ജാതിയും മതവുമില്ലാതെ സ്കൂളിൽ ചേർക്കില്ലെന്ന്; ഒടുവിൽ മകൾക്ക് മതരഹിത സർട്ടിഫിക്കറ്റ് നേടിയെടുത്ത് തമിഴ് ദമ്പതികൾ

ചെന്നൈ: ജാതിയും മതവുമില്ലാതെ മൂന്ന് വയസ്സുകാരി മകളെ സ്കൂളിൽ ചേർക്കാൻ കലക്ടറേറ്റ് വരെ കയറിയിറങ്ങി അനുമതി നേടി തമിഴ് ദമ്പതികൾ. സ്കൂൾ പ്രവേശന സമയത്ത് കുട്ടികളുടെ ജാതിയും മതവും വ്യക്തമാക്കണമെന്ന തീരുമാനത്തിനെതിരെ, വ്യവസായിയും കോയമ്പത്തൂർ സ്വദേശിയുമായ നരേഷ് കാർത്തിക്കും ഭാര്യ ഗായത്രിയുമാണ് മകൾ വിൽമക്ക് വേണ്ടി നിയമപോരാട്ടം നടത്തിയത്.

ജാതിരഹിതയും മതരഹിതയുമായി പഠിക്കാനാവുമെന്ന് തെളിയിക്കാന്‍ ഇവർക്ക് ചെറിയ പ്രയാസങ്ങളൊന്നുമല്ല മറികടക്കേണ്ടി വന്നത്. 22 പ്രൈമറി സ്‌കൂളുകൾ മകൾക്ക് പ്രവേശനം നിഷേധിച്ചപ്പോൾ ഒടുവിൽ ദമ്പതികൾ കോയമ്പത്തൂർ ജില്ല കലക്ടറെ സമീപിച്ചു കാര്യം ബോധ്യപ്പെടുത്തി. മകൾക്ക് ജാതിയും മതവുമില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് നിവേദനം സമർപ്പിച്ചു. ഇതിന്റെ ഭാഗമായി ജാതിയോ മതമോ അടിസ്ഥാനമാക്കിയുള്ള സർക്കാർ സംവരണമോ ഇളവുകളോ ​​മകൾക്ക് വേണ്ടെന്നുള്ള സത്യവാങ്മൂലത്തിൽ ഒപ്പിടാൻ നരേഷിനോട് കലക്ടർ ആവശ്യപ്പെട്ടു.

ഒരാഴ്ചക്ക് ശേഷം മതരഹിത, ജാതിരഹിത സർട്ടിഫിക്കറ്റ് വീട്ടിലെത്തി. 'ബേബി ജി.എൻ വിൽമ ഒരു ജാതിയിലും മതത്തിലും പെട്ടതല്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു' എന്ന് വ്യക്തമാക്കിയ സർട്ടിഫിക്കറ്റായിരുന്നു അത്. ഈ സർട്ടിഫിക്കറ്റ് ഒരു സന്ദേശമാണെന്നും തങ്ങളു​ടെ പാത പിന്തുടരാന്‍ മറ്റുള്ളവർക്ക് പ്രചോദനമാകുമെന്നും നരേഷ് പറഞ്ഞു. ഭാരതിയാർ, അംബേദ്കർ, പെരിയാർ എന്നിവരാണ് തന്‍റെ പ്രചോദനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2019ൽ തമിഴനാട്ടിലെ വിവിധ സ്കൂളുകളിൽ കുട്ടികളുടെ ജാതി തിരിച്ചറിയുന്നതിന് വിവിധ നിറങ്ങളിലുള്ള റിസ്റ്റ് ബാൻഡ് ധരിക്കാന്‍ നിർബന്ധിച്ചത് വിവാദങ്ങൾക്കിടയാക്കിയിരുന്നു.

Tags:    
News Summary - Put 'on Hold' by 22 Schools, TN Couple Secure 'No Caste, No Religion' Certificate for Child

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.