ഏഴിലെത്തിയിട്ടും പൂജ്യത്തിൽ, കൂട്ടാനും കുറയ്ക്കാനും അറിയില്ല; പ്രൈമറി സ്കൂൾ അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ്
ബെംഗളൂരു: ഏഴാം ക്ലാസ്സിൽ എത്തിയിട്ടും ലളിതമായ കണക്കുകളും മാതൃഭാഷയിലെ അക്ഷരങ്ങളും വഴങ്ങാത്ത വിദ്യാർഥികളുടെ പഠന പിന്നാക്കാവസ്ഥയിൽ കർണാടകയിൽ അധ്യാപകർക്കെതിരെ നടപടി. ചിക്ബല്ലാപൂർ താലൂക്കിലെ വിവിധ പ്രൈമറി സ്കൂളുകളിലെ 180 അധ്യാപകർക്കാണ് വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. പ്രാദേശിക നിയമസഭാംഗം പ്രദീപ് ഈശ്വർ മണ്ഡലത്തിലെ സ്കൂളുകളിൽ നടത്തിയ അപ്രതീക്ഷിത സന്ദർശനമാണ് പ്രൈമറി തലത്തിലെ ദാരുണമായ വിദ്യാഭ്യാസ നിലവാരം വെളിച്ചത്തുകൊണ്ടുവന്നത്.
ഏഴാം ക്ലാസുകാരായ പല കുട്ടികൾക്കും പ്രാഥമിക സംഖ്യാക്രിയകൾ ചെയ്യാനോ കന്നഡ അക്ഷരങ്ങൾ തെറ്റില്ലാതെ എഴുതാനോ സാധിക്കുന്നില്ലെന്ന് അദ്ദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് എം.എൽ.എയുടെ നിർദേശപ്രകാരം ബി.ആർ.പി, സി.ആർ.പി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി പ്രത്യേക ഗുണനിലവാര പരിശോധന സംഘടിപ്പിച്ചു. ഇതിൽ തൃപ്തികരമായ പ്രകടനം കാഴ്ചവെക്കാൻ സാധിക്കാത്ത കുട്ടികളുടെയും മുൻ വർഷങ്ങളിൽ ഇവർക്ക് ക്ലാസെടുത്ത അധ്യാപകരുടെയും വിവരങ്ങൾ ശേഖരിച്ചാണ് ബ്ലോക്ക് എജ്യുക്കേഷൻ ഓഫീസർ നടപടി സ്വീകരിച്ചത്.
കുട്ടികളിലെ ശേഷീവികസനത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വലിയ തുക വകയിരുത്തുമ്പോൾ അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരമായ വീഴ്ചകൾ അംഗീകരിക്കാനാവില്ലെന്ന് അധികൃതർ വ്യക്തമാക്കി. ലഭിക്കുന്ന മറുപടികളുടെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ സർവീസ് ചട്ടപ്രകാരമുള്ള ശിക്ഷാനടപടികൾ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.