നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടികൾ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടികൾ), കേന്ദ്ര ഫണ്ടോടുകൂടി പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന റഗുലർ ബി.ഇ/ബി.ടെക്, ബി.ആർക്, ബി.പ്ലാനിങ് പ്രോഗ്രാമുകളിലേക്കുള്ള ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ മെയിൻ 2026) ആദ്യ സെഷൻ ദേശീയ തലത്തിൽ ജനുവരി 21നും 30നും മധ്യേ സഘടിപ്പിക്കും.
നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണ് പരീക്ഷ ചുമതല. ഐ.ഐ.ടികളിൽ അണ്ടർ ഗ്രാജ്വേറ്റ് എൻജിനീയറിങ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇ അഡ്വാൻസ്ഡ് 2026ൽ പങ്കെടുക്കുന്നതിനും ജെ.ഇ.ഇ മെയിനിൽ ആദ്യ രണ്ടരലക്ഷം റാങ്കിനുള്ളിൽ വരണം. ‘ജെ.ഇ.ഇ മെയിൻ 2026’ വിജ്ഞാപനവും വിവരണ പത്രികയും www.nta.ac.in, http://jeemain.nta.in എന്നീ വെബ്സൈറ്റുകളിലുണ്ട്.
രണ്ടു സെഷനുകളായാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ. രണ്ടാമത് സെഷൻ ഏപ്രിൽ രണ്ടിനും ഒമ്പതിനും മധ്യേയാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. രണ്ട് ഷിഫ്റ്റുകളിലാണ് പരീക്ഷ. രാവിലെ 9-12 വരെയും ഉച്ചക്കുശേഷം 3-6 വരെയും.
പരീക്ഷ: രണ്ടു പേപ്പറുകളാണ് പരീക്ഷക്കുള്ളത്. പേപ്പർ ഒന്ന് ബി.ഇ/ബി.ടെക് പ്രവേശനത്തിന്. പേപ്പർ രണ്ട് (എ) ബി.ആർക്, രണ്ട് (ബി) ബി. പ്ലാനിങ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, ഉർദു അടക്കം 13 ഭാഷകളിലാണ് ചോദ്യപേപ്പറുകളും പരീക്ഷയും. കേരളം, ലക്ഷദ്വീപ് നിവാസികൾക്ക് ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ പരീക്ഷയെ സമീപിക്കാം. ഒബ്ജക്ടിവ് മൾട്ടിപ്പിൾ ചോയിസ് മാതൃകയിലാണ് ചോദ്യങ്ങൾ.
പേപ്പർ ഒന്നിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിലായി 75 ചോദ്യങ്ങൾ. പരമാവധി 300 മാർക്കിന് (ഓരോ വിഷയത്തിലും 25 ചോദ്യങ്ങൾ, മാർക്ക് -100) (അക്കങ്ങളിൽ ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങളും ഇതിൽ ഉൾപ്പെടും). ശരി ഉത്തരത്തിന് നാലുമാർക്കും. ഉത്തരം തെറ്റിയാൽ ഓരോ മാർക്ക് കുറക്കും.
ബി.ആർക്കിനുള്ള പേപ്പർ രണ്ടിൽ മൂന്നു പാർട്ടുകളുണ്ട്. 1 മാത്തമാറ്റിക്സ്- 25 ചോദ്യങ്ങൾ,100 മാർക്ക്, 2 ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്- 50 ചോദ്യങ്ങൾ, 200 മാർക്ക്, പാർട്ട് -3 ഡ്രോയിങ് ടെസ്റ്റ്- ചോദ്യങ്ങൾ 2, മാർക്ക് 100. ആകെ 77 ചോദ്യങ്ങൾ, പരമാവധി മാർക്ക്-400. (ഡ്രോയിങ് ടെസ്റ്റ് പേന, പേപ്പർ ഉപയോഗിച്ചുള്ള ഓഫ്ലൈൻ ടെസ്റ്റാണ്. ഇതിന് ഉത്തരം തെറ്റിയാൽ മാർക്ക് കുറക്കില്ല).
ബി.പ്ലാനിങ് -രണ്ട് ബി പേപ്പറിലും മൂന്ന് പാർട്ടുകളുണ്ട്. 1. മാത്തമാറ്റിക്സ്-25 ചോദ്യങ്ങൾ, മാർക്ക് 100, 2. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് -50 ചോദ്യങ്ങൾ, 200 മാർക്ക്. 3. പ്ലാനിങ്- 25 ചോദ്യങ്ങൾ, 100 മാർക്ക്. ആകെ 100 ചോദ്യങ്ങൾ, 400 മാർക്ക് (ശരി ഉത്തരത്തിന് നാലുമാർക്ക്, ഉത്തരം തെറ്റിയാൽ ഒരോ മാർക്ക് കുറയും).
