ചോദ്യപേപ്പറിലെ പിഴവുകൾക്ക് പിന്നാലെ വിഷയ, ഭാഷാ വിദഗ്ധരെ നിയമിക്കാൻ എൻ.ടി.എ; ഒക്ടോബർ ഒമ്പതുവരെ അപേക്ഷിക്കാം

ന്യൂഡൽഹി: രാജ്യത്തെ പ്രധാന പ്രവേശന പരീക്ഷകളുടെ ചോദ്യപേപ്പർ തയാറാക്കൽ, പരിശോധന, ട്രാൻസലേഷൻ തുടങ്ങിയവക്കായി വിഷയ വിദഗ്ധരെയും ഭാഷാ വിദഗ്ധരെയും ഉൾപ്പെടുത്തി പുതിയ പാനൽ രൂപീകരിക്കാൻ ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ). പരിചയസമ്പന്നരായ അധ്യാപകർ, ഗവേഷകർ, അകാദമിക് വിദഗ്ധർ, വിവിധ വിഷയങ്ങളിലെ സ്​പെഷലിസ്റ്റുകൾ എന്നിവർക്ക് സബ്ജക്ട് മാറ്റർ എക്സ്​പേർട്ട് ആയി അപേക്ഷിക്കാം. ഒക്ടോബർ ഒമ്പതാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ഭാഷാ വിദഗ്ധരെ പരീക്ഷാ ഉള്ളടക്കത്തിന്റെ ട്രാൻസലേഷൻ റിവ്യൂവിനായും പരിഗണിക്കും. ചോദ്യങ്ങൾ തയാറാക്കുന്നതിന് പുറമെ ചോദ്യങ്ങളുടെ നിലവാരം പരിശോധിക്കൽ, മോഡറേഷൻ, ഉത്തരസൂചിക പരിശോധിക്കൽ, കരിക്കുലം മാപ്പിങ്, പരീക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ തുടങ്ങിയ ജോലികളിലും വിഷയ വിദഗ്ധർക്ക് പങ്കാളികളാകാം.

സർവീസിലുള്ളതോ വിരമിച്ചതോ ആയ അധ്യാപകർ, പ്രഫസർമാർ, സ്കൂൾ അധ്യാപകർ, ഗവേഷകർ, ബന്ധപ്പെട്ട വിഷയത്തിൽ വ്യക്തമായ വൈദഗ്ധ്യമുള്ള ഡൊമെയ്ൻ സ്​പെഷലിസ്റ്റുകൾ എന്നിവർക്ക് അപേക്ഷിക്കാം.

പരീക്ഷാ ചോദ്യങ്ങളുടെ ട്രാൻസലേഷൻ പരിശോധിക്കുന്നതിനായി ഭാഷാ വിദഗ്ധരെയും എൻ.ടി.എ നിയമിക്കും. 13 ഇന്ത്യൻ ഭാഷകളിലെ ചോദ്യങ്ങളുടെ ട്രാൻസലേഷൻ ആണ് ഭാഷാ വിദഗ്ധരുടെ പ്രധാന ചുമതല. ട്രാൻസലേഷനുകളിൽ അർഥവ്യത്യാസം, ഭാഷാപിശക്, വ്യക്തത, സന്ദർഭത്തിന് അനുയോജ്യമാണോ എന്നിവ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ നിർദേശിക്കണം. ദേശീയ തലത്തിലുള്ള പരീക്ഷകളിൽ അധ്യാപന നിലവാരവും അക്കാദമിക് സമഗ്രതയും നിലനിർത്തുന്നതിന് പരിചയസമ്പന്നരായ അധ്യാപകർക്കും അക്കാദമിക് വിദഗ്ധർക്കും സംഭാവന നൽകാൻ കഴിയുമെന്ന് എൻ‌.ടി.‌എ പറഞ്ഞു.

പരീക്ഷാ ചോദ്യപേപ്പറുകളിലെ തെറ്റുകളുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നതിന് പിന്നാലെയാണ് എൻ.ടി.എയുടെ തീരുമാനം. നെറ്റ് പരീക്ഷയിൽ സോഷ്യോളജി, കൊമേഴ്സ്, ഇംഗ്ലീഷ് എന്നിവയുടെ ചോദ്യപേപ്പറുകളിലെ പിഴവിനെ തുടർന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. 

Tags:    
News Summary - NTA Invites Applications for Subject Experts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.