അഖിലേന്ത്യ മെഡിക്കൽ ബിരുദ പ്രവേശനത്തിനായുള്ള നാഷനൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റി (നീറ്റ്-യു.ജി 2025) നുള്ള അപേക്ഷാ സമർപ്പണം തുടങ്ങിക്കഴിഞ്ഞു. വെബ്സൈറ്റിൽ ഓൺലൈനായി മാർച്ച് ഏഴുവരെ അപേക്ഷിക്കാം. മേയ് നാലിന് ഞായറാഴ്ച ഉച്ച രണ്ടുമുതൽ അഞ്ചുമണി വരെ നടത്തുന്ന പരീക്ഷ പേനയും പേപ്പറും ഉപയോഗിച്ച് തന്നെയായിരിക്കും. നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണ് പരീക്ഷ നടത്തി അഖിലേന്ത്യ റാങ്ക്‍ലിസ്റ്റ് തയാറാക്കി നൽകുന്നതിനുള്ള ചുമതല. സമഗ്ര വിവരങ്ങളടങ്ങിയ ‘നീറ്റ്-യു.ജി’ വിവരണപത്രിക https://neet.nta.nic.inൽ.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ ഇംഗ്ലീഷ് അടക്കമുള്ള വിഷയങ്ങൾ പഠിച്ച് ഹയർ സെക്കൻഡറി/പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. എസ്.സി/എസ്.ടി/ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗങ്ങളിൽപെടുന്നവർക്കും ഭിന്നശേഷിക്കാർക്കും 40 ശതമാനം മാർക്ക് മതിയാകും. 2025ൽ ഫൈനൽ യോഗ്യതാ/പ്ലസ്ടു പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.
● പ്ലസ്ടുവിനുശേഷം ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി, സുവോളജി)/ബയോടെക്നോളജി വിഷയങ്ങളിൽ രണ്ടെണ്ണം വിഷയമായി പഠിച്ച് ബി.എസ് സി ബിരുദമെടുത്തവരെയും പരിഗണിക്കും.
പ്രായം: 2025 ഡിസംബർ 31ന് 17 വയസ്സ് തികഞ്ഞിരിക്കണം. ഉയർന്ന പ്രായപരിധിയില്ല.
അപേക്ഷാഫീസ്: ഇന്ത്യയിൽ ജനറൽ വിഭാഗത്തിന് 1700 രൂപ, ഇ.ഡബ്ല്യു.എസ്, ഒ.ബി.സി നോൺ ക്രീമിലെയർ-1600 രൂപ, എസ്.സി/എസ്.ടി/ഭിന്നശേഷി/മൂന്നാംലിംഗ വിഭാഗങ്ങൾക്ക്-1000 രൂപ. ഇന്ത്യക്ക് പുറത്ത് 9500 രൂപ. അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിന് മാർച്ച് ഒമ്പതു മുതൽ 11 വരെ സൗകര്യം ലഭിക്കും. ഒരാൾ ഒറ്റ അപേക്ഷ നൽകിയാൽ മതി. നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ഡബിറ്റ് കാർഡ്, യു.പി.ഐ മുഖാന്തരം ഫീസടക്കാം. വിദേശ രാജ്യങ്ങളിൽ മെഡിക്കൽ/ഡെന്റൽ ബിരുദപഠനത്തിനും ഇന്ത്യക്കാർ നീറ്റ്-യു.ജിയിൽ യോഗ്യത നേടണം.
പരീക്ഷ: നീറ്റ്-യു.ജി 2025 പരീക്ഷയിൽ ഫിസിക്സ് (45 ചോദ്യങ്ങൾ/180 മാർക്ക്), കെമിസ്ട്രി (45/180) ബയോളജി (ബോട്ടണി ആൻഡ് സുവോളജി) (90 ചോദ്യങ്ങൾ/360 മാർക്ക്) എന്നിവയിൽ മൾട്ടിപ്പിൾ ചോയിസ് മാതൃകയിലുള്ള ചോദ്യങ്ങളുണ്ടാവും. ആകെ 180 ചോദ്യങ്ങൾ, പരമാവധി 720 മാർക്ക്. മൂന്നുമണിക്കൂർ സമയം അനുവദിക്കും. ശരി ഉത്തരത്തിന് നാലുമാർക്ക്, ഉത്തരം തെറ്റിയാൽ ഓരോ മാർക്ക് വീതം കുറക്കും. ഉത്തരം അറിയാത്തത് വിട്ടുകളഞ്ഞാൽ മാർക്ക് കുറയില്ല. പരീക്ഷാഘടനയും സിലബസും വിവരണപത്രികയിലുണ്ട്.
● മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, ഉർദു അടക്കം 13 ഭാഷകളിലാണ് ചോദ്യപേപ്പറുകൾ. കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ പരീക്ഷാകേന്ദ്രങ്ങളിൽ ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിലുള്ള ചോദ്യപേപ്പറുകളായിരിക്കും ലഭിക്കുക. ഏത് ഭാഷയിലുള്ള ചോദ്യപേപ്പറാണ് ആവശ്യമെന്ന് ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്താം.
● കേരളത്തിലെ എല്ലാ ജില്ലകളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. അഡ്മിറ്റ് കാർഡുകൾ മേയ് ഒന്നുമുതൽ ഡൗൺലോഡ് ചെയ്യാം. ജൂൺ 14ന് ഫലം പ്രഖ്യാപിക്കും. സ്കോർ കാർഡ് യഥാസമയം ഡൗൺലോഡ് ചെയ്ത് കൗൺസലിങ് വഴി അഡ്മിഷൻ നേടാം. റാങ്ക്‍ലിസ്റ്റിലുള്ളവർക്ക് എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എസ്.എം.എസ്, ബി.യു.എം.എസ്, ബി.എച്ച്.എം.എസ് കോഴ്സുകളിലേക്ക് ഓൺലൈൻ കൗൺസലിങ്ങിൽ പങ്കെടുക്കുന്നതിന് പ്രത്യേകം അവസരം ലഭിക്കും. അഖിലേന്ത്യ ക്വോട്ട സീറ്റുകളിലടക്കം എം.ബി.ബി.എസ്,ബി.ഡി.എസ് കോഴ്സുകളിലേക്ക് മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയും (എം.സി.സി), ഹോമിയോ, ആയുർവേദ, സിദ്ധ, യൂനാനി ബിരുദ കോഴ്സുകളിലേക്ക് ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിങ് കമ്മിറ്റിയും (എ.എ.സി.സി.സി) ആണ് കൗൺസലിങ് നടപടികൾ നിയന്ത്രിക്കുന്നത്.
മെഡിക്കൽ/ഡെന്റൽ പ്രവേശനം: നീറ്റ്-യു.ജി 2025 അഖിലേന്ത്യ റാങ്കടിസ്ഥാനത്തിൽ എം.സി.സി കൗൺസലിങ് വഴി എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിൽ പ്രവേശനം ലഭിക്കാവുന്ന സ്ഥാപനങ്ങൾ/സീറ്റുകൾ:-
● രാജ്യത്തെ വിവിധ മെഡിക്കൽ/ഡെന്റൽ കോളജുകളിലെ 15 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റുകൾ, അടൽ ബിഹാരി വാജ്പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് രാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ/വർധമാന മഹാവീർ മെഡിക്കൽ കോളജ് ആൻഡ് സഫ്ദർജങ് ഹോസ്പിറ്റൽ/എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ മെഡിക്കൽ കോളജുകൾ അടക്കമുള്ള കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലെ 100 ശതമാനം സീറ്റുകൾ (85 ശതമാനം സ്റ്റേറ്റ് ക്വോട്ട ഉൾപ്പെടെ) ഡൽഹി സർവകലാശാല/ബനാറസ് ഹിന്ദു സർവകലാശാല/അലീഗഢ് മുസ്‍ലിം സർവകലാശാല അടക്കമുള്ള കേന്ദ്രസർവകലാശാലകൾ, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മെഡിക്കൽ സയൻസസ് (എയിംസുകൾ), ജിപ്മെർ, കൽപിത സർവകലാശാലകൾ എന്നിവിടങ്ങളിലേക്ക് എം.സി.സി നടത്തുന്ന ഓൺലൈൻ കൗൺസലിങ് വഴിയാണ് അലോട്ട്മെന്റ്.
● പുണെയിലെ സായുധസേനാ മെഡിക്കൽ
കോളജിൽ (എ.എഫ്.എം.സി) പ്രവേശനത്തിനുള്ള ഓപ്ഷൻ രജിസ്ട്രേഷനും അവസരം ലഭിക്കും.
● സംസ്ഥാന ക്വോട്ടാ സീറ്റുകളിലേക്ക് സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണർ നീറ്റ്-യു.ജി 2025 റാങ്കടിസ്ഥാനത്തിൽ അപേക്ഷകൾ സ്വീകരിച്ച് പ്രത്യേകം തയാറാക്കുന്ന റാങ്ക്‍ലിസ്റ്റിൽനിന്നും സംവരണ മാനദണ്ഡങ്ങൾ പാലിച്ച് പ്രവേശനം നൽകും.
