പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകളുമായി മെഡിക്കൽ രംഗത്തേക്ക് കാലെടുത്തുവെക്കാനൊരുങ്ങുകയാണ് ഖരഗ്പൂർ ഐ.ഐ.ടി. എം.ബി.ബി.എസ് കോഴ്സുകൾ തുടങ്ങാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഈ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.
എം.ഡി(ഡോക്ടർ ഓഫ് മെഡിസിൻ) തുടങ്ങാനായി നാഷനൽ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ് ഐ.ഐ.ടി. ''വിദഗ്ധരായ ഡോക്ടർമാരെ ഇതിനകം തന്നെ ഞങ്ങൾ നിയമിച്ചുകഴിഞ്ഞു. എം.ഡി പ്രോഗ്രാമിനെത്തുന്ന കുട്ടികളെ പഠിപ്പിക്കാൻ അവർ തയാറാണ്''-ഖരഗ്പൂർ ഐ.ഐ.ടി ഡയറക്ടർ സുമൻ ചക്രബർത്തി പറഞ്ഞു. സെപ്റ്റംബർ 23ന് നടന്ന ഗവർണേഴ്സ് യോഗത്തിലും ഈ പദ്ധതി അവതരിപ്പിച്ചിരുന്നു.
20 സീറ്റുകളായിരിക്കും എം.ഡി കോഴ്സിന് ഉണ്ടായിരിക്കുക. രാജ്യത്തെ ആദ്യത്തെ ഐ.ഐ.ടിക്ക് ഭൂമി നൽകിയ ബംഗാളിലെ ആദ്യ മുഖ്യമന്ത്രി ഡോ.ബി.സി. റോയിയുടെ പേരിലുള്ള മെഡിക്കൽ കോളജിലായിരിക്കും വിദ്യാർഥികൾ പഠിക്കുക.
ഖരഗ്പൂർ ഐ.ഐ.ടി കാംപസിലാണ് ഈ മെഡിക്കൽ കോളജ് സ്ഥാപിച്ചത്. എന്നാൽ വിദ്യാർഥികളുടെ പ്രാക്ടിക്കൽ സെഷനുകൾ നടക്കുക പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലായിരിക്കും. ശ്യാമപ്രസാദ് മുഖർജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് എന്നാണ് ഈ സൂപപർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ പേര്.
മെഡിക്കൽ കോഴ്സുകൾ തുടങ്ങുന്നതിന്റെ ഭാഗമായി, 2021 ഡിസംബറിൽ ഐ.ഐ.ടി അധികൃതർ നേരത്തെ പ്രവർത്തിച്ചിരുന്ന ഡോ. ബി.സി. റോയ് മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ റിസർച്ച് സെന്ററിനെ രണ്ട് സ്ഥാപനങ്ങളായി വിഭജിച്ചിരുന്നു. ശ്യാമ പ്രസാദ് മുഖർജി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ (ഡോ. ബി.സി. റോയ് മെഡിക്കൽ കോളജ് എന്നിങ്ങനെ രണ്ടായാണ് വിഭജിച്ചത്.
2007 മേയ് 17ന് അന്നത്തെ രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുൽ കലാമാണ് ഡോ.ബി.സി. റോയ് മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ റിസർച്ച് സെന്ററിന് തറക്കല്ലിട്ടത്. സൂപ്പർ സ്പെഷ്യാലിറ്റ് ഹോസ്പിറ്റലും എം.ബി.ബി.എസ് കോഴ്സുകളും തുടങ്ങുക എന്നതായിരുന്നു അന്നത്തെ ലക്ഷ്യം. 2021ൽ തങ്ങൾ ആ ലക്ഷ്യത്തിന് അടുത്തെത്തിയെന്നും അന്നത്തെ ഖരഗ്പൂർ ഐ.ഐ.ടി മേധാവി വി.കെ. തിവാരി പ്രഖ്യാപിക്കുകയുണ്ടായി. ആ വർഷം 100 വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്ന രീതിയിൽ എം.ബി.ബി.എസ് കോഴ്സ് തുടങ്ങുമെന്നും അദ്ദേഹം പറയുകയുണ്ടായി. അതോടൊപ്പം ശ്യാമപ്രസാദ് മുഖർജിയുടെ പേരിലുള്ള സൂപ്പർസ്പെഷ്യാലിറ്റ് ആശുപത്രി തുടങ്ങാൻ കഴിയുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു.
എന്നാൽ അധികം വൈകാതെ എം.ബി.ബി.എസ് കോഴ്സ് തുടങ്ങാനുള്ള പദ്ധതി നിർത്തിവെച്ചു. എൻജിനീയറിങ് കോഴ്സുകൾക്ക് വേണ്ടിയാണ് ഐ.ഐ.ടി തുടങ്ങിയതെന്നും നിലവിൽ 16000 ബി.ടെക്,എം.ടെക് ബ്രാഞ്ചുകളുണ്ടെന്നും എം.ബി.ബി.എസ് കോഴ്സുകൾ തുടങ്ങാൻ കുറച്ചധികം സമയം എടുക്കുമെന്നും അന്ന് മുതിർന്ന ഐ.ഐ.ടി ഉദ്യോഗസ്ഥൻ വിശദീകരണം നൽകി.
അടുത്തിടെ ഇൻസ്റ്റിറ്റ്യൂട്ട് അതിന്റെ ചരിത്രത്തിലെ വലിയൊരു നാഴികക്കല്ലാണ് പിന്നിട്ടത്. സെപ്റ്റംബർ അവസാനം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ആദ്യത്തെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായിരുന്നു അത്. സീനിയർ സർജൻ ആർ.കെ. ബെഹറയാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.
ഓപറേഷൻ തിയേറ്റർ പ്രവർത്തനക്ഷമമായതോടെ, ശ്യാമ പ്രസാദ് ആശുപത്രി 220 കിടക്കകളുള്ള മിഡൻ മോഡ് ഐ.പി.ഡി ആശുപത്രിയായി വികസിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇത് വിദ്യാർഥികൾക്കും ഫാക്കൽറ്റികൾക്കും ജീവനക്കാർക്കും സമൂഹത്തിനും ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യസംരക്ഷണം നൽകുമെന്നും ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.