പ്ലസ്​ വണ്ണിന്​ പ്രവേശനം ലഭിച്ചില്ലേ​? പത്താം ക്ലാസിന്​ ശേഷം മികച്ച ജോലി ലഭിക്കുന്ന ഈ കോഴ്​സുകൾ പഠിക്കാം

ത്താം ക്ലാസിന്​ ശേഷം പ്ലസ്​ വണ്ണിൽ പ്രവേശനം കാത്തിരിക്കുന്നവരാണ്​ പലരും. എന്നാൽ ജോലി നേടാൻ കഴിയുന്ന മികച്ച കോഴ്​സുകൾ അന്വേഷിക്കുന്നവരും ചെറുതല്ല. പത്താം ക്ലാസിന്​ ശേഷം ഹയർസെക്കൻഡറി കോഴ്​സുകളിലേക്ക്​ തിരിയാതെ ജോലി സാധ്യതയുള്ള പഠിക്കാൻ കഴിയുന്ന ചില കോഴ്​സുകളെ പരിചയപ്പെടാം.

1.ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്

മികച്ച പഠനവും മികവുറ്റ പരിശീലന സൗകര്യവും ഒരുക്കുന്ന കേരള സർക്കാറി​െൻറ പൂർണ്ണ നിയന്ത്രണത്തിൽ നടത്തുന്ന ഈ സർട്ടിഫിക്കറ്റ് കോഴ്സുകൾ ഒൻപത് മാസത്തെ പഠനവും മൂന്ന് മാസത്തെ ഇൻഡസ്ട്രിയൽ ട്രെയിനിങ്ങും ഉൾപ്പെടെ ഒരു വർഷം ദൈർഘ്യമുള്ളവയാണ്. വിനോദ സഞ്ചാര മേഖലയിൽ ഹോട്ടലുകൾ, ക്രൂയിസ് ഷിപ്പുകൾ, എയർലൈൻ കാറ്ററിങ്​ തുടങ്ങി സ്വദേശത്തും വിദേശത്തും ധാരാളം തൊഴിൽ സാധ്യതയുള്ള ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് ആൻഡ് ബിവറേജസ് സർവിസ്, ഫുഡ് പ്രൊഡക്ഷൻ, ബേക്കറി ആൻഡ് കൺഫക്ഷനറി, ഹോട്ടൽ അക്കൊമഡേഷൻ ഓപ്പറേഷൻ, കാനിങ്​ ആൻഡ് ഫുഡ് പ്രിസർവ്വേഷൻ എന്നീ കോഴ്സുകൾ തിരുവനന്തപുരം കൊല്ലം, കോട്ടയം, തൊടുപുഴ, ചേർത്തല, കളമശ്ശേരി, തൃശ്ശൂർ, പെരിന്തൽമണ്ണ, തിരൂർ, കോഴിക്കോട്, കണ്ണൂർ, ഉദുമ സെൻററുകളിൽ നടക്കുന്നു. വെബ് സൈറ്റ്: www.fcikerala.org

2.ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ്

ടൈപ്പ് റൈറ്റിങ്ങ​ും സ്റ്റെനോഗ്രഫിയും പഠനവിഷയമായി രണ്ടു വർഷ ഡിപ്ലോമ കോഴ്സ് കേരളത്തിലെ 17 ഗവൺമെൻറ്​ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിപ്പിക്കുന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നൽകുന്ന ഡിപ്ലോമ നേടുന്നവർക്ക് മികച്ച അവസരങ്ങളുണ്ട്. സർക്കാർ മേഖലയിലെ ഒഴിവുകൾക്ക് പ്ലസ് ടു യോഗ്യതയും കൂടി ആവശ്യമായി വരും. വെബ് സൈറ്റ്: www.dtekerala.gov.in

3.ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെ.ഡി.സി)

നമ്മുടെ നാടുകളിലെ സഹകരണ ബാങ്കുകളിലും സംഘങ്ങളിലും ജോലി ലഭിക്കുവാൻ അവശ്യം വേണ്ട യോഗ്യതയാണ് 10 മാസം ദൈർഘ്യമുള്ള ജെ.ഡി.സി കോഴ്സ്. സംസ്ഥാന സഹകരണ യൂണിയൻ തിരുവനന്തപുരം, കൊട്ടാരക്കര, കോട്ടയം, നെടുംകണ്ടം, ചേർത്തല, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് എന്നിവിടങ്ങളിലെ സഹകരണ പരിശീലന കേന്ദ്രങ്ങളിലും ആറന്മുള, പാലാ, നോർത്ത് പറവൂർ, തിരൂർ എന്നീ സഹകരണ പരിശീലന കോളജുകളിലും ഈ കോഴ്സ് നടത്തിവരുന്നു. ഫോൺ : 0471 - 2320420

