‘ചോദ്യ പേപ്പർ ചോർച്ച തടയാൻ കഴിയില്ല, ടെലഗ്രാമിനെ തടയുന്നു’; നീറ്റ് പുനഃപരീക്ഷക്ക് മുന്നോടിയായി ടെലഗ്രാം നിരോധിച്ചതിനെ വിമ​ർശിച്ച് നിസർഗ അധികാരി

ന്യൂഡൽഹി: നീറ്റ് യു.ജി പുനഃപരീക്ഷ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനായി ഇന്ത്യയിൽ താൽക്കാലികമായി ടെലഗ്രാം നിരോധിച്ചതിനെതിരെ സി.ബി.എസ്.ഇ പരീക്ഷാ പോർട്ടലിലെ ഗുരുതര സുരക്ഷാ വീഴ്ചകൾ കണ്ടെത്തി ശ്രദ്ധേയനായ 19കാരൻ നിസർഗ അധികാരി. ‘പേപ്പർ ചോർച്ച തടയാൻ കഴിയില്ല, ടെലിഗ്രാമിനെ തടയുന്നു’ എന്നായിരുന്നു നിസർഗയുടെ പ്രതികരണം.

ടെലഗ്രാം നിരോധിച്ചാൽ മാത്രം ചോദ്യപേപ്പർ ചോർച്ചകൾ അവസാനിക്കില്ലെന്നും പ്രശ്നത്തിന്റെ വേരുകൾ പരീക്ഷാ സംവിധാനത്തിനുള്ളിലാണെന്നും നിസർഗ ചൂണ്ടിക്കാട്ടി. നീറ്റ് യു.ജി പുനഃപരീക്ഷക്ക് മുമ്പ് വ്യാജ ചോദ്യപേപ്പറുകളും തട്ടിപ്പുകളും തടയുന്നതിനായി കേന്ദ്രസർക്കാർ ജൂൺ 22വരെ മെസേജിങ് പ്ലാറ്റ്ഫോമായ ടെലഗ്രാമിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ നീക്കത്തെ ദേശീയ പരീക്ഷാ ​ഏജൻസി (എൻ.ടി.എ) സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.

‘പേപ്പർ ചോർച്ച തടയാൻ കഴിയില്ല. ടെലഗ്രാമിനെ തടയുന്നു. ടെലഗ്രാമിന്റെ ആർക്കിടെക്ചർ ഉപയോക്താക്കൾക്ക് പ്രോക്സികളിലൂടെയും മറ്റ് സർകംവെൻഷൻ ടൂളുകളിലൂടെയും നിയന്ത്രണങ്ങൾ മറികടക്കാൻ അനുവദിക്കുന്നു, പ്രായോഗികമായി പൂർണമായും ബ്ലോക്ക് ചെയ്യുന്നത് സാധ്യമല്ല’ -നിസർഗ അധികാരി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ടെലഗ്രാം പോലുള്ള പ്ലാറ്റ്ഫോം നിരോധിക്കുന്നതിലൂടെ മാത്രം ചോദ്യപേപ്പർ ചോർച്ച തടയാനാകില്ലെന്നും പരീക്ഷാ സുരക്ഷ, ചോദ്യപേപ്പർ കൈകാര്യം ചെയ്യുന്ന ശൃംഖല, പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾ എന്നിവ പരിഹരിക്കണമെന്നും നിസർഗ അഭിപ്രായപ്പെട്ടു.


മേയ് മൂന്നിന് നടന്ന നീറ്റ് യു.ജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് എൻ.ടി.എ റദ്ദാക്കിയിരുന്നു. തുടർന്ന് ജൂൺ 21ന് പുനഃപരീക്ഷ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ വ്യാജ ചോദ്യപേപ്പർ ചോർച്ച പ്രചാരണങ്ങളും ഓൺലൈൻ തട്ടിപ്പുകളും വ്യാപകമായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ടെലഗ്രാമിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം.

അതേസമയം, പരീക്ഷാ തട്ടിപ്പ് തടയുന്നതിനുള്ള ഫലപ്രദമായ മാർഗമാണോ ടെലഗ്രാം നിയന്ത്രണമെന്ന ചർച്ചകൾക്ക് സമൂഹമാധ്യമങ്ങളിൽ തുടക്കമായി. ഇത്തരം നടപടികൾ എളുപ്പത്തിൽ മറികടക്കാൻ കഴിയുമെന്നും ദശലക്ഷക്കണക്കിന് സാധാരണ ഉപയോക്താക്കളുടെ ആശയവിനിമയത്തെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ടെന്നും വിമർശകർ വാദിക്കുന്നു, അതേസമയം താൽക്കാലിക നിയന്ത്രണങ്ങൾ ചോർന്ന ഉള്ളടക്കം വ്യാപിക്കുന്നതിന്റെ വ്യാപ്തിയും വേഗതയും കുറക്കുമെന്നാണ് നീക്കത്തെ പിന്തുണക്കുന്നവരുടെ വാദം. എന്നാൽ, ചോദ്യപേപ്പറുകൾ പ്രത്യക്ഷപ്പെടുന്ന പ്ലാറ്റ്‌ഫോമുകൾ തടയുകയാണോ അതോ ചോർച്ചക്ക് വഴിയൊരുക്കുന്ന സംവിധാനങ്ങൾ പരിഹരിക്കുന്നതിലാണോ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന ചോദ്യവും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.

സി.ബി.എസ്.ഇയുടെ ഓൺ സ്ക്രീൻ മാർക്കിങ് (ഒ.എസ്.എം) പോർട്ടലിലെ അപകടസാധ്യതകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്തതിലൂടെയാണ് നിസർഗ അധികാരി ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കണ്ടെത്തലുകളെ തുടർന്ന് നിസർഗക്ക് ഐ.ഐ.ടി കാൺപൂരിലെ സൈബർ സുരക്ഷാ ഇന്നൊവേഷൻ സെന്ററായ സി3ഐഹബിൽ ജോലി ലഭിച്ചിരുന്നു.

Tags:    
News Summary - Nisarga Adhikary questions Telegram ban till NEET says it wont stop paper leaks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.