ജിദ്ദ: ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ 2025-26 അധ്യയന വർഷത്തേക്കുള്ള വിദ്യാർഥി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രീ നഴ്സറി മുതൽ ഏഴാം ക്ലാസ് വരെയാണ് പ്രവേശനം. സ്‌കൂൾ വെബ്സൈറ്റ് ( www.iisjed.org ) വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 20. നേരത്തെ അപേക്ഷിച്ചതിന് ശേഷം പ്രവേശനം ലഭിക്കാത്തവരും പുതുതായി അപേക്ഷിക്കണം. ഒരേ വിദ്യാർഥി ഒന്നിലധികം അപേക്ഷ സമർപ്പിച്ചാൽ മുഴുവൻ അപേക്ഷയും തള്ളും. അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന റഫറൻസ് നമ്പർ സൂക്ഷിക്കണം. ഈ റഫറൻസ് നമ്പർ അനുസരിച്ചായിരിക്കും തുടർന്നുള്ള നടപടിക്രമങ്ങൾ.
ഓരോ ക്ലാസ്സുകളിലേക്കും പ്രവേശനത്തിനുള്ള വയസ് സംബന്ധിച്ച് കൃത്യമായ നിബന്ധനയുണ്ട്. 2025 മാർച്ച് 31 അനുസരിച്ചുള്ള വയസ് നിബന്ധനകൾ ഇപ്രകാരമാണ്. പ്രീ നഴ്സറി-മൂന്ന് മുതൽ നാല് വരെ, എൽ.കെ.ജി- നാല് മുതൽ അഞ്ച് വരെ, യു.കെ.ജി-അഞ്ച് മുതൽ ആറ് വരെ, ഒന്ന്-ആറ് മുതൽ ഏഴ് വരെ, രണ്ട്- ഏഴ് മുതൽ എട്ട് വരെ, മൂന്ന്- എട്ട് മുതൽ ഒമ്പത് വരെ, നാല്- ഒമ്പത് മുതൽ 10 വരെ, അഞ്ച്- 10 മുതൽ 11 വരെ, ആറ്- 11 മുതൽ 12 വരെ, ഏഴ്-12 മുതൽ 13 വരെ.
പ്രീ നഴ്സറി, എൽ.കെ.ജി ക്ലാസുകളിലേക്കുള്ള പ്രവേശനം കുട്ടികളുടെയും രക്ഷിതാക്കളുടെയും ഇന്റർവ്യൂ അടിസ്ഥാനത്തിലായിരിക്കും. യു.കെ.ജി, ഒന്ന് എന്നീ ക്ലാസുകളിലേക്കുള്ള പ്രവേശനം അഡ്മിഷൻ ടെസ്റ്റ് അനുസരിച്ചായിരിക്കും. രണ്ട് മുതൽ ഏഴ് വരെ ക്ലാസുകളിലേക്കുള്ള പ്രവേശനം ലഭ്യമായ സീറ്റുകളുടെ എണ്ണവും അഡ്മിഷൻ ടെസ്റ്റിൽ ലഭിക്കുന്ന മാർക്കുകളുടെയും അടിസ്ഥാനത്തിലുമായിരിക്കും.
പ്രീ നഴ്സറി മുതൽ മൂന്ന് വരെ ക്ലാസുകളിലേക്ക് മക്കയിൽ നിന്നുള്ള വിദ്യാർഥികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. എട്ട് മുതൽ 12 വരെ ക്ലാസുകളിൽ നിലവിൽ സീറ്റ് ഒഴിവുകളില്ലാത്തതിനാൽ പുതിയ പ്രവേശനം ഉണ്ടാവില്ല. അഡ്മിഷൻ സംബന്ധമായ മുഴുവൻ വിവരങ്ങളും സ്‌കൂൾ വെബ്സൈറ്റ് മുഖേനയോ indianschool@iisjed.org എന്ന ഇമെയിൽ വഴി ബന്ധപ്പെട്ടോ അറിയാവുന്നതാണെന്ന് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഇമ്രാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.