ഉന്നതവിദ്യാഭ്യാസരംഗത്ത് കേരളം മുന്നിലെന്ന മന്ത്രിയുടെ അവകാശം അടിസ്ഥാനരഹിതം-സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളം നമ്പർ ഒന്നാണെന്നുള്ള, മന്ത്രി ആർ. ബിന്ദുവിന്റെ വെളിപ്പെടുത്തൽ അടിസ്ഥാനമാണെന്ന് സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി. 2025 ൽ പ്രസിദ്ധപ്പെടുത്തിയ കേന്ദ്ര നീതിആയോഗിന്റെ റിപ്പോർട്ടിൽഇത് വ്യക്തമാണെന്നും പ്രസ്താവനയിൽ അറിയിച്ചു. മറ്റ് തെക്കേന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം വളരെ പിന്നിലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നു.

ഉന്നത വിദ്യാഭ്യാസ മേഖല മെച്ചപ്പെടണമെങ്കിൽ രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനതല സർവകലാശാലകളുടെയും നിലവാരം ഉയരേണ്ടതുണ്ട്. കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഐ.ഐ.ടി /ഐസർ സമാന സ്ഥാപനങ്ങൾമാത്രം ഉയർന്ന നിലവാരം പുലർത്തുന്നത് കൊണ്ട് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖല ഉന്നതിയിൽ എത്തില്ലെന്ന തിരിച്ചറിവാണ് കേന്ദ്രസർക്കാരിന്റെ നീതി ആയോഗ് നടത്തിയ പഠനം വെളിവാക്കുന്നത്.

കഴിഞ്ഞ മാസം കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച നീതി ആയോഗിന്റെ റിപ്പോർട്ടിൽ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവിലെ അവസ്ഥ, സംസ്ഥാന സർവകലാശാലകളെ കുറിച്ചുള്ള അവലോകനം, സംസ്ഥാനങ്ങളുടെയും സംസ്ഥാന സർവകലാശാലകളുടെയും പങ്കാളിത്തത്തോടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പഠന ഗവേഷണ നിലവാരം ഉയർത്തേണ്ടതിന്റെ ആവശ്യകത എന്നിവ വ്യക്തമാക്കുന്നു. 

സർവകലാശാല സാന്ദ്രതയിൽ കേരളം ദേശീയ ശരാശരിയായ 0.8 ൽ ആണ്. മാത്രമല്ല തെന്നിന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്നാട്(0.9), കർണാടക (1.1) ആന്ധ്രപ്രദേശ് (0.9) എന്നിവയുടെ പിന്നിലാണ്. കോളജ് സാന്ദ്രതയുടെകാര്യത്തിലും കേരളം മറ്റു തെന്നിന്ത്യൻ സംസ്ഥാനത്തെക്കാൾ പിന്നിലാണ്. കേരളം -46 ശതമാനം, കർണാടക -66, ആന്ധ്രപ്രദേശ്- 49, തെലുങ്കാന 52 ശതമാനം എന്നാണ് കണക്കുകൾ.

സംസ്ഥാനങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടുന്ന 18നും 23നുമിടയിൽ പ്രായമുള്ള കുട്ടികൾ ദേശീയതലത്തിൽ 28.4 ശതമാനം ആയിരിക്കുമ്പോൾ തമിഴ്നാട് 47ശതമാനവും ഹിമാചൽപ്രദേശ് 43 ശതമാനവും, കേരളം 41.3 ശതമാനവും തെലുങ്കാന 40 ശതമാനവും ആണ്.

കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംങ്ങ് ഫ്രെയിംവർക്ക്‌ (എൻ.എ.ആർ.എഫ്)കണക്ക് പ്രകാരം ഇന്ത്യയിലെ ഏറ്റവും മികച്ച നൂറ് സർവകലാശാലകളിൽ കേരളത്തിൽ വെറും നാല് ശതമാനം മാത്രമാണ് മികവുള്ളത്. ഇവിടുള്ള 14 സർവകലാശാലകളിൽ മൂന്നെണ്ണമാണ് ഉയർന്ന അക്രെഡിറ്റേഷന് അർഹത നേടിയത്. തമിഴ്നാട്ടിൽ 22 ശതമാനം സ്ഥാപനങ്ങളും, കർണാടകയിൽ 11വും, യു പിയിൽ ഒമ്പതും, മഹാരാഷ്ട്രയിൽ 10 വും പഞ്ചാബിൽ ഏഴും ആന്ധ്രയിൽ അഞ്ച് ശതമാനവും സർവകലാശാലകൾ ആദ്യ നൂറു സർവകലാശാലകളിൽ ഇടംനേടി.

പഠനം,ഗവേഷണ നിലവാരം എന്നിവയിൽ കേരളം ദേശീയതലത്തിൽ വളരെ പിന്നിലാണെന്നതാണ് നിലവിലെ കണക്കുകൾ വ്യക്തമാക്കുന്നത്. വിദ്യാർഥി അധ്യാപക അനുപാത കണക്കിൽ രാജ്യത്ത് ഒന്നാം സ്ഥാനമെന്ന് അവകാശപെടുന്ന  കേരളത്തിന്റെത് 15 ആയിരിക്കുമ്പോൾ അയൽ സംസ്ഥാനമായ തമിഴ് നാടിന്റേത് 14 ആണ്.

നീതി ആയോഗിന്റെ റിപ്പോർട്ട് പ്രകാരം അക്രഡിറ്റേഷനുള്ള അഫിലിയേറ്റഡ് യൂനിവേഴ്സിറ്റികളുടെ ദേശീയശരാശരി 39 ശതമാനം ഉള്ളപ്പോൾ കേരളം 35 ശതമാനവും തമിഴ്നാട് -76, കർണാടക -47, മഹാരാഷ്ട്ര -49, യൂ.പി-46, ആന്ധ്രാപ്രദേശ് 36 ശതമാനവുമാണ്.

ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അടിക്കടിയുള്ള പ്രസ്താവന  പൊള്ളയാണെന്നതിന് വ്യക്തമായ തെളിവാണ് കേന്ദ്ര നീതി ആയോഗ് പഠന റിപ്പോർട്ട്. മന്ത്രിക്ക് സർവകലാശാല ഭരണത്തിൽ നേരിട്ട് ഇടപെടാൻ അധികാരങ്ങൾ നൽകുന്ന പുതിയ നിയമ ഭേദഗതികൂടി നിലവിൽ വരുന്നതോടെ  ഉന്നത വിദ്യാഭ്യാസ മേഖല കൂടുതൽ  തകരുമെന്നും  സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പ്രസ്താനയിൽ മുന്നറിയിപ്പ് നൽകി.

Tags:    
News Summary - The minister's claim that Kerala is ahead in the field of higher education is baseless - Save University Campaign Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.