ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചക്ക് പിന്നാലെ, കേന്ദ്ര സർക്കാറിന്റെ പ്രവേശന പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള നാഷനൽ ടെസ്റ്റിങ് ഏജൻസി വീണ്ടും വിവാദത്തിൽ. ലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി യു.ജി.സി നെറ്റ് ഫലം അനന്തമായി നീളുകയാണ്. പരീക്ഷ നടന്ന് 40 ദിവസം കഴിഞ്ഞിട്ടും പരീക്ഷയുടെ ഉത്തരസൂചിക പുറത്തിറക്കാൻ പോലും എൻ.ടി.എക്ക് കഴിഞ്ഞിട്ടില്ല. ഇതോടെ സമൂഹ മാധ്യമങ്ങളിൽ എൻ.ടി.എക്കെതിരെ ഉയർന്ന പ്രതിഷേധം തെരുവിലേക്ക് വ്യാപിക്കുകയാണ്. ആഗസ്റ്റ് 11ന് എൻ.ടി.എ ആസ്ഥാനത്തിനു മുന്നിൽ ഉദ്യോഗാർഥികൾ സമരം പ്രഖ്യാപിച്ചു.
ജൂൺ 22 മുതൽ ജൂലൈ അഞ്ച് വരെയാണ് ഇത്തവണ യു.ജി.സി നെറ്റ് പരീക്ഷ നടത്തിയത്. ഏകദേശം ഏഴ് ലക്ഷത്തോളം ഉദ്യോഗാർഥികളാണ് പരീക്ഷ എഴുതിയത്. മുൻകാലങ്ങളിൽ പരീക്ഷ കഴിഞ്ഞ് മൂന്നുമുതൽ 16 ദിവസത്തിനകം ഉത്തരസൂചിക പുറത്തുവിട്ടിരുന്ന സ്ഥാനത്താണ് ഇത്തവണ ഒരു നടപടിയുമുണ്ടാകാത്തത്. ഉത്തരസൂചിക വൈകുന്നതിനൊപ്പം സമൂഹ മാധ്യമങ്ങളിൽ മറ്റ് ആരോപണങ്ങളും ഉയരുന്നുണ്ട്. സോഷ്യോളജി പരീക്ഷയിലെ 90ഓളം ചോദ്യങ്ങൾ, പരീക്ഷക്കുമുമ്പ് പ്രചരിച്ച പഠന സാമഗ്രികളുമായി സാമ്യമുള്ളതാണെന്ന ആക്ഷേപവും വ്യാപകമാണ്.
വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കാനോ കൃത്യമായ വിശദാംശങ്ങൾ നൽകാനോ എൻ.ടി.എ തയാറാകുന്നില്ല. എൻ.ടി.എ ഓഫിസിനുമുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ജെ.എൻ.യു വിദ്യാർഥി യൂനിയനും പ്രഖ്യാപിച്ചു. പ്രതിഷേധം കനത്തതോടെ ഉത്തരസൂചിക ഈ ആഴ്ചതന്നെ പുറത്തുവിടുമെന്നാണ് എൻ.ടി.എ പറയുന്നത്.
ന്യൂഡൽഹി: യു.ജി.സി നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തര സൂചിക ഈ ആഴ്ച തന്നെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. സി.എസ്.ഐ.ആർ-നെറ്റ്, ഐ.സി.എ.ആർ എ.ഐ.ഇ.ഇ.എ (പി.ജി), എ.ഐ.സി.ഇ (പിഎച്ച്.ഡി) പരീക്ഷകളുടെ ഉത്തര സൂചികകളും എൻ.ടി.എ ഇതോടൊപ്പം പുറത്തുവിടും.
പരീക്ഷാർഥികൾക്ക് താൽക്കാലിക ഉത്തര സൂചിക പരിശോധിക്കാനും സമയപരിധിക്കുള്ളിൽ ചോദ്യങ്ങൾ ഉന്നയിക്കാനും സാധിക്കും.
ഉത്തര സൂചിക പ്രസിദ്ധീകരിക്കുന്ന സമയത്ത് വിശദമായ നിർദേശങ്ങൾ നൽകും. പരീക്ഷാർഥികൾ എൻ.ടി.എയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കണമെന്നും ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കണമെന്നും നിർദേശിച്ചു. ജൂൺ 22 മുതൽ 30 വരെ ആറ് ദിവസങ്ങളിലായാണ് യു.ജി.സി നെറ്റ് പരീക്ഷ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.