അധിക പണച്ചെലവില്ലാതെ ഒട്ടേറെ ആനുകൂല്യങ്ങളോടെ എം.ബി.ബി.എസ് മികച്ച രീതിയിൽ പഠിക്കാൻ മിടുക്കർക്ക് പുണെ സായുധസേന മെഡിക്കൽ കോളജ് (എ.എഫ്.എം.സി) തെരഞ്ഞെടുക്കാം. ‘നീറ്റ്-യു.ജി 2025’ൽ ഉയർന്ന റാങ്ക് നേടുന്നവർക്ക് യഥാസമയം ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമാണിത്. മഹാരാഷ്ട്ര ആരോഗ്യ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്താണ് കോഴ്സ് നടത്തുന്നത്. നാലര വർഷത്തെ പഠനത്തിനുശേഷം ഒരുവർഷത്തെ നിർബന്ധിത റൊട്ടേറ്ററി ഇന്റേൺഷിപ് പരിശീലനം പൂർത്തിയാക്കണം.
മികച്ച പഠന സൗകര്യങ്ങളാണ് ഇവിടെയുള്ളത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കാമ്പസിൽ പ്രത്യേക ഹോസ്റ്റൽ, മെസ് സൗകര്യം ലഭിക്കും.ഇവിടെ എം.ബി.ബി.എസിന് 150 സീറ്റുകളാണുള്ളത്. 115 ആൺകുട്ടികൾക്കും 30 പെൺകുട്ടികൾക്കും പ്രവേശനമുണ്ട്. വിദേശ വിദ്യാർഥികൾക്കായി സ്പോൺസർ ചെയ്തതാണ് അഞ്ച് സീറ്റുകൾ. അവിവാഹിതർക്കാണ് പ്രവേശനം. കോഴ്സ് പൂർത്തിയാകുംവരെ വിവാഹം പാടില്ല.
പ്രവേശന നടപടി ക്രമം: പ്രത്യേക നടപടികളാണ് ഇവിടെ പ്രവേശനത്തിന്. നീറ്റ്-യു.ജി 2025ൽ റാങ്ക് നേടി മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നവരെ എ.എഫ്.എം.സി നടത്തുന്ന പ്രത്യേക കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷക്ക് ക്ഷണിക്കും. ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് റീസണിങ് (ടി.ഒ.ഇ.എൽ.ആർ), സൈക്കോളജിക്കൽ അസസ്മെന്റ് ടെസ്റ്റ് എന്നിവ അടങ്ങിയ പരീക്ഷ പുണെയിലായിരിക്കും. തുടർന്ന് ഇന്റർവ്യൂവും ഉണ്ടാവും. നീറ്റ്-യു.ജി സ്കോർ, ടി.ഒ.ഇ.എൽ.ആർ സ്കോർ, ഇന്റർവ്യൂ മാർക്ക് എന്നിവയുടെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് പ്രവേശനം. വിശദമായ പ്രവേശന നടപടികൾ എ.എഫ്.എം.സിയുടെ 2025ലെ അഡ്മിഷൻ ബ്രോഷറിലുണ്ടാവും. വിവരങ്ങൾക്ക് www.afmc.nic.in ൽ ബന്ധപ്പെടാം.
വിദ്യാഭ്യാസ യോഗ്യത: ഹയർസെക്കൻഡറി/പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോ ടെക്നോളജി വിഷയങ്ങൾക്ക് മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെയും ഈ ശാസ്ത്രവിഷയങ്ങൾക്ക് ഓരോന്നിനും 50 ശതമാനം മാർക്കിൽ കുറയാതെയും നേടി ആദ്യതവണ വിജയിച്ചിരിക്കണം. പ്ലസ് ടു തലത്തിൽ ഇംഗ്ലീഷ്, പത്താം ക്ലാസ് തലത്തിൽ മാത്തമാറ്റിക്സ് ഉൾപ്പെടെ വിഷയങ്ങൾ പഠിച്ച് പരീക്ഷ പാസായിരിക്കണം.
ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി/ബയോ ടെക്നോളജി വിഷയങ്ങളിൽ രണ്ടെണ്ണത്തിൽ കുറയാതെ പഠിച്ച് ബി.എസ് സി ബിരുദമെടുത്തവരെയും പരിഗണിക്കും. ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. പഠനം കഴിഞ്ഞ് ജോലി: വിജയകരമായി എം.ബി.ബി.എസ് പഠനം പൂർത്തിയാക്കുന്നവർ ലഫ്റ്റനന്റ് പദവിയിൽ സായുധസേന മെഡിക്കൽ സർവിസസിൽ മെഡിക്കൽ ഓഫിസറായി സേവനമനുഷ്ഠിക്കാൻ ബാധ്യസ്ഥമാണ്. പ്രവേശനം നേടി ഏഴുദിവസം കഴിഞ്ഞ് പഠനം മതിയാക്കിയവർ ബോണ്ട് തുക (കഴിഞ്ഞവർഷം 67 ലക്ഷം രൂപയായിരുന്നു) നൽകേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.