മന്ത്രിയുടെ ഉറപ്പ് പാഴായി; കുണ്ടറയിൽ 130 വർഷം പഴക്കമുള്ള യു.പി സ്കൂൾ അടച്ചുപൂട്ടി, അധ്യാപകർ ഇല്ലാതായതോടെ കുട്ടികളെല്ലാം ടി.സി വാങ്ങിപോയി

കുണ്ടറ: കേരളത്തിലെ ഒരു സ്കൂൾ പോലും അടച്ചുപൂട്ടില്ലെന്ന വിദ്യാഭ്യാസ മന്ത്രി കെ. ശിവൻകുട്ടിയുടെ ഉറപ്പ് പാഴായി. 130 വർഷം പഴക്കമുള്ള കുണ്ടറ ഉപജില്ലയിലെ പനയം ചെമ്മക്കാട് എസ്.കെ.വി യു.പി സ്കൂൾ പൂട്ടി. അധ്യാപകരാരുമില്ലാതായതോടെ കുട്ടികളെല്ലാം ടി.സി വാങ്ങി മറ്റ് സ്കൂളുകളിൽ പോകുകയും സ്കൂളിന്‍റെ പ്രവർത്തനം നിലക്കുകയുമായിരുന്നു.

മാനേജർമാർ തമ്മിൽ തർക്കങ്ങളും നിയമ പ്രശ്നങ്ങളും ഉടലെടുത്തതോടെ കുണ്ടറ എ.ഇ.ഒക്കായിരുന്നു മാനേജരുടെ ചുമതല. മാനേജർമാരുടെ തർക്കം കാരണം അധ്യാപകർ വിരമിക്കുന്ന പോസ്റ്റുകളിലേക്ക് പുതിയ നിയമനം നടത്താൻ കഴിയാത്ത സാഹചര്യമായിരുന്നു. ഇവിടെയുണ്ടായിരുന്ന ഒരു സംസ്കൃത അധ്യാപകൻ പ്രൊട്ടക്​ഷനിൽ ബി.ആർ.സി ട്രെയിനറായതോടെ, പിന്നെ ശേഷിച്ചത് ഹെഡ്മിസ്ട്രസ് മാത്രമായിരുന്നു. അവർ മേയ് 31ന് വിരമിച്ചതോടെ കുട്ടികളെല്ലാം ടി.സി. വാങ്ങി മറ്റ് സ്കൂളുകളിലേക്ക് പോകുകയായിരുന്നു. 32 കുട്ടികളാണ് ഇങ്ങനെ ടി.സി വാങ്ങി പോയത്.

കുട്ടികളില്ലാതായതോടെ, ഡി.ഡി.ഇയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ സ്കൂൾ രേഖകളും സ്കൂൾ പൂട്ടി താക്കോലും കുണ്ടറ എ.ഇ.ഒ ഓഫിസിലേക്ക് മാറ്റി. അധ്യാപകരില്ലാതായതോടെ, സ്കൂളിൽ ശേഷിച്ചത് ഒരു ഓഫിസ് അറ്റൻഡന്‍റ്​ മാത്രമാണ്.

Tags:    
News Summary - UP school closed in Kundara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.