എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ: മന്ത്രി ഇടപെട്ടു; ഏകോപനത്തിന് കേന്ദ്രീകൃത സോഫ്റ്റ്വെയർ
തിരുവനന്തപുരം: സർക്കാർ എൻജിനീയറിങ് കോളജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് കേന്ദ്രീകൃത സോഫ്റ്റ്വെയർ വഴി സ്പോട്ട് അഡ്മിഷൻ നടത്താൻ സർക്കാർ തീരുമാനം. കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ ഒഴിവാക്കി കോളജ്തലത്തിൽ പ്രവേശനം നടത്താനുള്ള തീരുമാനം വിദ്യാർഥികളെ പ്രതിസന്ധിയിലാക്കിയത് ചൂണ്ടിക്കാട്ടിയുള്ള ‘മാധ്യമം’ വാർത്തയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഇടപെട്ടാണ് പുതിയ ക്രമീകരണമൊരുക്കാൻ തീരുമാനിച്ചത്.
പുതിയ കേന്ദ്രീകൃത സോഫ്റ്റ്വെയർ വഴി ഒമ്പത് സർക്കാർ, മൂന്ന് എയ്ഡഡ് കോളജുകളിൽ എവിടെ ഒഴിവുവന്നാലും വിദ്യാർഥിക്ക് മെറിറ്റ് അടിസ്ഥാനത്തിൽ ഏതെങ്കിലും കേന്ദ്രത്തിലിരുന്ന് സ്പോട്ട് അഡ്മിഷൻ നേടാനാകും. ഇതിനായി 13ന് നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ 12ൽ ഏതെങ്കിലും ഒരു കോളജിൽ വിദ്യാർഥി റിപ്പോർട്ട് ചെയ്താൽ മതി.
കേന്ദ്രീകൃത സോഫ്റ്റ്വെയർ മുഖാന്തരം റാങ്ക് അനുസരിച്ച് കോളജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് വിദ്യാർഥിക്ക് പ്രവേശനം നേടാൻ കഴിയുമെന്ന് മന്ത്രി റോജി.എം.ജോൺ അറിയിച്ചു. ഇതിനായി 13ന് ഉച്ചക്ക് 12ന് മുമ്പ് 12ൽ ഏതെങ്കിലും കോളജിൽ വിദ്യാർഥി റിപ്പോർട്ട് ചെയ്യണം. മുൻ വർഷങ്ങളിലെപ്പോലെ കേന്ദ്രീകൃത സ്പോട്ട് അഡ്മിഷനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾ ഒന്നടങ്കം തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽ നേരിട്ട് എത്തുന്ന സാഹചര്യം ഒഴിവാക്കാനാകും.
തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽ മുൻ വർഷങ്ങളിൽ കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ നടത്തിയിരുന്ന സോഫ്റ്റ്വെയർ വിദഗ്ധരുടെ സംഘമാണ് 13ന് നടക്കുന്ന കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ ഏകോപിപ്പിക്കുക. സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ കോളജുകളിൽനിന്ന് ടി.സി/എൻ.ഒ.സി (നിലവിൽ സർക്കാർ എൻജിനീയറിങ് കോളജുകളിൽ പ്രവേശനം നേടിയവർ ഒഴികെ) ഹാജരാക്കണം. കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ ഒഴിവാക്കി ഒമ്പത് സർക്കാർ കോളജുകളിൽ വെവ്വേറെ സ്പോട്ട് അഡ്മിഷൻ നടത്താനുള്ള തീരുമാനം മികച്ച കോളജുകളിലെ പ്രവേശന വഴി അടയ്ക്കുന്നതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.