● കേന്ദ്ര/സംസ്ഥാന സർക്കാറുകളുടെ നിയന്ത്രണത്തിലുള്ള ചില സ്ഥാപനങ്ങളിലെ ബി.എസ് സി നഴ്സിങ് (ഓണേഴ്സ്) കോഴ്സുകളിലും രാജ്യത്തെ അംഗീകൃത വെറ്ററിനറി കോളജുകളിലെ ബി.വി.എസ് ആൻഡ് എ.എച്ച് കോഴ്സിലെ 15 ശതമാനം വി.സി.ഐ അഖിലേന്ത്യാ ക്വോട്ട സീറ്റുകളിലേക്കും ‘നീറ്റ്-യു.ജി 2025’ റാങ്കടിസ്ഥാനത്തിൽ പ്രവേശനം നൽകും. ആംഡ് ഫോഴ്സ് മെഡിക്കൽ സർവിസ് ഹോസ്പിറ്റലിലെ 2025 വർഷത്തെ ബി.എസ് സി നഴ്സിങ് പ്രവേശനത്തിനും നീറ്റ്-യു.ജി റാങ്ക് പരിഗണിക്കുന്നതാണ്.
നീറ്റ്-യു.ജി പരീക്ഷാ ഘടനയിലും മൂല്യനിർണയത്തിലും ഈവർഷം ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
മാർക്ക് തുല്യമായാൽ...
‘നീറ്റ് യു.ജി’ മൂല്യനിർണയരീതിയും വിപുലീകരിച്ചിട്ടുണ്ട്. രണ്ടോ അതിലധികമോ പേരുടെ മാർക്ക്/പെർസെന്റൈൽ സ്കോറിൽ തുല്യത വന്നാൽ, അത് പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ ഇനിപ്പറയും പ്രകാരമായിരിക്കും.
ടെസ്റ്റിൽ ബയോളജിക്ക് ഉയർന്ന മാർക്ക് നേടിയവർക്കാണ് ആദ്യ പരിഗണന. തുടർന്ന് കെമിസ്ട്രിയിൽ കൂടുതൽ മാർക്ക്/സ്കോർ നേടിയവർക്ക്. എന്നിട്ടും തുല്യത നിലനിൽക്കുന്നുവെങ്കിൽ ഫിസിക്സിന് ലഭിച്ച ഉയർന്ന മാർക്ക് പരിഗണിക്കും. തുടർന്ന് തുല്യത വന്നാൽ, പരീക്ഷയിലെ എല്ലാ വിഷയങ്ങളിലും ആനുപാതികമായി കുറവ് തെറ്റ് വരുത്തിയവർക്കാണ് മുൻഗണന. വീണ്ടും തൽസ്ഥിതി തുടർന്നാൽ, ബയോളജിയിലെ കുറവ് തെറ്റ് ഉത്തരങ്ങൾ വരുത്തിയവർക്കാവും മുൻഗണന. തുടർന്നുള്ള ടൈബ്രേക്കുകളിൽ മുൻഗണന യഥാക്രമം കെമിസ്ടി, ഫിസിക്സ് എന്നിവയിലെ കുറവ് തെറ്റുത്തരങ്ങളാണ് കണക്കിലെടുക്കുക. എന്നിട്ടും തുല്യത നിൽക്കുന്നുവെങ്കിൽ വിദഗ്ധ സമിതിയുടെ മാർഗനിർദേശപ്രകാരം പ്രശ്നം പരിഹരിക്കുന്നതാണ്.
ചുരുങ്ങിയത് 50 പെർസെന്റൈ ൽ സ്കോർ നേടുന്നവരാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നത്. പട്ടികജാതി/വർഗ വിഭാഗക്കാർക്കും ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗങ്ങളിൽപെടുന്നവർക്കും 40 പെർസെന്റൈലും ഭിന്നശേഷിക്കാർക്ക് 45 പെർസെൈന്റലും നേടിയാൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തും.
മാർക്ക് തുല്യമായാൽ...
‘നീറ്റ് യു.ജി’ മൂല്യനിർണയരീതിയും വിപുലീകരിച്ചിട്ടുണ്ട്. രണ്ടോ അതിലധികമോ പേരുടെ മാർക്ക്/പെർസെൈന്റൽ സ്കോറിൽ തുല്യത വന്നാൽ, അത് പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ ഇനിപ്പറയും പ്രകാരമായിരിക്കും.
