ഫയൽ ചിത്രം

ഉച്ചയ്ക്ക് ഫ്രൈഡ് റൈസും ബിരിയാണിയുമൊക്കെ നല്ലതാ.., പക്ഷേ അതിനുള്ള പണം കൂടി തരണമെന്ന് അധ്യാപക സംഘടനകൾ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണ മെനു പുതുക്കിയ സർക്കാർ നടപടിയെ അംഗീകരിക്കുമ്പോഴും പദ്ധതി തുക വർധിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടുവെക്കുകയാണ്‌ അധ്യാപക സംഘടനകൾ. ഫ്രൈഡ് റൈസും ബിരിയാണിയും വിവിധതരം കറികളും ഉൾപ്പെടെ വിദ്യാഭ്യാസ മന്ത്രി പറഞ്ഞ സ്‌കൂൾ ഉച്ചഭക്ഷണ മെനു സ്വാഗതാർഹമാണ്‌. എന്നാൽ, ഇതിന്‌ മതിയായ തുക അനുവദിക്കണമെന്ന്‌ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷനും (കെ.പി.പി.എച്ച്.എ) കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷനും (കെ.പി.എസ്.ടി.എ) ആവശ്യപ്പെട്ടു.

നിലവിൽ എൽ.പിയിലെ ഒരു കുട്ടിക്ക് അനുവദിച്ചിട്ടുള്ളത് വെറും 6 രൂപ 78 പൈസയാണ്. യു.പി വിഭാഗത്തിന്‌ 10.17 രൂപയും. ഇതുപോലും മാസങ്ങളോളം കുടിശ്ശികയാവുകയും ഹൈകോടതിയിൽ പ്രഥമാധ്യാപക സംഘടന ഉൾപ്പെടെ നൽകിയ കേസ് പരിഗണിക്കുന്ന മുറക്ക്​ മാത്രം മൂന്നും നാലും മാസത്തെ തുക അനുവദിക്കുകയും ചെയ്യുന്ന സ്ഥിതിയാണ്‌.

പുതിയ മെനു നടപ്പാക്കണമെങ്കിൽ എൽ.പി വിഭാഗത്തിന് 12 രൂപ, അപ്പർ പ്രൈമറിക്ക് 14 രൂപ നിരക്കുകളിൽ തുക അനുവദിക്കാൻ സർക്കാർ തയാറാകണം. അതോടൊപ്പം സംസ്ഥാന പോഷാഹാര പദ്ധതിയായ പാലിനും മുട്ടക്കും നിലവിലെ തുച്ഛമായ തുകയായ 4.32 രൂപയിൽനിന്ന് 6.50 രൂപയായി വർധിപ്പിക്കണമെന്നും നൂറു കുട്ടികൾക്ക് മുകളിൽ രണ്ട് പാചക തൊഴിലാളികളെയും, 500 കുട്ടികൾക്ക് മുകളിൽ ഒരു സഹായിയെയും അനുവദിക്കാൻ സർക്കാർ തയാറാകണമെന്നും കെ.പി.പി.എച്ച്.എ സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാറും പ്രസിഡൻറ് പി. കൃഷ്ണപ്രസാദും ആവശ്യപ്പെട്ടു.

ഉച്ചഭക്ഷണ വിതരണത്തിനുവേണ്ടി പ്രഥമാധ്യാപകർ പണം പിരിക്കാൻ ഇറങ്ങണമെന്ന മന്ത്രിയുടെ പ്രസ്താവന അംഗീകരിക്കാൻ കഴിയുന്നതല്ല. അധ്യാപകരുടെ ജോലി കുട്ടികളെ പഠിപ്പിക്കുക എന്നുള്ളതാണ്, പണപ്പിരിവല്ല. മതിയായ തുക അനുവദിക്കാത്ത പക്ഷം ഇപ്പോൾ പ്രഖ്യാപിച്ച മെനു നടപ്പാക്കാൻ കഴിയില്ല. മതിയായ തുക അനുവദിക്കുന്നതിനോടൊപ്പം ചെലവിനുള്ള പണം ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്തേതുപോലെ മുൻകൂറായി അനുവദിക്കണമെന്നും കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ കെ. അബ്ദുൽ മജീദ്, ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, ട്രഷറർ അനിൽകുമാർ വട്ടപ്പാറ എന്നിവർ ആവശ്യപ്പെട്ടു.

എന്നാൽ, ഉച്ചഭക്ഷണ തൊഴിലാളികളെ പരിഗണിക്കാത്ത നൂൺമീൽസ്‌ മെനു അംഗീകരിക്കില്ലെന്ന നിലപാടിലാണ്‌ എ.ഐ.ടി.യു.സി. ഇരുനൂറ്റിയമ്പത് കുട്ടികൾക്ക് ഒരു തൊഴിലാളി എന്ന അനുപാതം 2016ലെ മിനിമം കൂലി വിജ്ഞാപനത്തിലും കഴിഞ്ഞ ഏപ്രിൽ 29ന് വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർത്ത യോഗത്തിലും ഉറപ്പ് നൽകിയിട്ടുള്ളതാണെങ്കിലും ഇതുവരെ അതും നടപ്പാക്കിയിട്ടില്ല. നൂറ്റിയമ്പത് കുട്ടികൾക്ക് ഒരു പാചക തൊഴിലാളി എന്ന അനുപാതത്തിൽ തൊഴിലാളികളെ പുനർവിന്യസിക്കാനും നാലുവർഷമായി തടഞ്ഞുവെച്ചിരിക്കുന്ന വേതന വർധന മുൻകാല പ്രാബല്യത്തോടെ നടപ്പാക്കാനും സർക്കാർ തയാറാകണമെന്നും ഇല്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്നും എ.ഐ.ടി.യു.സി നേതാക്കൾ പറഞ്ഞു. 

Tags:    
News Summary - The lunch menu is good, but teachers' unions want more money for it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.