വിദ്യാർഥി വിസയുടെ നിബന്ധനകൾ പാലിച്ചില്ലെങ്കിൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി യു.എസ് എംബസി

ന്യൂഡൽഹി: ഇന്ത്യൻ വിദ്യാർഥികൾക്ക് കർശനമായ മുന്നറിയിപ്പുമായി അമേരിക്ക. വിദ്യാർഥി വിസയുടെ നിബന്ധനകൾ കർശനമായി പാലിക്കണമെന്നും വിസ വ്യവസ്ഥകൾ ലംഘിച്ചാൽ ഉടനടി വിസ റദ്ദാക്കൽ, ഭാവിയിലെ യു.എസ് വിസകൾക്ക് യോഗ്യതയില്ലായ്മ എന്നിവ ഉൾപ്പെടെയുള്ള പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ന്യൂഡൽഹിയിലെ യു.എസ് എംബസി മുന്നറിയിപ്പ് നൽകി.

വിസ നിബന്ധനകൾ പാലിക്കണം. ക്ലാസുകൾ ഒഴിവാക്കുകയോ, അല്ലെങ്കിൽ പഠിക്കുന്ന സ്ഥാപനത്തിനെ അറിയിക്കാതെ പഠനം ഉപേക്ഷിക്കുകയോ ചെയ്താൽ, വിദ്യാർഥി വിസ റദ്ദാക്കപ്പെടാം. ഭാവിയിലെ യു.എസ് വിസകൾക്കുള്ള യോഗ്യതയും നഷ്ടപ്പെടും. ശരിയായ രീതിയിൽ അറിയിപ്പ് നൽകാതെ അക്കാദമിക് പ്രോഗ്രാമുകളിൽ നിന്ന് പുറത്തുപോകുന്നതോ, ക്ലാസുകൾ ഒഴിവാക്കുന്നതോ, സർവകലാശാലകൾ വിടുന്നതോ ആയ വിദ്യാർഥികൾ അവരുടെ വിസാ നിബന്ധനകളുടെ നേരിട്ടുള്ള ലംഘനമാണ് നടത്തുന്നതെന്ന് യു. എസ് എംബസി അറിയിച്ചു. അന്താരാഷ്ട്ര വിദ്യാർഥികൾക്കിടയിൽ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നിർദേശം.

മുൻകൂർ അറിയിപ്പ് കൂടാതെ വിസ റദ്ദാക്കിക്കൊണ്ട് യു.എസ് സർക്കാർ അന്താരാഷ്ട്ര വിദ്യാർഥികൾക്കെതിരായ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. പല കേസുകളിലും, അന്താരാഷ്ട്ര വിദ്യാർഥികളുടെ വിവരങ്ങൾ ട്രാക്ക് ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി വെബ് അധിഷ്ഠിത പ്ലാറ്റ്‌ഫോമായ സെവിസ്(SEVIS) സംവിധാനമുണ്ട്.

ബിരുദാനന്തരം യു.എസിൽ ജോലി ചെയ്യുന്ന വിദ്യാർഥികൾക്ക് നിർണായകമായ ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (OPT) ഒഴിവാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ പദ്ധതിയെ ഇന്ത്യൻ, അന്താരാഷ്ട്ര വിദ്യാർഥികൾ ഭയപ്പെടുന്നുണ്ട്. ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് പ്രോഗ്രാം അവസാനിപ്പിക്കുന്നതിനായി യു.എസ് നിയമനിർമാതാക്കൾ ഇതിനകം തന്നെ ഒരു ബിൽ അവതരിപ്പിച്ചിട്ടുണ്ട്.

Tags:    
News Summary - Skip classes, lose your visa: US's big warning to Indian, foreign students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.