നീറ്റ്​ പരീക്ഷക്കെതിരായ ബിൽ നിയമസഭയിൽ അവതരിപ്പിച്ച്​ തമിഴ്​നാട്​ സർക്കാർ

ചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷനൽ ​എലിജിബിലിറ്റി കം എൻട്രൻസ്​ ടെസ്​റ്റിന്​ (നീറ്റ്​ പരീക്ഷ) എതിരായ ബിൽ തമിഴ്​നാട്​ നിയമസഭയിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ്​ ബിൽ അവതരിപ്പിച്ചത്​. പ്രതിപക്ഷം ബില്ലിനെ അനുകൂലിച്ചു. ഇതോടെ രാജ്യത്ത്​ നീറ്റ്​ പരീക്ഷക്കെതിരെ ആദ്യം രംഗത്തെത്തുന്ന സംസ്​ഥാനമാകും തമിഴ്​നാട്​.

പ്ലസ്​ടു മാർക്കിന്‍റെ അടിസ്​ഥാനത്തിൽ മെഡിക്കൽ കോഴ്​സിന്​ പ്രവേശനം ലഭ്യമാക്കണമെന്നാണ്​ ബില്ലിലെ ആവശ്യം. സാമൂഹിക നീതിയും തുല്യതയും ഉറപ്പാക്കുന്നതിനൊപ്പം എല്ലാവർക്കും അവസരം നൽകി വിദ്യാർഥി സമൂഹങ്ങളെ വിവേചനങ്ങളിൽനിന്ന്​ സംരക്ഷിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. സംസ്​ഥാന സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക്​ കൂടി മെഡിക്കൽ, ഡെന്‍റൽ കോഴ്​സുകളിലേക്ക്​ പ്രവേശനം അനുവദിക്കുന്നതിനാണ്​ നീക്കം.

കഴിഞ്ഞദിവസം നീറ്റ്​ പരീക്ഷ പേടിയെ തുടർന്ന്​ ഒരു വിദ്യാർഥി കൂടി ആത്മഹത്യ ചെയ്​തിരുന്നു. ഇതാണ്​ ബിൽ വേഗത്തിലാക്കാൻ തമിഴ്​നാടിനെ പ്രേരിപ്പിച്ചത്​. അധികാരത്തിലെത്തിയാൽ നീറ്റ്​ ഒഴിവാക്കുമെന്ന്​ ഡി.എം.കെ തെരഞ്ഞെടുപ്പ്​ വാഗ്​ദാനം നൽകിയിരുന്നു.

രാജ്യമെമ്പാടും ഒറ്റ പരീക്ഷയുടെ അടിസ്​ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്തുന്നതോടെ സർക്കാർ സ്​കൂളിൽ പഠിച്ചിറങ്ങുന്ന പാവപ്പെട്ട വിദ്യാർഥികൾക്ക്​ ​പ്രവേശനം നിഷേധിക്കുന്നുവെന്ന്​ സ്റ്റാലിൻ പറഞ്ഞു. നീറ്റ്​ പരീക്ഷ വഴി സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക്​ മെഡിക്കൽ പ്രവേശനം നിഷേധിക്കപ്പെടുന്നുവെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

സേലം മേട്ടൂർ സ്വദേശി ധനുഷ്​ എന്ന 18കാരനെയാണ്​ കഴിഞ്ഞദിവസം ആത്മഹത്യചെയ്​ത നിലയിൽ കണ്ടെത്തിയത്​. ധനുഷ്​ രണ്ടുതവണ നീറ്റ്​ പരീക്ഷ എഴുതിയിരുന്നെങ്കിലും ജയിക്കാനായിരുന്നില്ല. ഇത്തവണയും ജയിക്കാൻ കഴിയുമോ എന്ന പേടിയാണ്​ ആത്മഹത്യയിലേക്ക്​ എത്തിച്ചതെന്നും കുടുംബം പറഞ്ഞു. 2018ൽ അനിത എന്ന വിദ്യാർഥിനിയുടെ ആത്മഹത്യയും നീറ്റ്​ പരീക്ഷക്കെതിരായ വൻ പ്രക്ഷോഭങ്ങൾക്ക്​ തുടക്കമിട്ടിരുന്നു. വിദ്യാർഥിയുടെ ആത്മഹത്യയോടെ ഈ രീതി അവസാനിപ്പിക്കണമെന്നും രാജ്യത്തെ മറ്റ്​ മുഖ്യമന്ത്രിമാരും ഇതിനെതിരെ രംഗത്തെത്തണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു. 

Tags:    
News Summary - Stalin introduces Bill in Tamil Nadu Assembly seeking permanent exemption from NEET

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.