പരീക്ഷാ ഘടന, സിലബസ്, സമയക്രമം, മൂല്യ നിർണയരീതി മുതലായവ വിവരണ പത്രികയിലുണ്ട്. പരീക്ഷ അഭിമുഖീകരിക്കുന്നതിന് പ്രായപരിധിയില്ല. പരീക്ഷക്ക് മുൻഗണനാ ക്രമത്തിൽ നാലു നഗരങ്ങൾ തിരഞ്ഞെടുക്കാം. ഫലപ്രഖ്യാപനം ഫെബ്രുവരി 12ന്.
വിദ്യാഭ്യാസ യോഗ്യത: ഹയർ സെക്കൻഡറി/ പ്ലസ്ടു/ തത്തുല്യ പരീക്ഷ 2024/ 2025 വർഷം പാസാകണം. 2026ൽ പരീക്ഷ എഴുതുന്നവരെയും വ്യവസ്ഥകൾക്ക് വിധേയമായി പരിഗണിക്കും. ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യതയാണിത്.
ഫീസ്: പേപ്പർ ഒന്നിന് അല്ലെങ്കിൽ രണ്ടിന് ജനറൽ പുരുഷന്മാർ 1000 രൂപ, വനിതകൾ 800 രൂപ. ജനറൽ ഇ.ഡബ്ല്യു.എസ്/ഒ.ബി.സി-എൻ.സി.എൽ പുരുഷന്മാർ 900 രൂപ, വനിതകൾ 800 രൂപ, എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർക്ക് 500 രൂപ.
പേപ്പർ ഒന്നിനും പേപ്പർ 2 എക്കും (ബി.ആർക്) അല്ലെങ്കിൽ പേപ്പർ ഒന്നിനും പേപ്പർ 2 ബി പ്ലാനിങ്ങിനും അല്ലെങ്കിൽ പേപ്പർ ഒന്നിനും പേപ്പർ2 ബി.ആർക്, ബി. പ്ലാനിങ്ങിനും അല്ലെങ്കിൽ പേപ്പർ2 എക്കും ബിക്കും ജനറൽ/ഇ.ഡബ്ല്യു.എസ്/ഒ.ബി.സി-എൻ.സി.എൽ പുരുഷന്മാർ 2000 രൂപ, വനിതകൾ 1600രൂപ, എസ്.സി/എസ്.ടി/ഭിന്നിശേഷിക്കാർക്ക് 1000 രൂപ. ജി.എസ്.ടി കൂടി നൽകേണ്ടതുണ്ട്.
ഇന്ത്യക്ക് പുറത്ത് പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കുന്നവർക്കുള്ള ഉയർന്ന അപേക്ഷാ ഫീസ് നിരക്ക് വിവരണ പത്രികയിലുണ്ട്.
അപേക്ഷ: ആദ്യ സെഷൻ പരീക്ഷക്ക് ഓൺലൈനിൽ രജിസ്ട്രേഷൻ തുടങ്ങി. നവംബർ 27 വരെ അപേക്ഷ സ്വീകരിക്കും. രണ്ടാമത്തെ സെഷൻ പരീക്ഷക്ക് ജനുവരി അവസാനവാരം അപേക്ഷിച്ചാൽ മതി. ഇതിനുള്ള സമയക്രമം പിന്നീട് അറിയിക്കും. ഒരാൾക്ക് ഒന്നോ രണ്ടോ സെഷനുകളിലേക്ക് അപേക്ഷിക്കാം. ഇവ രണ്ടിലും മെച്ചപ്പെട്ട സ്കോറായിരിക്കും പരിഗണിക്കുക. സ്കോർ നിർണയരീതി വിവരണ പത്രികയിലുണ്ട്.
പ്രവേശന യോഗ്യത: എൻ.ഐ.ടികൾ, ഐ.ഐ.ടികൾ, ഐ.ഐ.ഇ.എസ്.ടി മുതലായ സ്ഥാപനങ്ങളിൽ ബി.ഇ/ബി.ടെക് പ്രവേശനത്തിന് ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി അടക്കം അഞ്ച് വിഷയങ്ങൾക്ക് മൊത്തം 75 ശതമാനം മാർക്കിൽ (എസ്.സി/എസ്.ടി/ ഭിന്നശേഷി വിഭാഗങ്ങൾക്ക് 65 ശതമാനം മതി) കുറയാതെ ഹയർ സെക്കൻഡറി/പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. അല്ലെങ്കിൽ ബോർഡ് പരീക്ഷയിൽ ഉയർന്ന 20 പെർസെൈന്റയിലിനുള്ളിൽ പാസായവരാകണം.