4.'ഇഗ്നോ' സർട്ടിഫിക്കറ്റ് കോഴ്സുകൾ

ഇന്ത്യൻ പാർലമെൻറ്​ ആക്​ടിനാൽ 1985 ൽ സ്ഥാപിതമായ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി പത്താം ക്ലാസ് യോഗ്യതയുള്ളവർക്കായി ആറ് മാസം ദൈർഘ്യമുള്ള വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകൾ നടത്തുന്നുണ്ട്. എനർജി ടെക്നോളജി ആൻഡ് മാനേജ് മെൻറ്​, തേനീച്ച വളർത്തൽ, ഹെൽത്ത് കെയർ, ഇൻഫർ മേഷൻ ടെക്നോളജി, പെയിൻറിങ്​, അപ്ലൈഡ് ആർട്സ്, പൗൾട്രി ഫാമിങ്​, സെറികൾചർ, വാട്ടർ ഹാർവെസ്റ്റിങ്​ ആൻഡ് മാനേജ്മെൻറ്​ തുടങ്ങിയ വിഷയങ്ങൾ രാജ്യത്താകമാനമുള്ള സ്റ്റഡി സെൻററുകളിൽ പഠിക്കാം. ഓൺലൈൻ വഴി അപേക്ഷിക്കാം. വെബ്സൈറ്റ്: www.ignou.ac.in

5.സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ഇൻഫർമേഷൻ സയൻസ്

കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ നടത്തുന്ന ആറു മാസത്തെ ഈ സർട്ടിഫിക്കറ്റ് കോഴ്സ്, ലൈബ്രേറിയൻ ഗ്രേഡ് IV തസ്തികയുടെ അംഗീകൃത യോഗതയാണ്. 41 സീറ്റുകളുള്ള ഈ കോഴ്സിന് പത്താം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. പുസ്തകങ്ങളുടെ ലോകത്ത് കരിയർ കെട്ടിപ്പടുക്കാൻ താൽപ്പര്യമുള്ളവർക്ക് അനുയോജ്യമായ കോഴ്സാണിത്. www.statelibrary.kerala.gov.in

6.സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോ)

ഹോമിയോ ആശുപത്രികൾ സർക്കാർ തലത്തിലും സ്വകാര്യ ക്ലിനിക്കുകളും വളർന്നു വരുന്ന കാലമാണിത്. ഹോമിയോ ഫാർമസികളിലും മറ്റും ജോലി സാധ്യതയുള്ള കോഴ്സാണ് സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി. തിരുവനന്തപുരം, കോഴിക്കോട് ഗവൺമെൻറ്​ ഹോമിയോ മെഡിക്കൽ കോളജുകളിൽ നടക്കുന്ന ഒരു വർഷ കാലയളവിലുള്ള ഈ സർട്ടിഫിക്കറ്റ് കോഴ്സിന് ആകെ 100 സീറ്റുകൾ ആണുള്ളത്. എസ്. എസ്. എൽ. സിയുടെ ആകെ മാർക്കി​െൻറ അടിസ്ഥാനത്തിലാണ് പ്രവേശനം. www.lbscentre.kerala.gov.in

7.ആയുർവ്വേദ ഫാർമസിസ്റ്റ് ട്രെയിനിങ്​ കോഴ്സ്

ആയുർവേദാശുപത്രികളിലും അനുബന്ധ ക്ലിനിക്കുകളിലും ജോലി ലഭിക്കാൻ സാധ്യതയുള്ള കോഴ്സാണിത്. പത്താംക്ലാസ് യോഗ്യതയുള്ളവർക്കായി ഒരു വർഷം കാലയളവുള്ള ഈ സർട്ടിഫിക്കറ്റ് കോഴ്സുകൾ തിരുവനന്തപുരം ആയുർവ്വേദ കോളജിൽ നടത്തുന്നു. www.ayurveda.kerala.gov.in

8.കേരള ഗവൺമെൻറ്​ സർട്ടിഫിക്കറ്റ് കോഴ്സസ് ഇൻ എൻജിനീയറിങ് (കെ.ജി.സി.ഇ)

സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഓട്ടോമൊബൈൽ, റഫ്രിജറേഷൻ ആൻഡ്​ എയർ കണ്ടീഷനിങ്​, ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ, റേഡിയോ & ടെലിവിഷൻ എൻജിനീയറിങ്​ എന്നീ ശാഖകളിൽ രണ്ട് വർഷം കൊണ്ട് പൂർത്തിയാകുന്ന സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സ്വകാര്യ പരിശീലന കേന്ദ്രത്തിൽ പഠനം പൂർത്തിയാക്കി പരീക്ഷ എഴുതാം. വെബ് സൈറ്റ് www.dtekerala.gov.in

9.കേരള ഗവൺമെന്റ് ടെക്നിക്കൽ എക്സാമിനേഷൻ (കെ.ജി.ടി.ഇ)

ടൈപ്പ്റൈറ്റിങ്​ ഇംഗ്ലീഷ് / മലയാളം / ഹിന്ദി (ലോവർ & ഹയർ), ഷോർട്ട് ഹാൻഡ്​ ഇംഗ്ലീഷ്/മലയാളം (ലോവർ &ഹയർ), കമ്പ്യൂട്ടർ വേർഡ് പ്രോസസിങ്​ ഇംഗ്ലീഷ്/മലയാളം (ലോവർ & ഹയർ) എന്നിവ ഒരു വർഷം കൊണ്ട് പഠനം പൂർത്തിയാക്കാവുന്ന ജോലി സാധ്യതയുള്ള കോഴ്സുകളാണ്. സ്വകാര്യ പഠന കേന്ദ്രത്തിൽ പഠിച്ച് പരീക്ഷ എഴുതിയാൽ മതിയാകും. ടൈപ് റൈറ്റിങ്​ (ഇംഗ്ലീഷ് & മലയാളം) കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിങ്​ എന്നിവയോടൊപ്പം പ്ലസ് ടു യോഗ്യത കൂടി ഉണ്ടെങ്കിൽ എൽ. ഡി. ടൈപ്പിസ്റ്റ് തസ്തികയ്ക്ക് അപേക്ഷിക്കാം. വെബ് സൈറ്റ് www.dtekerala.gov.in

10.പോളിടെക്നിക് കോളജുകളിൽ ഹ്രസ്വകാല കോഴ്‌സുകൾ

കേരളത്തിലെ വിവിധ പോളിടെക്നിക്ക് കോളജുകളിൽ പത്താം ക്ലാസ്സ് യോഗ്യതയുള്ളവർക്ക് രണ്ട് മാസം മുതൽ ആറു മാസം വരെയുള്ള ഹ്രസ്വകാല കോഴ്സുകൾ പഠിക്കാം. ഓട്ടോകാഡ്, കമ്പ്യൂട്ടർ ഹാർഡ് വെയർ മെയിൻറനൻസ്, ഡി.ടി.പി, മൊബൈൽ ഫോൺ സർവ്വീസിങ്​, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്​ എന്നീ കോഴ്സുകൾക്ക് തൊഴിൽ സാധ്യതകൾ ഏറെയാണ്. കൂടാതെ ഇൻഡസ്ട്രിയൽ ഫയർ സേഫ്റ്റി, ഓയിൽ ആൻറ് ഗ്യാസ് പ്ലാൻറ്​ ഓപ്പറേഷൻ, ഇൻഡസ്ട്രിയൽ ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ്, ഷിപ്പിങ്​ & ലോജിസ്റ്റിക്സ്, സിവിൽ കൺസ്ട്രക്ഷൻ എൻജിനീയറിങ്​, ഇൻറീരിയർ ആർക്കിടെക്ചറൽ ഡിസൈൻ, മെക്കാനിക്കൽ, ഓട്ടോമൊബൈൽ എൻജിനീയറിങ്​, എൻറർപ്രൈസ് നെറ്റ് വർക്ക്, ഫൈബർ ഒപ്റ്റിക്സ് & ഡിജിറ്റൽ സെക്യൂരിറ്റി തുടങ്ങിയ വിഷയങ്ങളിൽ ഒരു വർഷം ദൈർഘ്യമുള്ള പ്രഫഷണൽ ഡിപ്ലോമ കോഴ്സുകളും ഇവിടെ പഠിക്കാം.

Tags:    
News Summary - Top 10 courses after 10th exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.