെ അവർക്ക് സ്ഥിര വരുമാനവും കുട്ടികൾക്ക് വീടിനടുത്ത് മികച്ച മാർഗനിർദേശവും ലഭിക്കുന്നു.

ഗാസിപൂർ സ്വദേശിയായ അർച്ചനയുടെ കുടുംബ പശ്ചാത്തലമാണ് ഈ പ്രവർത്തനത്തിന് പ്രചോദനം. പിതാവ് ജഗദീഷ് റാം ചെറുപ്പത്തിൽ പിതാവിനെ നഷ്ടപ്പെട്ട് 17-ാം വയസ്സിൽ റിക്ഷ വലിച്ചാണ് ഉപജീവനം തുടങ്ങിയത്. പഠനത്തിനൊപ്പം ജോലി ചെയ്ത അദ്ദേഹം പിന്നീട് മറ്റൊരു റിക്ഷാക്കാരന്റെ നിർദേശപ്രകാരം ഇന്ത്യൻ റെയിൽവേയിൽ ജോലി നേടി. വാരണാസിയിലേക്ക് താമസം മാറിയെങ്കിലും സൈൻ ബോർഡ് പെയിന്റിംഗ്, ടീ-ഷർട്ടുകളിൽ പേരെഴുതൽ തുടങ്ങിയ അധിക ജോലികൾ ചെയ്താണ് മക്കളെ പഠിപ്പിച്ചത്.

അച്ഛന്റെ മരണശേഷം കുടുംബം വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലായി. മൂത്ത സഹോദരി ജോലി ചെയ്ത് കുടുംബ ചെലവുകളും സഹോദരങ്ങളുടെ പഠനവും മുന്നോട്ട് കൊണ്ടുപോയി. ഈ പ്രതിസന്ധികൾക്കിടയിലും ബിഎച്ച്‌യുവിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ അർച്ചന പ്രൊഫസറാകാൻ ആഗ്രഹിച്ചിരുന്നെങ്കിലും മതിയായ മാർഗനിർദേശം ലഭിക്കാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നതായി പറഞ്ഞു.

ഗ്രാമീണ മേഖലയിലെ കുട്ടികളെ നേരിൽ കണ്ടതോടെയാണ് അവർ ഈ രംഗത്തേക്ക് തിരിഞ്ഞത്. പലരും സ്കൂളിൽ പോകുന്നുണ്ടെങ്കിലും അടിസ്ഥാന വിദ്യാഭ്യാസത്തിൽ പോലും പിന്നിലാണെന്ന് അവർ തിരിച്ചറിഞ്ഞു. ഏഴാം ക്ലാസിലെ കുട്ടികൾക്ക് പോലും പഠിച്ച പാഠങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയുന്നില്ലായിരുന്നു.

ഈ തിരിച്ചറിവിൽ നിന്നാണ് 2022-ൽ 'യുവർ കോച്ചിങ്' എന്ന പേരിൽ ആദ്യ കേന്ദ്രം തുടങ്ങിയത്. 2023-ൽ ഇത് 'ശിക്ഷാ സാഥി' എന്ന പേരിൽ രജിസ്റ്റർ ചെയ്ത് വിപുലീകരിക്കുകയായിരുന്നു.

Tags:    
News Summary - Education Transforms Rural Villages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.