തൊടുപുഴ: പുതിയ അധ്യയന വർഷം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം. സ്കൂളുകൾക്ക് ഫിറ്റ്നസ്, സ്കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കൽ എന്നിവയുമായി ബന്ധപ്പെട്ട പരിശോധനകൾ തുടങ്ങിക്കഴിഞ്ഞു. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിപണിയും സജീവമായിക്കഴിഞ്ഞു. വിദ്യാലയങ്ങളിൽ ഫിറ്റ്നസ് പരിശോധനക്കുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. സ്കൂൾ കെട്ടിടങ്ങൾക്ക് പ്രവർത്തനാനുമതി ലഭിക്കുന്നതിന് അടിത്തറ മുതൽ മേൽക്കൂര വരെ ഫിറ്റാണെന്ന് പരിശോധനയിൽ ബോധ്യപ്പെടണം.
ഓരോ അധ്യയന വർഷവും ക്ലാസ് തുടങ്ങുംമുമ്പ് സ്കൂളുകൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നതാണ് ചട്ടം. കെട്ടിടത്തിന്റെ ബലം, അടിത്തറ, മേൽക്കൂര, കതക്, ജനൽ, തടിപ്പണികൾ, ഫയർ ആൻഡ് സേഫ്റ്റി തുടങ്ങി എല്ലാ കാര്യങ്ങളും പരിശോധിക്കേണ്ടതുണ്ട്. പരിശോധനകൾ എത്രയും വേഗത്തിൽ പൂർത്തിയായാൽ മാത്രമേ ആവശ്യമുള്ള മാറ്റങ്ങൾ പ്രാവർത്തികമാക്കാൻ സ്കൂൾ അധികൃതർക്ക് സമയം കിട്ടൂ. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ സ്കൂളുകൾ പ്രവർത്തിച്ചാൽ സ്കൂൾ മാനേജർമാരും പ്രഥമാധ്യാപകരും കുറ്റക്കാരാകും.
നിലവിൽ ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ സ്കൂൾ മേൽക്കൂരകൾ നീക്കം ചെയ്യുമ്പോൾ നോൺ ആസ്ബസ്റ്റോസ് ഷീറ്റുകൾ ഉപയോഗിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ടിൻ, അലുമിനിയം ഷീറ്റ് മേഞ്ഞ സ്കൂൾ കെട്ടിടങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ഫാൾസ് സീലിങ് ചെയ്യാനും നിർദേശിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നത്. മേൽക്കൂരയായി ആസ്ബസ്റ്റോസ് ഷീറ്റുകൾ പാടില്ല. കെട്ടിടം, ഫർണിച്ചറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, കിണറുകളിലെ സുരക്ഷാഭിത്തികൾ, മുന്നറിയിപ്പ് ബോർഡുകൾ, സ്കൂളും പരിസരവും വൃത്തിയാക്കൽ, കുടിവെള്ള സ്രോതസ്സുകൾ വൃത്തിയാക്കൽ, ശുചിമുറികളുടെ അവസ്ഥ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചാണ് ഫിറ്റ്നസ് നൽകുക.
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഒരുക്കങ്ങൾ പൂർത്തിയായി വരുകയാണെന്ന് ഇടുക്കി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.സി. ഗീത പറഞ്ഞു. 25നുള്ളിൽ ജില്ലയിലെ സ്കൂളുകൾക്ക് ഫിറ്റ്നസ് നേടാൻ കഴിയും. ജില്ലയിൽ പുസ്തക വിതരണം പുരോഗമിക്കുകയാണെന്നും ഡി.ഡി പറഞ്ഞു.
ലഹരി പരിശോധന ശക്തമാക്കണം
സ്കൂള്‍ പരിസരത്തെ കടകളില്‍ നിരോധിത പുകയില ഉൽപന്നങ്ങളും ലഹരി വസ്തുക്കുളും വിൽപന നടത്തുന്നില്ലെന്ന് പൊലീസ്, എക്സൈസ് എന്നിവരുടെ സഹായത്തോടെ പരിശോധിക്കണം. ക്ലാസുകള്‍ തുടങ്ങിയ ശേഷവും നിശ്ചിത സമയം കഴിഞ്ഞ് വീട്ടിലും വിദ്യാര്‍ഥികള്‍ എത്തിയില്ലെങ്കില്‍ രക്ഷിതാക്കളെ വിളിച്ച് വിവരം തിരക്കണം. വീട്ടില്‍നിന്നും വിദ്യാര്‍ഥി പുറപ്പെട്ട് സ്കൂളിലെത്തിയില്ലെങ്കില്‍ വിവരം ക്ലാസ് ടീച്ചര്‍ പൊലീസ് അറിയിക്കണം.
