തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിൽ 5729 പേർക്ക് കൂടി അവസരം ലഭിച്ചു. 14056 സാധുവായ അപേക്ഷകളാണ് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ലഭിച്ചത്. 29069 സീറ്റുകളാണുണ്ടായിരുന്നത്. 8327 അപേക്ഷകർക്കായി ഇനി അവശേഷിക്കുന്നത് 23340 സീറ്റാണ്.
മലപ്പുറം ജില്ലയിൽ 4149 അപേക്ഷകരാണ് രണ്ടാം സപ്ലിമെന്ററിക്കായുണ്ടായിരുന്നത്. ഇതിൽ 1605 പേർക്ക് അലോട്ട്മെന്റ് ലഭിച്ചു. 2544 അപേക്ഷകർക്കായി ഇനി ജില്ലയിൽ അവശേഷിക്കുന്നത് 471 സീറ്റ് മാത്രമാണ്. കോഴിക്കോട്, പാലക്കാട് ജില്ലകളിലും സീറ്റിന്റെ നേരിയ കുറവുണ്ട്. അലോട്ട്മെന്റ് ലഭിച്ചവർ വ്യാഴാഴ്ച വൈകുന്നേരം നാലിനകം സ്കൂളിൽ ഹാജരായി പ്രവേശനം നേടണം.
പ്ലസ് വൺ ഒഴിവുള്ള സീറ്റുകളിലേക്ക് ഇനി സ്കൂൾ/ കോഴ്സ്/ അന്തർ ജില്ല ട്രാൻസ്ഫറായിരിക്കും അനുവദിക്കുക. മെറിറ്റ് സീറ്റിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഈ മാസം 19 മുതൽ 21 വരെ ട്രാൻസ്ഫർ അലോട്ട്മെന്റിനായി അപേക്ഷിക്കാം. 25ന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.
25 മുതൽ 28 വരെ പ്രവേശനം അനുവദിക്കും. രണ്ടാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം പൂർത്തിയായ ശേഷം അവശേഷിക്കുന്ന സീറ്റുകളിലേക്കായിരിക്കും ട്രാൻസ്ഫർ അലോട്ട്മെന്റ്. വിദ്യാർഥികൾക്ക് അതേ സ്കൂളിലെ മറ്റൊരു കോഴ്സ്, ഇതര സ്കൂളുകളിലെ സമാന കോഴ്സ്, മറ്റൊരു കോഴ്സ്, മറ്റൊരു ജില്ലയിലെ സ്കൂൾ/ കോഴ്സ് എന്നിവയിലേക്ക് മാറ്റത്തിനായി അപേക്ഷിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.