ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. സ്മാഗുൽ കരാഷോനോ, ഡോ. പി. ജയറാം, എസ്. ശ്രീദേവി എന്നിവർ
കെട്ടിടങ്ങൾക്കുള്ളിലെ ചൂടും പ്രകാശവും സ്വയം നിയന്ത്രിക്കുന്ന ‘സ്മാർട്ട് വിൻഡോ’; നേട്ടവുമായി പൊന്നാനി എം.ഇ.എസ് കോളജ് ഗവേഷക സംഘം
പൊന്നാനി: പുറത്തെ കാലാവസ്ഥയ്ക്കനുസരിച്ച് ചൂടിന്റെയും പ്രകാശത്തിന്റെയും കടന്നുപോക്ക് സ്വയം നിയന്ത്രിക്കുന്ന ‘സ്മാർട്ട് വിൻഡോ’ സാങ്കേതികവിദ്യയുടെ പ്രായോഗിക സാധ്യതകളെക്കുറിച്ചുള്ള പഠനത്തിൽ പൊന്നാനി എം.ഇ.എസ്. കോളജിലെ ഗവേഷക സംഘത്തിന് ശ്രദ്ധേയ നേട്ടം. കേരളത്തിന്റെ ചൂടേറിയ വേനലും ഉയർന്ന ആർദ്രതയും ശക്തമായ മഴയുമടക്കമുള്ള വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങളിൽ സ്മാർട്ട് വിൻഡോ സാങ്കേതികവിദ്യയുടെ പ്രവർത്തനക്ഷമത വിജയകരമായി പരീക്ഷിച്ചാണ് ഗവേഷക സംഘം നേട്ടം കൈവരിച്ചത്.
കെട്ടിടങ്ങൾക്കുള്ളിലെ ചൂടും പ്രകാശവും സ്വയം നിയന്ത്രിക്കാൻ കഴിയുന്ന ഇത്തരം സ്മാർട്ട് വിൻഡോകൾ ഭാവിയിൽ എയർ കണ്ടീഷണറുകളുടെയും ഹീറ്ററുകളുടെയും അമിത ഉപയോഗം കുറയ്ക്കാനും വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാനും അതുവഴി കാർബൺ പുറന്തള്ളൽ കുറച്ച് പരിസ്ഥിതി സൗഹൃദ ‘ഗ്രീൻ ബിൽഡിങ്’ സംവിധാനങ്ങൾക്ക് വഴിയൊരുക്കാനും സഹായകമാകുമെന്നാണ് പഠനത്തിന്റെ പ്രധാന കണ്ടെത്തൽ.
പുറത്തെ താപനിലയ്ക്കനുസരിച്ച് വിൻഡോയുടെ പ്രകാശ-താപ നിയന്ത്രണം സ്വയം ക്രമീകരിക്കാനാകും. മനുഷ്യ ഇടപെടലില്ലാതെ സൂര്യപ്രകാശത്തിലെ ഇൻഫ്രാറെഡ് (ചൂട്), അൾട്രാവയലറ്റ് രശ്മികളുടെ കടന്നുകയറ്റം കുറയ്ക്കാനും മുറിക്കുള്ളിൽ ആവശ്യമായ അളവിൽ മാത്രം പ്രകാശം ലഭ്യമാക്കാനും സാങ്കേതികവിദ്യയ്ക്ക് കഴിയും.
എം.ഇ.എസ്. പൊന്നാനി കോളജ് ഫിസിക്സ് വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന ‘മെറ്റീരിയൽസ് ആൻഡ് അഡ്വാൻസ്ഡ് കണ്ടൻസ്ഡ് മാറ്റർ ഫിസിക്സ് ലബോറട്ടറി’യിലാണ് പരീക്ഷണം നടത്തിയത്. ലാബ് സാഹചര്യങ്ങൾക്ക് പുറത്തുള്ള യഥാർഥ പ്രകൃതിദത്ത കാലാവസ്ഥയിൽ സ്മാർട്ട് വിൻഡോ സാങ്കേതികവിദ്യ പരിശോധിക്കുന്ന ലോകത്തിലെ തന്നെ ആദ്യകാല പഠനങ്ങളിൽ ഒന്നാണിതെന്ന് ഗവേഷക സംഘം പറയുന്നു. നോർവേയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എനർജി ടെക്നോളജിയുടെ (ഐ.എഫ്.ഇ) യൂറോപ്യൻ യൂണിയൻ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച റെയർ എർത്ത് ഹൈഡ്രൈഡ് അടിസ്ഥാനമാക്കിയുള്ള നൂതന നേർത്ത ഫിലിമുകളാണ് പരീക്ഷണത്തിന് വിധേയമാക്കിയത്.
ഫിസിക്സ് വിഭാഗം ഗവേഷക എസ്. ശ്രീദേവിയാണ് പഠനത്തിന് നേതൃത്വം നൽകിയത്. ഏകദേശം ഒരു വർഷം നീണ്ട പരീക്ഷണങ്ങൾക്കും തുടർന്ന് രണ്ട് വർഷം നീണ്ട കർശനമായ പരിശോധനാ നടപടികൾക്കും ശേഷമാണ് ഗവേഷണഫലങ്ങൾ പ്രസിദ്ധീകരണത്തിന് യോഗ്യമായത്.എം.ഇ.എസ്. പൊന്നാനി കോളേജ് ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രഫ. ഡോ. പി. ജയറാമും നോർവേയിലെ ഐ.എഫ്.ഇയിലെ ഡോ. സ്മാഗുൽ കരാഷോനോവുമാണ് സഹകരണ ