പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: നീറ്റ് യു.ജി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട വിദ്യാർഥികളുടെ എം.ബി.ബി.എസ്/ബി.ഡി.എസ്/ബി.എസ്.സി നഴ്സിങ് പ്രവേശനവുമായി ബന്ധപ്പെട്ട് അഖിലേന്ത്യാ കൗൺസലിങ്ങിന്റെ ‘നീറ്റ് യു.ജി കൗൺസിങ് 2026’ ഷെഡ്യൂൾ മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി പുറത്തിറക്കി. ആദ്യ റൗണ്ട് രജിസ്ട്രേഷൻ ആഗസ്റ്റ് അഞ്ചിന് ആരംഭിക്കും. https://mcc.nic.in എന്ന വെബ്സൈറ്റിലൂടെ അഡ്മിഷൻ -ഇ കൗൺസലിങ് സേവനങ്ങൾ ലഭ്യമാകും.
കൗൺസിലിങ് കലണ്ടറിനൊപ്പം, കൗൺസിലിങ് പ്രക്രിയ, യോഗ്യതാ മാനദണ്ഡങ്ങൾ, രജിസ്ട്രേഷൻ ഫീസ്, ചോയ്സ് ഫില്ലിങ്, സീറ്റ് അലോട്ട്മെന്റ് നിയമങ്ങൾ, പുതുതായി അവതരിപ്പിച്ച മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ വിശദമാക്കുന്ന എം.സി.സി നീറ്റ് യു.ജി ഇൻഫർമേഷൻ ബുള്ളറ്റിനും പ്രസിദ്ധീകരിച്ചു.
കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ സർക്കാർ മെഡിക്കൽ കോളജുകളിലെ 15 ശതമാനം സീറ്റ്, 20 എയിംസുകളിലെ മുഴുവൻ സീറ്റ്, പുതുച്ചേരി, കാരക്കൽ ജിപ്മെറുകളിലെ ഓപ്പൺ സീറ്റ്, ബനാറസ് ഹിന്ദു സർവകലാശാലയിലെ മുഴുവൻ സീറ്റുകൾ, അലിഗഡ് മുസ്‍ലിം സർവകലാശാലയിലെ ഓപ്പൺ സീറ്റ്, ഡൽഹി ഇന്ദ്രപ്രസ്ഥ സർവകലാശാലകളിലെ 15 ശതമാനം സീറ്റ്, ജാമിയ മിലിയ സർവകലാശാലയിലെ ഡെന്റിസ്ട്രി ഓപ്പൺ സീറ്റ്, ഇ.എസ്.ഐ മെഡിക്കൽ കോളജുകളിലെ ഐ.പി വാർഡ് സീറ്റുകൾ, ഡീംഡ് സർവകലാശാലകളിലെ മുഴുവൻ സീറ്റുകൾ എന്നിവ അഖിലേന്ത്യാ മെഡിക്കൽ കൗൺസലിങ് വഴിയാണ് നികത്തുക. എ.എഫ്.എം.സി (ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജ്) എം.ബി.ബി.എസ് സീറ്റുകളിലേക്കും എം.സി.സി രജിസ്ട്രേഷൻ നടത്തണം.
മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ നിരവധി മാറ്റങ്ങളും പ്രഖ്യാപിച്ചു. ഫ്രീസ് അല്ലെങ്കിൽ ഫ്ലോട്ട് ഓപ്ഷനുകൾ അനുവദിക്കുന്ന ഓൺലൈൻ റിപ്പോർട്ടിങ്ങാണ് പ്രധാന മാറ്റം. ഇതിലൂടെ വിദ്യാർഥികൾക്ക് ഒരു തവണ മാത്രം കോളജുകളിൽ നേരിട്ടെത്തി പ്രവേശനം നേടിയാൽ മതിയാകും.
ആദ്യ റൗണ്ടിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾക്ക് രണ്ട് ഓപ്ഷനുകൾ തെരഞ്ഞെടുക്കാം. ലഭിച്ച അലോട്ട്മെന്റ് തൃപ്തികരമാണെങ്കിൽ അവർക്ക് ഫ്രീസ് ഓപ്ഷൻ തെരഞ്ഞെടുക്കാം. അതിലൂടെ അവർക്ക് ആ കോളജ് തെരഞ്ഞെടുക്കാം. അവിടെ ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന തീയതികളിൽ കോളജിൽ നേരിട്ടെത്തി പ്രവേശനം നേടണം. കൂടാതെ ആദ്യ ചോയ്‌സ് തന്നെ ലഭിച്ചവർക്കും ഫ്രീസ് ഓപ്ഷൻ മാത്രമേ നൽകാനാവൂ.