ഒ.എം.ആർ ഷീറ്റും സ്കോർകാർഡും ഡിജിലോക്കറിൽ സൂക്ഷിക്കാം
നീറ്റ് യു.ജിയുടെ ഡി.ഒ.എം.ആർ ഉത്തരക്കടലാസും സ്കോർകാർഡും ഡിജിലോക്കറിൽ സുരക്ഷിതായി സൂക്ഷിക്കും. അപേക്ഷയുടെ കൺഫർമേഷൻ പേജ് അടക്കമുള്ള വിവരങ്ങൾ, അഡ്മിൻ കാർഡ് മുതലായവ പരീക്ഷാർഥികൾക്ക് ഡിജിലോക്കറിൽ (https://www.digilocker.gov.in) സൂക്ഷിക്കാനാവും. അപേക്ഷാ സമർപ്പണ വേളയിൽ താൽപര്യം അറിയിച്ചാൽ മതി. ആധാറുമായി ബന്ധിപ്പിച്ച ഡിജിലോക്കർ അക്കൗണ്ടിൽ ഇതിന് സൗകര്യം നൽകും.
ഡിജിലോക്കർകൊണ്ടുള്ള പ്രയോജനങ്ങൾ: പരീക്ഷാർഥികൾക്ക് അവരുടെ രേഖകൾ/സർട്ടിഫിക്കറ്റുകൾ, അഡ്മിറ്റ് കാർഡ്, ഒ.എം.ആർ ഉത്തരക്കടലാസ്, സ്കോർ കാർഡ് മുതലായവ ഏത് സമയത്തും എവിടെയിരുന്നും പരിശോധിക്കാം. യൂസർ ഐഡിയും പാസ്വേർഡും മറന്നാൽ അപേക്ഷാ നമ്പരും രജിസ്ട്രേർഡ് മൊബൈൽ നമ്പരും ഉപയോഗിച്ച് റിട്രീവ് ചെയ്യാൻ ഡിജി ലോക്കറിൽ സൗകര്യം ലഭിക്കും. സർട്ടിഫിക്കറ്റുകളുടെ ആധികാരികത മനസ്സിലാക്കാം. സ്വന്തമായി അപ്ലോഡ് ചെയ്യുന്ന രേഖകൾ ഡിജിറ്റലായി ഒപ്പുവെക്കാനുള്ള സൗകര്യം.
അപേക്ഷയിൽ ഉപേക്ഷയരുത്
വിവരണ പത്രികയിലെ നിർദേശങ്ങൾ മനസ്സിലാക്കി വേണം വിവിധ ഘട്ടങ്ങളിലായി അപേക്ഷാ സമർപ്പണം പൂർത്തിയാക്കേണ്ടത്. ഓൺലൈൻ അപേക്ഷയിൽ നൽകുന്ന ഇ-മെയിൽ വിലാസവും മൊബൈൽ നമ്പറും പരീക്ഷാർഥിയുടെ സ്വന്തം അല്ലെങ്കിൽ രക്ഷാകർത്താവിന്റെതാണെന്ന് ഉറപ്പാക്കണം. രജിസ്ട്രേർഡ് ഇമെയിൽ വിലാസത്തിലാണ് എല്ലാ വിവരങ്ങളും അറിയിക്കുന്നത്. എസ്.എം.എസ് വിവരങ്ങൾ രജിസ്ട്രേർഡ് മൊബൈൽ നമ്പറിലും.
ഓൺലൈൻ അപേക്ഷാ ഫോമിനായി രജിസ്റ്റർ ചെയ്യുമ്പോൾ സിസ്റ്റം ജനറേറ്റ് ചെയ്ത് കിട്ടുന്ന അപേക്ഷാ നമ്പർ, പാസ്വേഡ് എന്നിവ ഉപയോഗിച്ച് ഓൺലൈൻ അപേക്ഷയിൽ കൃത്യമായ വിവരങ്ങൾ നൽകണം. പാസ്പോർട്ട് വലിപ്പത്തിലുള്ള ഫോട്ടോ (നിർദിഷ്ട അളവിലുള്ളത്), ഒപ്പ്, ഇടത്, വലത് കൈവിരലടയാളം, സിറ്റിസൺഷിപ് സർട്ടിഫിക്കറ്റ്, മറ്റ് രേഖകൾ/ അവയുടെ ഇമേജുകൾ സ്കാൻ ചെയ്ത് അപലോഡ് ചെയ്യാൻ മറക്കരുത്. ഫോട്ടോ 2025 ജനുവരി ഒന്നിന് ശേഷമുള്ളതാവണം.
ഫീസ് അടച്ചതിനുശേഷം അപേക്ഷയുടെ കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. നാഷനൽ ടെസ്റ്റിങ് ഏജൻസിക്ക് അയക്കേണ്ടതില്ല. കൺഫർമേഷൻ പേജ്, സ്കാൻഡ് ഒ.എം.ആർ, നീറ്റ് യു.ജി സ്കോർ കാർഡ് എന്നിവ പരീക്ഷാർഥിയുടെയും രക്ഷാകർത്താവിന്റെയും രജിസ്ട്രേർഡ് ഇ-മെയിലിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.