ഡൽഹി സർവകലാശാലയിൽ ചരിത്ര മാറ്റം; പഠനം കഴിഞ്ഞ അതേ വർഷം ബിരുദം, 92,000 പേർക്ക് നവംബർ 20ന് ബിരുദദാനം

ന്യൂഡൽഹി: ഡൽഹി സർവകലാശാല ചരിത്രത്തിൽ ആദ്യമായി വിദ്യാർഥികൾക്ക് പഠനം പൂർത്തിയാക്കിയ അതേ വർഷം തന്നെ ബിരുദം നൽകാൻ തീരുമാനം. സർവകലാശാലയുടെ 103-ാമത് ബിരുദദാന ചടങ്ങ് നവംബർ 20 ന് നടക്കുമെന്ന് അധികൃതർ അറിയിച്ചു. നോർത്ത് കാമ്പസിലെ യൂണിവേഴ്സിറ്റി സ്പോർട്സ് സ്റ്റേഡിയം കോംപ്ലക്സിലെ മൾട്ടിപർപ്പസ് ഹാളിലാണ് ചടങ്ങ് സംഘടിപ്പിക്കുക.

വിദ്യാർഥികൾ വർഷങ്ങളായി ഉന്നയിക്കുന്ന പ്രധാന ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. വിദ്യാർഥികളുടെ അക്കാദമികവും തൊഴിൽപരവുമായ ആവശ്യങ്ങൾ കണക്കിലെടുത്താണ് തീരുമാനമെന്ന് വൈസ് ചാൻസലർ പ്രൊഫ. യോഗേഷ് സിങ് പറഞ്ഞു. നിലവിൽ ഡിഗ്രി പൂർത്തിയാക്കിയാലും സർട്ടിഫിക്കറ്റ് ലഭിക്കാൻ ഒരു വർഷം വരെ കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. ഇത് വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ ഉപരിപഠനത്തിന് അപേക്ഷിക്കുമ്പോഴും അന്താരാഷ്ട്ര കമ്പനികളിൽ ജോലിക്ക് കയറുമ്പോഴും വലിയ തടസമാകുന്നു. ഇതിന് ശാശ്വത പരിഹാരമായാണ് അതേ കലണ്ടർ വർഷം തന്നെ ബിരുദം നൽകാൻ തീരുമാനിച്ചത്.

ഇത്തവണ 85,231 ബിരുദ വിദ്യാർഥികൾക്കും 7,235 ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കും ബിരുദം നൽകും. കൂടാതെ 400-ലധികം പേർക്ക് പിഎച്ച്ഡി ബിരുദവും നൽകും. ഇതോടെ ആകെ 92,466 വിദ്യാർഥികളാണ് ബിരുദം ഏറ്റുവാങ്ങുന്നത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ബിരുദധാരികളുടെ എണ്ണത്തിൽ വർധനവുണ്ട്.

അക്കാദമിക മികവ് തെളിയിച്ച 163 വിദ്യാർഥികൾക്ക് സ്വർണ മെഡലും ഒരാൾക്ക് വെള്ളി മെഡലും 34 പേർക്ക് മറ്റ് പ്രത്യേക പുരസ്കാരങ്ങളും ചടങ്ങിൽ സമ്മാനിക്കും.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചടങ്ങിൽ മുഖ്യാതിഥിയാകും. ബിരുദദാന ചടങ്ങിന്റെ വിപുലമായ ഒരുക്കങ്ങൾ വിലയിരുത്താൻ ഒക്ടോബർ 21ന് വൈസ് ചാൻസലർ വിവിധ വകുപ്പ് മേധാവികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചിരുന്നു.

Tags:    
News Summary - Delhi University Convocation 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.