തിരുവനന്തപുരം: ഒ.എം.ആർ ഷീറ്റുകളുടെ അച്ചടി നിർത്തിവെക്കാൻ ആവശ്യപ്പെട്ട പി.എസ്.സി നടപടിയിൽ വിശദീകരണം തേടി അച്ചടി വകുപ്പ്. ന്യൂനതകൾ കണ്ടെത്തിയെന്ന് പറയുന്നതല്ലാതെ എന്താണ് പിഴവുകളെന്ന് ബോധ്യപ്പെടുത്തിയിട്ടില്ലെന്നും തെറ്റുകൾ ബോധ്യപ്പെടുത്തിയാൽ പരിഹരിക്കാമെന്നും അറിയിച്ച് അച്ചടി വകുപ്പ് ഡയറക്ടർ പി.എസ്.സി സെക്രട്ടറിക്ക് കത്ത് നൽകി.
പി.എസ്.സി നിർദേശിച്ച മാനദണ്ഡപ്രകാരം പ്രതിവർഷം 27 ലക്ഷത്തോളം ഒ.എം.ആർ ഷീറ്റാണ് തിരുവനന്തപുരത്തെ സെൻട്രൽ പ്രസിൽനിന്ന് അച്ചടിച്ച് നൽകുന്നത്. എന്നാൽ, കഴിഞ്ഞ ഫെബ്രുവരി 21ന് നൽകിയ 317 A, 318 A കോഡിലുള്ള ഒ.എം.ആർ ഷീറ്റുകൾ മൂല്യനിർണയം നടത്താനോ പരീക്ഷക്ക് ഉപയോഗിക്കാനോ കഴിയാത്തവയാണെന്നാണ് കണ്ടെത്തൽ. തുടർന്ന് അച്ചടിച്ചുനൽകിയ 318 A കോഡിലുള്ള 1.50 ലക്ഷം ഷീറ്റ് തിരിച്ചെടുക്കണമെന്നും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അച്ചടി നിർത്തിവെക്കാനും പി.എസ്.സി സെക്രട്ടറി നിർദേശം നൽകിയിരുന്നു.
രാജ്യത്ത് ലഭിക്കുന്നതിൽ ഏറ്റവും മികച്ച ഒ.എം.ആർ ഷീറ്റാണ് സർക്കാർ പ്രസുകളിൽനിന്ന് ലഭിക്കുന്നതെന്ന് കാണിച്ച് 2023 ജൂൺ 23ന് പി.എസ്.സി അച്ചടി വകുപ്പിന് പ്രശംസാപത്രം നൽകിയിരുന്നു. കഴിഞ്ഞ അഞ്ചുവർഷവും പി.എസ്.സി നിർദേശങ്ങളെല്ലാം കൃത്യമായി പാലിച്ചാണ് ഷീറ്റുകൾ അച്ചടിച്ചുനൽകിയതെന്ന് ഡയറക്ടറുടെ കത്തിൽ പറയുന്നു.
ന്യൂനത ചൂണ്ടിക്കാണിക്കാതെ അച്ചടി നിർത്തിവെക്കാനുള്ള പി.എസ്.സി നിർദേശത്തിൽ വകുപ്പിന് അതൃപ്തിയുണ്ട്. ന്യൂനതകൾ ശ്രദ്ധയിൽപെടുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം 11ന് അച്ചടിവകുപ്പ് ഡയറക്ടർ പി.എസ്.സി സെക്രട്ടറി സാജു ജോർജിന് കത്ത് നൽകിയെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് ഗവ. പ്രസ് സൂപ്രണ്ട് ടി.വീരാൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.