എന്നാൽ, ആദ്യ അലോട്ട്മെന്റ് തൃപ്തികരമല്ലെങ്കിൽ അവർക്ക് ഫ്ലോട്ട് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാം. അടുത്ത അലോട്ട്മെന്റിൽ പങ്കെടുക്കാനും അലോട്‌മെന്റിൽ തൃപ്തിയില്ല, ഉയർന്ന ചോയ്‌സുകൾക്കായി ശ്രമിക്കണമെങ്കിലും ‘വില്ലിങ്‌നസ് ടു അപ്ഗ്രേഡി’നായി ഫ്ലോട്ട് എന്ന ഓപ്ഷൻ നൽകണം. ഇവർ കോളജുകളിൽ നേരിട്ട് ഹാജരാകേണ്ട ആവശ്യമില്ല. അടുത്ത റൗണ്ടിൽ ഉയർന്ന ചോയ്‌സുകൾ ലഭിച്ചാൽ അതിലേക്ക് മാറണം. ഇല്ലെങ്കിൽ നിലവിലെ സീറ്റിൽ തുടരും. മൂന്നാം റൗണ്ട് പ്രൊവിഷനൽ അലോട്മെന്റിന് ശേഷം കോളജിൽ നേരിട്ടെത്തി പ്രവേശനം നേടണം. ഫ്രീസ്, ഫ്ലോട്ട് ഓപ്ഷനുകൾ നൽകുന്നവരെല്ലാം ഓൺലൈൻ റിപ്പോർട്ടിങ്ങിന്റെ ഭാഗമായി രേഖകൾ അപ്ലോഡ് ചെയ്യണം.
ആദ്യ രണ്ട് റൗണ്ടുകളിലും അലോട്ട് ചെയ്ത് ലഭിച്ച സീറ്റ് വേണ്ടങ്കിൽ റെസിഗ്നേഷൻ (പിൻമാറൽ) നൽകാം. സംസ്ഥാന കൗൺസലിങ്ങിൽ പങ്കെടുത്ത് സീറ്റ് ലഭിച്ചവർക്ക് അത് മതിയെങ്കിൽ അഖിലേന്ത്യാ സീറ്റിൽനിന്ന് പിന്മാറണം. ലഭിച്ച ചോയ്സ് ഫ്രീസ് ചെയ്ത വിദ്യാർഥികൾ കോളജുകളിൽ നേരിട്ടെത്തിയാണ് റെസിഗ്നേഷൻ നൽകേണ്ടത്. ഫ്ലോട്ട് ചെയ്ത വിദ്യാർഥികൾക്ക് ഓൺലൈനിൽ റസിഗ്നേഷൻ നടത്താം.
രണ്ടാം റൗണ്ടിൽ സീറ്റ് അലോട്ട് ചെയ്ത് ലഭിച്ച ശേഷം റെസിഗ്നേഷൻ നൽകുന്നവർക്ക് സെക്യൂരിറ്റി തുക തിരികെ ലഭിക്കില്ല. അഖിലേന്ത്യാ കൗൺസലിങ്ങിന്റെ മൂന്നാം റൗണ്ടിൽ പങ്കെടുത്ത് സീറ്റ് ലഭിക്കുന്നവർക്ക് പിന്മാറാനുള്ള അവസരമുണ്ടാകില്ല. അഖിലേന്ത്യാ കൗൺസലിങ്ങിന്റെ മൂന്നാം റൗണ്ടിൽ അലോട്‌മെന്റ് ലഭിച്ചവരെ സംസ്ഥാന കൗൺസലിങ്ങിന്റെ മൂന്നാം റൗണ്ടിലേക്ക് പരിഗണിക്കില്ല.
ആകെ നാല് ഘട്ടങ്ങളായാണ് അഖിലേന്ത്യാ മെഡിക്കൽ കൗൺസലിങ്. മൂന്ന് റഗുലർ റൗണ്ടുകളും ഒരു സ്ട്രേ വേക്കൻസി റൗണ്ടുമുണ്ടാകും. സംസ്ഥാന കൗൺസലിങ്ങിൽ നിന്ന് വ്യത്യസ്തമായി ഓരോ റൗണ്ടിലും പുതിയതായി രജിസ്‌റ്റർ ചെയ്യാനും ചോയ്സുകൾ നൽകാനും സാധിക്കും. ആദ്യ റൗണ്ടിൽ രജിസ്റ്റർ ചെയ്ത് അലോട്മെന്റ് ലഭിക്കാത്തവരും രണ്ടാം റൗണ്ടിലേക്ക് അപ്ഗ്രഡേഷൻ നൽകിയവരും പുതിയതായി രജിസ്റ്റർ ചെയ്യേണ്ടതില്ല. പക്ഷേ, രണ്ടാം റൗണ്ടിൽ പുതിയ ചോയ്‌സുകൾ എല്ലാവരും നൽകണം. കോളജുകൾ മനസ്സിലാക്കി ശ്രദ്ധയോടെ വേണം ചോയ്‌സുകൾ നൽകാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.