സി.ബി.എസ്.ഇ 12ാം ക്ലാസ് പുനർമൂല്യനിർണയ ഫലം ഉടൻ പുറത്തുവിടും -കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജൂക്കേഷൻ (സി.ബി.എസ്.ഇ) 12ാം ക്ലാസ് പരീക്ഷാ പുനർമൂല്യനിർണയ ഫലം ഉടൻ പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. ഇതിനകം തന്നെ ഭൂരിഭാഗം അപേക്ഷകളുടെയും നടപടിക്രമങ്ങൾ പൂർത്തിയായതായും അദ്ദേഹം പറഞ്ഞു. നീറ്റ് യു.ജി പുനഃപരീക്ഷക്ക് മുന്നോടിയായി വിദ്യാർഥികളെ അഭി​സംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ന് നീറ്റ് പരീക്ഷ നടക്കുമെന്നത് മാത്രമല്ല, സി.ബി.എസ്.ഇ പരീക്ഷാഫലങ്ങളും വളരെ വേഗം പുറത്തുവിടും. 17,00,000 ​വിദ്യാർഥികളിൽ ഏകദേശം 15,50,000 പേരുടെ ഫലം ഇതിനകം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയം, പുനഃപരിശോധന എന്നിവക്കായി അപേക്ഷിച്ചവരുടെ മൂല്യനിർണയം പൂർത്തിയായി. സി.ബി.എസ്.ഇ ഉടൻതന്നെ അവ പ്രസിദ്ധീകരിക്കും’ -ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

മേയ് 13നാണ് സി.ബി.എസ്.ഇ 12–ാം ക്ലാസ് ഫലം പ്രഖ്യാപിച്ചത്. വൈകാതെ പുനർമൂല്യനിർണയ നടപടികൾ തുടങ്ങിയെങ്കിലും ഓൺ സ്ക്രീൻ മാർക്കിങ് (ഒ.എസ്.എം) വിവാദങ്ങളും വെബ്സൈറ്റിലെ തകരാറും കാരണം നടപടികൾ നീളുകയായിരുന്നു. ഉത്തരക്കടലാസ് ലഭിച്ചവർക്കു പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകാനുള്ള സമയം ഈ മാസം ഏഴിനാണ് അവസാനിച്ചത്. അധികൃതർ വിചാരിച്ചതിലും പല മടങ്ങ് അപേക്ഷകൾ ലഭിച്ചതോടെ ഈ നടപടികൾ നീളുകയായിരുന്നു.

കാലതാമസമില്ലാതെ അക്കാദമിക് പ്രക്രിയകൾ പൂർത്തിയാക്കാൻ അധികാരികൾ ശ്രദ്ധിക്കും. കുട്ടികൾക്ക് യാതൊരു വിധ തടസവും നേരിടേണ്ടിവരില്ല. ഇത് ഉറപ്പു നൽകുന്നു -അദ്ദേഹം പറഞ്ഞു. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മേയ് മൂന്നിന് നടന്ന നീറ്റ് യു.ജി പരീക്ഷ റദ്ദാക്കുകയും 22 ലക്ഷത്തോളം വിദ്യാർഥികൾ ഞായറാഴ്ച പുനഃപരീക്ഷ എഴുതുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന.

വിദ്യാർഥികളോട് ഭയവും ആശങ്കയും ഒഴിവാക്കി ആത്മവിശ്വാസത്തോടെ നീറ്റ് പരീക്ഷ എഴുതാൻ കേന്ദ്രമന്ത്രി ആഹ്വാനം ചെയ്തു. ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ), സംസ്ഥാന സർക്കാരുകൾ, ജില്ലാ ഭരണകൂടങ്ങൾ, വിദ്യാഭ്യാസ മേഖല എന്നിവയിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തുടനീളം ഏകദേശം 22 ലക്ഷത്തിലധികം വിദ്യാർഥികളാണ് ജൂൺ 21ന് നടക്കുന്ന പുനഃ പരീക്ഷയിൽ പങ്കെടുക്കുന്നത്. പരീക്ഷയുടെ സുതാര്യതയും സുരക്ഷയും ഉറപ്പാക്കാൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാർഥികൾ അഭ്യൂഹങ്ങളിൽ വീഴാതെ പരീക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.

ഭയമില്ലാതെ, ആശങ്കകളില്ലാതെ പരീക്ഷ എഴുതൂ. നിങ്ങൾക്ക് മികച്ച വിജയം നേടാനാകും -എന്നായിരുന്നു ധർമേന്ദ്ര പ്രധാൻ വിദ്യാർഥികൾക്ക് നൽകിയ സന്ദേശം. വിദ്യാർഥികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള പ്രസ്താവനകളോ പ്രവർത്തനങ്ങളോ ഒഴിവാക്കണമെന്നും അദ്ദേഹം രാഷ്ട്രീയ നേതാക്കളോടും പൊതുപ്രവർത്തകരോടും അഭ്യർഥിച്ചു.

ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മേയ് മൂന്നിന് നടന്ന നീറ്റ് യു.ജി പരീക്ഷ റദ്ദാക്കിയിരുന്നു. തുടർന്ന് കേന്ദ്ര സർക്കാർ അന്വേഷണ ചുമതല സി.ബി.ഐക്ക് കൈമാറുകയും ജൂൺ 21ന് പുനഃപരീക്ഷ നടത്താൻ തീരുമാനിക്കുകയുമായിരുന്നു.

Tags:    
News Summary - CBSE re evaluation results soon Dharmendra Pradhan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.