ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഡൽഹിയിലെ സർദാർ പട്ടേൽ വിദ്യാലയത്തിൽ നടത്താനിരുന്ന ജെ.എൻ.യു പ്രഫസർ സോയ ഹസന്റെ പ്രസംഗം അവസാന നിമിഷം റദ്ദാക്കി. സ്കൂളിന് പുറത്ത് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതിനെ തുടർന്നാണ് പരിപാടി റദ്ദാക്കിയത്.
ലോധി എസ്റ്റേറ്റിലെ സ്കൂളിൽ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടത്താൻ നിശ്ചയിച്ച സ്വാതന്ത്ര്യദിനാഘോഷത്തിന്റെയും സ്കോളർഷിപ്പ് വിതരണ ചടങ്ങിന്റെയും മുഖ്യാതിഥിയായിരുന്നു സോയ ഹസൻ. ദേശീയപതാക ഉയർത്തുകയും ‘ബഹുസ്വരത എന്തുകൊണ്ട് പ്രധാനമാണ്’ എന്ന വിഷയത്തിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്യുകയും ചെയ്യേണ്ടിയിരുന്നു.
പരിപാടിക്ക് തൊട്ടുമുമ്പ് 15 ഓളം വി.എച്ച്.പി പ്രവർത്തകർ സ്കൂൾ ഗേറ്റിന് സമീപം പ്രതിഷേധവുമായി എത്തുകയായിരുന്നു. പ്രതിഷേധത്തെ തുടർന്ന് ഡൽഹി പൊലീസ് സ്ഥലത്ത് കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചു. സോയ ഹസന്റെയും വിദ്യാർഥികളുടെയും സുരക്ഷയെ മുൻനിർത്തിയാണ് നടപടിയെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. പ്രതിഷേധത്തെ തുടർന്ന് സ്കൂൾ അധികൃതർ അവസാന നിമിഷം പരിപാടി റദ്ദാക്കുകയായിരുന്നു.
സ്കൂൾ അധികൃതർ സോയ ഹസന്റെ വീട്ടിലെത്തി സുരക്ഷാ ഭീഷണി ഉള്ളതിനാൽ പരിപാടി റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു. സംഭവത്തിൽ നിരവധി അകാദമിക് പ്രവർത്തകരും എഴുത്തുകാരും വിമർശനവുമായി രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.