മൂന്നുതവണ മാറ്റി; ജില്ല സ്കൂൾ കലോത്സവം 24ന് തുടങ്ങും

ആലപ്പുഴ: തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മൂന്നുതവണ മാറ്റിയ ജില്ല സ്കൂൾ കലോത്സവം ഈമാസം 24 മുതൽ 28 വരെ ആലപ്പുഴയിൽ നടക്കും. മേളയുടെ രജിസ്ട്രേഷൻ 22ന് ഉച്ചക്ക് രണ്ടിന് പ്രധാനവേദിയായ ലിയോതേർട്ടീന്ത് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. 24ന് ഉച്ചക്ക് രണ്ടിന് പ്രധാനവേദിയിൽ ചലച്ചിത്ര പിന്നണി ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ ഉദ്ഘാടനം നിർവഹിക്കും.

347 ഇനങ്ങളിലായി 8000 വിദ്യാർഥികൾ മത്സരങ്ങളിൽ മാറ്റുരക്കും. ലീയോതേർട്ടീന്ത് ഹയർസെക്കൻഡറി സ്കൂൾ, എൽ.പി സ്കൂൾ, കർമസദൻ, മുഹമ്മദൻസ് ഗേൾസ് എച്ച്.എസ്.എസ്, മുഹമ്മദൻസ് എൽ.പി സ്കൂൾ, സെന്‍റ് ആന്‍റണീസ് എൽ.പി, ഹൈസ്കൂൾ, ടി.ഡി.എച്ച്.എസ്.എസ്, സെന്‍റ് ജോസഫ് എൽ.പി സ്കൂൾ എന്നിവിടങ്ങളിലെ 12 വേദികളിലാണ് മത്സരം.

സി.എം.എസ് എൽ.പി സ്കൂളിലാണ് ഭക്ഷണം ക്രമീകരിച്ചിട്ടുള്ളത്. ഈമാസം 17 മുതൽ 21വരെ നടത്താനായിരുന്നു ആദ്യതീരുമാനം. ഇതനുസരിച്ച് ലോഗോപ്രകാശനം ഉൾപ്പെടെയുള്ളവ പൂർത്തിയാക്കിയതിന് പിന്നാലെയാണ് തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ ഉപഡയറക്ടർക്ക് വരണാധികാരിയുടെ ചുമതല ലഭിച്ചതോടെയായിരുന്നു ആദ്യമാറ്റം.

തെരഞ്ഞെടുപ്പ് പത്രികസമർപ്പണം വെള്ളിയാഴ്ച അവസാനിക്കുന്നതോടെ ഡി.ഡി.ഇയുടെ തിരക്ക് അൽപം കുറയുമെന്ന് കരുതി തീയതി വീണ്ടും പുതുക്കി. ഈമാസം 24 മുതൽ 29വരെ നടത്താനാണ് തീരുമാനിച്ചത്. ഇതിനിടെയാണ് അധ്യാപകർക്കായി തെരഞ്ഞെടുപ്പ് പരിശീലനക്ലാസ് എത്തിയത്. ഇതോടെ ഒരുദിവസം വെട്ടിച്ചുരുക്കിയാണ് കലോത്സവം നടത്തുന്നത്. ഈമാസം 25 മുതൽ 28 വരെയാണ് തെരഞ്ഞെടുപ്പ് പരിശീലനക്ലാസ്.

രാവിലെയും ഉച്ചക്കുമായി നടക്കുന്ന പരിശീലനക്ലാസിൽ 80ശതമാനം അധ്യാപകർക്കും പോകേണ്ടിവരുന്നതിനാൽ കലോത്സവ നടത്തിപ്പിനെ ബാധിക്കുമോയെന്ന ആശങ്കയുണ്ട്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ക്രിസ്മസ് പരീക്ഷയും അവധിയും വന്നെത്തുന്നതിനാൽ മറ്റ് മാർഗമില്ലാത്തതിനാലാണ് ഈസമയം തെരഞ്ഞെടുത്തതെന്നാണ് അധികൃതരുടെ വിശദീകരണം. 28ന് വൈകീട്ട് ആറിനാണ് സമാപനം. വാർത്താസമ്മേളനത്തിൽ ഡി.ഡി.ഇ ഇ.എസ്. ശ്രീലത, ഇ.ആർ. ഉദയകുമാർ, അനസ് എം. അഷ്റഫ്, ഡി.ആർ. സജിത്ത്ലാൽ, ആർ. രാധാകൃഷ്ണപൈ, മീരാദാസ്, രാഹുൽ ഭാനു എന്നിവർ പങ്കെടുത്തു.

ക്രിസ്മസ് പരീക്ഷയും അവധിയും വിനയായി

തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിനിടെ എത്തുന്ന ജില്ല സ്കൂൾ കലോത്സവത്തെ ബാധിച്ചത് ക്രിസ്മസ് പരീക്ഷയും അവധിയും. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് പരീക്ഷയെത്തുന്നത്. ഈദിവസങ്ങളിൽ കലോത്സവം നടത്താനാവില്ല. 23വരെയാണ് പരീക്ഷയുള്ളത്. ഇതിനുശേഷം തുടങ്ങുന്ന അവധി ജനുവരി അഞ്ചുവരെ നീളും.

ജനുവരി 14 മുതൽ തൃശൂരിലാണ് സംസ്ഥാന സ്കൂൾ കലോത്സവം. ഇതിനിടെ മത്സരം നടത്തിക്കൊണ്ടുപോകാൻ പ്രായോഗിക ബുദ്ധിമുട്ട് നേരിട്ടതോടെയാണ് തദ്ദേശതെരഞ്ഞെടുപ്പിനിടെ തന്നെ കലോത്സവം നടത്താൻ സംഘാടകസമിതി തീരുമാനിച്ചത്. 

Tags:    
News Summary - Alappuzha District School kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.