തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ എട്ടു മുതൽ 10 വരെയുള്ള ഹൈസ്കൂൾ ക്ലാസുകളിൽ വെള്ളിയാഴ്ച ഒഴികെ, ദിവസങ്ങളിൽ അര മണിക്കൂർ അധ്യയനം വർധിപ്പിച്ചുള്ള പുതിയ സമയക്രമം ഉടൻ പ്രാബല്യത്തിൽ വരുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. നിലവിൽ 10 മണിക്ക് തുടങ്ങുന്ന സ്കൂളുകളിൽ ഹൈസ്കൂൾ ക്ലാസുകൾക്ക് 9.45ന് അധ്യയനം തുടങ്ങുകയും നാലു മണിക്ക് അവസാനിക്കുന്നത് 4.15ന് ആക്കിയുമാണ് പുതിയ സമയക്രമം. എട്ട് പീരിയഡുകളിൽ രണ്ടെണ്ണത്തിന് 45 മിനിറ്റും നാലെണ്ണത്തിന് 40 മിനിറ്റും ഓരോ പീരിയഡുകൾക്ക് 35ഉം 30ഉം മിനിറ്റ് വീതവും ദൈർഘ്യമായി നിശ്ചയിച്ചിട്ടുണ്ട്.
ഉച്ചഭക്ഷണ ഇടവേള ഒരു മണിക്കൂറായും രാവിലത്തെ ഇടവേള 10 മിനിറ്റായും വൈകീട്ടുള്ള ഇടവേള അഞ്ചു മിനിറ്റായും തുടരും. സംസ്ഥാന സിലബസിൽ പ്രവർത്തിക്കുന്ന സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾക്ക് പുതുക്കിയ സമയക്രമം നടപ്പാക്കണമെന്നും ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു. വൈകീട്ടത്തെ ഇടവേള 10 മിനിറ്റാക്കാനുള്ള വിദഗ്ധ സമിതി നിർദേശം അംഗീകരിച്ചിട്ടില്ല. സ്കൂളുകളിൽ എട്ട് പീരിയഡ് നിശ്ചയിച്ച് നേരത്തെ സർക്കാർ ഉത്തരവുണ്ടെങ്കിലും ഒട്ടേറെ സ്കൂളുകൾ പ്രാദേശികമായ സൗകര്യം കൂടി പരിഗണിച്ച് ഏഴ് പീരിയഡിൽ ക്രമീകരിച്ചാണ് സ്കൂൾ സമയം പൂർത്തിയാക്കുന്നത്.
അധ്യയന ദിനമാക്കുന്ന ശനിയാഴ്ചകൾ
തിരുവനന്തപുരം: വിദ്യാഭ്യാസ ചട്ടപ്രകാരവും വിദ്യാഭ്യാസ അവകാശ നിയമപ്രകാരവുമുള്ള പഠന മണിക്കൂറുകൾ തികക്കാനായി അധിക പ്രവൃത്തിദിനമാക്കുന്ന ശനിയാഴ്ചകൾ നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി.
ഹൈസ്കൂളുകൾക്ക് ആറും യു.പി ക്ലാസുകൾക്ക് രണ്ടും ശനിയാഴ്ചകളാണ് പ്രവൃത്തിദിനം. യു.പി ക്ലാസുകൾക്ക് ജൂലൈ 26, ഒക്ടോബർ 25 എന്നീ ശനിയാഴ്ചകളായിരിക്കും പ്രവൃത്തിദിനം. ഹൈസ്കൂൾ ക്ലാസുകൾക്ക് ജൂലൈ 26, ആഗസ്റ്റ് 16, ഒക്ടോബർ നാല്, ഒക്ടോബർ 25, ജനുവരി മൂന്ന്, ജനുവരി 31എന്നീ ശനിയാഴ്ചകളാണ് പ്രവൃത്തിദിനം. തുടർച്ചയായി ആറ് പ്രവൃത്തിദിനം വരാത്ത ശനിയാഴ്ചകളാണ് അധിക അധ്യയന ദിനത്തിനായി തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.