ലദീദ കലാന
അന്വേഷിക്കാനും കണ്ടെത്താനും പഠിക്കാനും എത്രയോ കാര്യങ്ങൾ ബാക്കിയുണ്ട് എന്നൊരു തോന്നൽ എപ്പോഴും കൊണ്ടുനടന്ന, എന്തിനെയും കൗതുകത്തോടെ നിരീക്ഷിച്ച, സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ കഠിനമായി പ്രയത്നിച്ച പെൺകുട്ടി -ലദീദ കലാന. അവളിന്ന് 2.80 കോടി രൂപയുടെ മേരി ക്യൂറി ഫെലോഷിപ്പോടെ നെതർലൻഡ്സിലെ റാഡ്ബൗഡ് സർവകലാശാലയിൽ ഗവേഷകയാണ്.
കോഴിക്കോട് തൊണ്ടയാട് സ്വദേശിയായ ലദീദ എസ്.എസ്.എൽ.സി വരെ നാട്ടിലെ സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ച ശേഷം, തൃശൂരിലെ പി.സി. തോമസ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണ് പ്ലസ് ടു പൂർത്തിയാക്കിയത്. അക്കാലത്തുതന്നെ ഗവേഷണം എന്ന ആഗ്രഹം മുളപൊട്ടിയിരുന്നുവെന്ന് പറയുന്നു ലദീദ. കുട്ടിക്കാലം തൊട്ടേ ശാസ്ത്രത്തെക്കുറിച്ചും ഐസർ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച്) പോലുള്ള സ്ഥാപനങ്ങളെക്കുറിച്ചും പറഞ്ഞുപരിചയപ്പെടുത്തിയ പപ്പ ആയിരുന്നു ആദ്യ പ്രചോദനം. അതുകൊണ്ടുതന്നെ മെഡിസിൻ അല്ലെങ്കിൽ എൻജിനീയറിങ് എന്ന തീർപ്പിൽനിന്ന് വഴിമാറി മൊഹാലി ഐസറിലെത്തി.
ശാസ്ത്രം കള്ളികളിലാക്കി വേർതിരിക്കാനാവില്ലെന്നും എല്ലാം തമ്മിൽ ബന്ധപ്പെട്ടുനിൽക്കുന്നതാണെന്നും ആ പഠനകാലം ബോധ്യപ്പെടുത്തി. കെമിക്കൽ സയൻസ് മേജറും ബയോളജി മൈനറുമായി ഐസറിൽനിന്ന് ഇന്റഗ്രേറ്റഡ് ബി.എസ് -എം.എസ് ബിരുദം നേടി. അവിടത്തെ മികച്ച അടിസ്ഥാന സൗകര്യങ്ങളും ലാബ് പ്രോജക്ടുകളും ഹൈദരാബാദിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ ആറു മാസത്തെ ഇന്റേൺഷിപ്പും ഗവേഷണത്തിൽ പ്രഫഷനൽ ആയി മുന്നേറാനുള്ള ആത്മവിശ്വാസം നൽകി. ഏതൊരു ശാസ്ത്രവിദ്യാർഥിയും കൊതിക്കുന്ന മേരി ക്യൂറി ഫെലോഷിപ്പിന് അപേക്ഷിക്കുന്നത് അങ്ങനെയാണ്.
ഓൺലൈനിലും ഓഫ്ലൈനിലുമുള്ള അഭിമുഖങ്ങൾക്കൊടുവിലാണ് സ്വപ്നനേട്ടത്തിലേക്ക് ലദീദ നടന്നുകയറിയത്. ഡോ. എവാൻ സ്പ്രോയിറ്റിന്റെ കീഴിൽ സിന്തറ്റിക് സെല്ലുകളെക്കുറിച്ചാണ് ലദീദയുടെ ഗവേഷണം. അതായത്, ജീവന്റെ അടിസ്ഥാനഘടകം ആയ സെൽ പോലെ പ്രവർത്തിക്കുന്ന ഒരു കൃത്രിമ സെൽ നിർമിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം.
‘‘അതു സാധ്യമായാൽ നമുക്ക് ജീവന്റെ തുടക്കം- പ്രോട്ടോസെല്ലുകൾ പോലുള്ള ആദിമ ഘടനകൾ-എങ്ങനെ പ്രവർത്തിച്ചിരിക്കാമെന്ന് മനസ്സിലാക്കാൻ സഹായിക്കും. അതോടൊപ്പം, ന്യൂറോ ഡി ജെനറേറ്റിവ് രോഗങ്ങൾ പോലുള്ള ഗുരുതരമായ അവസ്ഥകളും കൂടുതൽ വ്യക്തമായി മനസ്സിലാക്കാം. ഇത്തരത്തിലുള്ള അറിവ് ഭാവിയിൽ പുതിയ മരുന്നുകൾ കണ്ടെത്താനും ചികിത്സാരീതികൾ വികസിപ്പിക്കാനും സഹായകമാകും” - ലദീദ പറയുന്നു. കെ.പി. ജഹഫർ ആണ് ലദീദയുടെ പിതാവ്. മാതാവ്: ഹസീന ജഹഫർ. അതമ്മ് ജതാരി, ഐശ്ബൽ, ഒമർ മുഅ്മിൻ, അകിലി മകൗ എന്നിവർ സഹോദരങ്ങൾ.
എപ്പോൾ, എങ്ങനെ അപേക്ഷിക്കണം?
അപേക്ഷക്കു മുമ്പ് എന്തുചെയ്യണം?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.