കൊച്ചി: മാറിക്കൊണ്ടിരിക്കുന്ന ആഗോള തൊഴിൽവിപണി ലക്ഷ്യമിട്ട് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) പുതിയ പഠനപദ്ധതികൾ അവതരിപ്പിക്കുന്നു. സർവകലാശാലയുടെ കീഴിലുള്ള സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ് വഴി ഇന്റഗ്രേറ്റഡ് എംഎസ്സി ഇൻ ഇക്കണോമെട്രിക്സ് ആൻഡ് ഡാറ്റാ സയൻസ്( അഞ്ചു വർഷം), എംഎസ്സി ഇക്കണോമെട്രിക്സ് ആൻഡ് ഫിനാൻഷ്യൽ ടെക്നോളജി ( രണ്ടു വർഷം)എന്നീ കോഴ്സുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
1. ഇന്റഗ്രേറ്റഡ് എംഎസ്സി ഇക്കണോമെട്രിക്സ് & ഡാറ്റാ സയൻസ്: ഈ വർഷം ആരംഭിക്കുന്ന കോഴ്സിൽ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് സ്ട്രീമുകളിൽ 50 ശതമാനം മാർക്കോടെ പ്ലസ് ടു പാസ്സായവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പുതിയ ദേശീയ വിദ്യാഭ്യാസ നയപ്രകാരം മൂന്ന് വർഷം പൂർത്തിയാക്കിയാൽ ബിഎസ്സി ബിരുദവും, അഞ്ച് വർഷം പൂർത്തിയാക്കുമ്പോൾ ഇന്റഗ്രേറ്റഡ് എംഎസ്സി ബിരുദവും ലഭിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, കോഡിംഗ് തുടങ്ങിയ സാങ്കേതിക വിദ്യകൾ സാമ്പത്തിക ശാസ്ത്രവുമായി ചേർത്ത് പഠിക്കാൻ ഈ കോഴ്സിലൂടെ സാധിക്കും.
2. എംഎസ്സി ഇക്കണോമെട്രിക്സ് ആൻഡ് ഫിനാൻഷ്യൽ ടെക്നോളജി: ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഡാറ്റാ സയൻസ്, കൊമേഴ്സ് എന്നിവയിൽ ബിരുദമുള്ളവർക്കും ബി.ടെക് ബിരുദധാരികൾക്കും അപേക്ഷിക്കാം. ഫിൻടെക്, പോളിസി അനാലിസിസ്, ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗ് തുടങ്ങിയ മേഖലകളിൽ ആഗോളതലത്തിൽ ഉയർന്ന തൊഴിലവസരങ്ങൾ ഈ കോഴ്സ് ഉറപ്പുനൽകുന്നു.
കുസാറ്റ് നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് (കുസാറ്റ് കാറ്റ്) വഴിയാണ് പ്രവേശനം. ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം, തർക്കശേഷി, പൊതുവിജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കിയാണ് പ്രവേശന പരീക്ഷ. മാർച്ച് 25 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: admissions.cusat.ac.in. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.