പ്രതീകാത്മക ചിത്രം

എസ്.എസ്.എൽ.സി: വിഷയ മിനിമം ഇത്തവണയില്ല

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഈ വർഷം മുതൽ ജയിക്കാൻ ഓരോ വിഷയത്തിലും എഴുത്തുപരീക്ഷയുടെ 30 ശതമാനം മാർക്ക് വേണമെന്ന വിഷയ മിനിമം നിബന്ധന പൊതുവിദ്യാഭ്യാസ വകുപ്പ് മരവിപ്പിച്ചു. വിശദ പഠനത്തിനുശേഷം അടുത്ത വർഷം മുതൽ നടപ്പാക്കാനാണ് ആലോചന.

പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ മന്ത്രി എൻ. ഷംസുദ്ദീൻ ചുമതലപ്പെടുത്തി. കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് വി. ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോഴാണ്, വർഷങ്ങൾക്ക് മുമ്പ് എടുത്തുകളഞ്ഞ വിഷയ മിനിമം തിരികെ കൊണ്ടുവരാൻ തീരുമാനിച്ചത്. ആദ്യ ഘട്ടം എട്ട്, ഒമ്പത് ക്ലാസുകളിൽ നടപ്പാക്കി. ഓരോ വിഷയത്തിലും എഴുത്തുപരീക്ഷയിൽ 30 ശതമാനം മാർക്ക് നേടിയാലേ ജയിക്കാനാവൂ. ഇതിന്റെ തുടർച്ചയായി ഇത്തവണ എസ്.എസ്.എൽ.സിക്കും നടപ്പാക്കേണ്ടതായിരുന്നു. വിഷയ മിനിമം നടപ്പാക്കിയാൽ വിജയശതമാനം കുത്തനെ 60-65 ശതമാനത്തിലേക്കു കുറയുമെന്നാണ് കണ്ടെത്തിയത്.

പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞു കിടക്കാനും അധ്യാപക തസ്തിക ഇല്ലാതാക്കാനും വഴിവെക്കുമെന്നും വിലയിരുത്തിയാണ് മരവിപ്പിക്കാൻ തീരുമാനിച്ചത്. പുതിയ സർക്കാർ വന്ന ശേഷമുള്ള ആദ്യ എസ്.എസ്.എൽ.സി വിജയശതമാനം കുത്തനെ ഇടിയുന്നത് ഒഴിവാക്കുന്നതാണ് ഉചിതമെന്നും വിലയിരുത്തി. ഏതാനും വർഷങ്ങളായി എസ്.എസ്.എൽ.സി വിജയം 99 ശതമാനത്തിനു മുകളിലാണ്. പൊതുവിദ്യാഭ്യാസമന്ത്രിയും ഡയറക്ടർ സ്നേഹിൽകുമാർ സിങ്ങും തമ്മിൽ നടന്ന ചർച്ചയിലാണ് തൽകാലം വിഷയമിനിമം നടപ്പാക്കേണ്ടതില്ല എന്നു തീരുമാനിച്ചത്. ചോദ്യപേപ്പർ മാതൃകയിലും മാറ്റം കൊണ്ടുവന്നിരുന്നു. 30 ശതമാനം എളുപ്പമുള്ളത്, 50 ശതമാനം ശരാശരി, 20 ശതമാനം കടുപ്പമുള്ളത് എന്നിങ്ങനെ ആയിരുന്നു ചോദ്യപേപ്പറിന്‍റെ ഘടന. ഇതിന്‍റെ ഫലമായി തോൽവിയുണ്ടായില്ലെങ്കിലും എ പ്ലസ് കുറഞ്ഞിരുന്നു.

Tags:    
News Summary - No subject minimum for SSLC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.