വിദ്യാലയങ്ങളില്‍ സുരക്ഷക്ക് കര്‍ശന മാര്‍ഗനിര്‍ദേശം
തൊടുപുഴ: ജൂണ്‍ രണ്ടിന് സ്കൂള്‍ തുറക്കുന്നതിനു മുന്നോടിയായി സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ജൂണ്‍ രണ്ടിന് തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്കൂളിലാണ് ഈ വര്‍ഷത്തെ ജില്ലതല പ്രവേശനോത്സവം നടക്കുന്നത്. സ്കൂളുകളുടെ അറ്റകുറ്റപ്പണി 27നകം പൂര്‍ത്തിയാക്കണം. പ്രവേശവോത്സവത്തിനു മുമ്പ് കെട്ടിടങ്ങള്‍ പെയിന്റ് ചെയ്ത് മനോഹരമാക്കണം. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂളുകള്‍ തുറക്കാന്‍ അനുവദിക്കില്ല.
അതത് തദ്ദേശ സ്ഥാപനങ്ങളില്‍നിന്നും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങി സ്കൂളില്‍ സൂക്ഷിക്കണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന സ്കൂളുകളില്‍ വാടകക്കെട്ടിടത്തിലാണ് ക്ലാസുകള്‍ നടക്കുന്നതെങ്കില്‍ ഇത് പരിശോധിച്ച് ഫിറ്റ്നസ് ഉറപ്പാക്കണം. നിര്‍മാണപ്രവര്‍ത്തനം നടക്കുന്ന സ്കൂളുകളില്‍ കുട്ടികളുടെ സുരക്ഷിതത്വത്തിന്റെ ഭാഗമായി ഇവിടം മറച്ചുകെട്ടുകയും ഇവിടേക്ക് വിദ്യാര്‍ഥികള്‍ പ്രവേശിക്കാതിരിക്കാന്‍ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്യണം.
സ്കൂള്‍ പരിസരത്ത് പ്രചാരണ സാമഗ്രികള്‍, കൊടിതോരണങ്ങള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിങ്സ് എന്നിവ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അവ നീക്കംചെയ്യണം. ട്രാഫിക് പൊലീസിന്റെ സഹായത്തോടെ സ്കൂളുകള്‍ക്കു മുന്നില്‍ മുന്നറിയിപ്പു ബോര്‍ഡുകള്‍, ട്രാഫിക് സൈന്‍ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കണം.
സ്കൂൾ വാഹനങ്ങളുടെ പരിശോധന തുടങ്ങി; ആദ്യഘട്ടം 44 വാഹനങ്ങൾ പരിശോധിച്ചു
അടിമാലി: ദേവികുളം താലൂക്കിലെ സ്കൂൾ വാഹനങ്ങളുടെ ആദ്യഘട്ട പരിശോധന അടിമാലി വിശ്വദീപ്തി സ്കൂളിൽ നടത്തി. 44 വാഹനങ്ങൾ പരിശോധിച്ചു. മാനദണ്ഡങ്ങൾ പാലിക്കാത്ത നാല് വാഹനങ്ങൾക്ക് നോട്ടീസ് നൽകി. പരിശോധനയിൽ പാസായ വാഹനങ്ങൾക്ക് സ്റ്റിക്കർ പതിച്ചു.
ദേവികുളം ജോയന്റ് ആർ.ടി.ഒ പി.ജെ. ജയിംസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എം.വി.ഐമാരായ ചന്ദ്രലാൽ, എൻ.കെ. ദീപു, എ.എം.വി.ഐമാരായ ഫവാസ് വി. സലീം, എബിൻ ഐസക്, നിഷാന്ത് ചന്ദ്രൻ, ഗുമദേഷ് എന്നിവർ പങ്കെടുത്തു. രണ്ടാംഘട്ട പരിശോധന ഈമാസം 24ന് മൂന്നാറിൽ നടത്തും. സ്കൂൾ ഡ്രൈവർമാർ, ആയമാർ എന്നിവർക്കുള്ള റോഡ് സുരക്ഷ ക്ലാസ് ഈമാസം 26ന് രാവിലെ 10ന് അടിമാലി വിശ്വദീപ്തി സ്കൂളിൽ നടത്തുമെന്ന് ജോയന്റ് ആർ.ടി.ഒ അറിയിച്ചു.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണം
വീട്ടില്‍നിന്നും സ്കൂളിലേക്കും തിരികെയും വിദ്യാര്‍ഥികള്‍ സഞ്ചരിക്കുമ്പോള്‍ അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം. സ്വകാര്യ വാഹനങ്ങള്‍, പൊതുവാഹനങ്ങള്‍, സ്കൂള്‍ വാഹനങ്ങള്‍ എന്നിവയില്‍ സഞ്ചരിക്കുന്ന വിദ്യാര്‍ഥികളുടെ സുരക്ഷക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.
സ്കൂളിന് സമീപം റോഡിന് ഇരുവശവും ഹമ്പുകള്‍, സ്പീഡ് ബ്രേക്കറുകള്‍ എന്നിവ ക്രമീകരിക്കണം. സ്കൂളിനടുത്തുള്ള വെള്ളക്കെട്ടുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവക്ക് സുരക്ഷാഭിത്തി നിര്‍മിക്കാനും ജലാശയങ്ങള്‍ക്കു മറ്റും സമീപം അപകട സാധ്യത മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കാനും നടപടിയെടുക്കണം. അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റണം. ഇഴജന്തുക്കള്‍ കയറാന്‍ സാധ്യതയുള്ള ഇടങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.