ബാച്ചിലർ ഓഫ് പ്ലാനിങ് (ബി.പ്ലാൻ) പ്രവേശനത്തിന് മാത്തമാറ്റിക്സ് 50 ശതമാനത്തിൽ കുറയാതെയും പ്ലസ്ടു/തത്തുല്യ പരീക്ഷക്ക് മൊത്തത്തിൽ 50 ശതമാനത്തിൽ കുറയാതെയും മാർക്ക് നേടി വിജയിച്ചവർക്കാണ് അർഹത.
ബി.ആർക് പ്രവേശനത്തിന് പ്ലസ്ടു/തത്തുല്യ പരീക്ഷയിൽ ഫിസിക്സ് മാത്തമാറ്റിക്സ് എന്നിവക്ക് പുറമെ കെമിസ്ട്രി/ബയോളജി/കമ്പ്യൂട്ടർ സയൻസ്/ ഐ.ടി/ ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്/ എൻജിനീയറിങ് ഗ്രാഫിക്സ്/ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിലൊന്നും കൂടി പഠിച്ച് മൊത്തം 45 ശതമാനം മാർക്കിൽ കുറയാതെ വിജയിക്കണമെന്നുണ്ട്. ത്രിവത്സര അംഗീകൃത ഡിപ്ലോമ (മാത്തമാറ്റിക്സ് നിർബന്ധമായും പഠിച്ചിരിക്കണം) മൊത്തം 45 ശതമാനം മാർക്കിൽ കുറയാതെ പാസായവരെയും പരിഗണിക്കും.
വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ ‘ജെ.ഇ.ഇ മെയിൻ 2026’ വിവരണ പത്രികയിൽ 42, 43 പേജുകളിലുണ്ട്. ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ)/സി.എസ്.എ.ബി നടത്തുന്ന ഓൺലൈൻ കൗൺസലിങ് വഴിയാണ് പ്രവേശനം. ജെ.ഇ.ഇ മെയിൻ രണ്ട് സെഷനുകളുടെയും ഫല പ്രഖ്യാപനത്തിനുശേഷമാണ് ‘ജോസ’ കൗൺസലിങ്, സീറ്റ് അലോട്ട്മെന്റ് നടപടികൾ ആരംഭിക്കാറ്. ഇതുസംബന്ധിച്ച് അറിയിപ്പ് https://josaa.nic.in, https://csab.nic.inൽ യഥാസമയം പ്രസിദ്ധപ്പെടുത്തും. കോഴിക്കോട് എൻ.ഐ.ടിയിലെ ബി.ടെക്, ബി.ആർക്, കോട്ടയം ഐ.ഐ.ഐ.ടിയിലെ ബി.ടെക് കോഴ്സുകളിലേക്കുള്ള പ്രവേശനവും ‘ജോസ’ വഴിയാണ്.
ഐ.ഐ.ടികളിൽ എൻജിനീയറിങ് അണ്ടർ ഗ്രാജ്വേറ്റ്/ഡ്യൂവെൽ ഡിഗ്രി എം.ടെക് മുതലായ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് ‘ജെ.ഇ.ഇ അഡ്വാൻസ്ഡ് 2026’ൽ ഉയർന്ന റാങ്ക് നേടണം. എന്നാൽ, ഈ പരീക്ഷയിൽ പങ്കെടുക്കുന്നതിന് ജെ.ഇ.ഇ മെയിൻ 2026ൽ ഉയർന്ന രണ്ടരലക്ഷം റാങ്ക് ജേതാക്കൾക്കാണ് അവസരം. അതിനാൽ ഐ.ഐ.ടികളിൽ പ്രവേശനമാഗ്രഹിക്കുന്ന വിദ്യാർഥികൾ നല്ല തയാറെടുപ്പോടെ ‘ജെ.ഇ.ഇ മെയിൻ’ പരീക്ഷ എഴുതേണ്ടതാണ്. ‘ജെ.ഇ.ഇ അഡ്വാൻസ്ഡ്’ പരീക്ഷയുടെ കൂടുതൽ വിവരങ്ങൾ https://jeeadv.ac.inൽ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.