ന്യൂഡൽഹി: ഡൽഹി സർവകലാശാലയുടെ പുതുക്കിയ ബിരുദാനന്തര ഹിസ്റ്ററി സിലബസിൽ ഡൽഹി സുൽത്താൻ ഭരണത്തെക്കുറിച്ചുള്ള പേപ്പർ ഒഴിവാക്കി. ‘ദി ഡൽഹി സുൽത്താനേറ്റ്: സ്ട്രക്ചേഴ്സ് ഓഫ് അതോറിറ്റി ഇൻ മിഡീവൽ നോർത്ത് ഇന്ത്യ (13-14 നൂറ്റാണ്ടുകൾ)’ എന്ന പേപ്പറാണ് പുതിയ സിലബസിൽ ഇടംനേടാതിരുന്നത്.
ആഗസ്റ്റ് ഏഴിന് ഡൽഹി സർവകലാശാല പുതുക്കിയ സിലബസ് ഔദ്യോഗികമായി വിജ്ഞാപനം ചെയ്തിരുന്നു. 13, 14 നൂറ്റാണ്ടുകളിലെ വടക്കേ ഇന്ത്യയുടെ രാഷ്ട്രീയ, ഭരണ, മത, സാമൂഹിക, സാംസ്കാരിക ചരിത്രം വിശദമായി പഠിപ്പിച്ചിരുന്ന പ്രധാനപ്പെട്ട പേപ്പറായിരുന്നു ഇത്. മൂന്നാം സെമസ്റ്ററിൽ ദീർഘകാലമായി പഠിപ്പിച്ചിരുന്ന പേപ്പറാണ് പുതിയ പട്ടികയിൽനിന്ന് ഒഴിവാക്കിയത്. ഡൽഹി സുൽത്താൻ ഭരണത്തിന്റെ രൂപീകരണം, ഭരണസംവിധാനം, രാഷ്ട്രീയ സംസ്കാരം, മധ്യകാല വടക്കേ ഇന്ത്യയിലെ മത-സാംസ്കാരിക വികാസങ്ങൾ എന്നിവയായിരുന്നു പേപ്പറിലെ പ്രധാന വിഷയങ്ങൾ.
ഡൽഹി സുൽത്താനേറ്റ് പേപ്പറിന് പുറമെ ചരിത്രത്തിലെ വിവിധ കാലഘട്ടങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളും പുതുക്കിയ മൂന്നാം സെമസ്റ്റർ സിലബസിൽ ഉൾപ്പെടുത്തിയിട്ടില്ല. ഉത്തരേന്ത്യയുടെ ചരിത്രം, ഏകദേശം 1400-1550 (History of North India, c. 1400–1550), പുരാതന ഇന്ത്യയിലെ ലിംഗഭേദവും സ്ത്രീകളും: ബി.സി 1500 മുതൽ എ.ഡി 1000 വരെ (Gender and Women in Early India: 1500 BCE to 1000 CE), പുരാതന ഇന്ത്യയിലെ രാഷ്ട്രീയ പ്രക്രിയകളും രാഷ്ട്രീയ ഘടനയും (Political Processes and Structure of Polities in Ancient India), പുരാതന ഇന്ത്യൻ സാഹിത്യത്തിലെ മതവും സമൂഹവും (Religion and Society in Ancient Indian Literature) തുടങ്ങിയ പേപ്പറുകളും പുതിയ സിലബസ് പട്ടികയിൽനിന്ന് ഒഴിവാക്കി. ചരിത്ര വിഭാഗം 38 ഡിസിപ്ലിൻ സ്പെസിഫിക് ഇലക്ടീവ് (Discipline Specific Elective -DSE) പേപ്പറുകൾ നിർദേശിച്ചിരുന്നെങ്കിലും ഇതിൽ 16 പേപ്പറുകൾ മാത്രമാണ് മൂന്നാം സെമസ്റ്ററിനുള്ള അന്തിമ സിലബസിൽ ഉൾപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.
അതേസമയം, ഡൽഹി സർവകലാശാലയുടെ ഹിസ്റ്ററി സിലബസിൽ ‘ഇക്കണോമിക് ഹിസ്റ്ററി ഓഫ് ദ ഡൽഹി സുൽത്താനേറ്റ്: ആൻ എസ്സെ ഇൻ ഇന്റർപ്രറ്റേഷൻ’ (Economic History of the Delhi Sultanate: An Essay in Interpretation) എന്ന വിഷയം ഉൾപ്പെട്ടിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ മേഖലയിലെ അകാദമിക് പ്രോഗ്രാമുകൾ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് സിലബസിൽ വ്യാപകമായ മാറ്റങ്ങൾ വരുത്തിയതെന്നാണ് റിപ്പോർട്ടുകൾ.
ഡൽഹി സുൽത്താനേറ്റ് പേപ്പർ പതിറ്റാണ്ടുകളായി ബിരുദാനന്തര ചരിത്ര പഠനത്തിന്റെ ഭാഗമായിരുന്നുവെന്ന് ഹിസ്റ്ററി വിഭാഗത്തിലെ അധ്യാപകൻ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ബിരുദാനന്തര തലത്തിലെ ഈ പേപ്പറിനെ ബിരുദതലത്തിലെ സമാനമായ വിഷയവുമായി നേരിട്ട് താരതമ്യം ചെയ്യാനാകില്ലെന്നും അധ്യാപകൻ ചൂണ്ടിക്കാട്ടി. മധ്യകാല ഇന്ത്യയുടെ ചരിത്രപഠനത്തിലെ പ്രധാനപ്പെട്ട കോഴ്സായാണ് ഇത് പരിഗണിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.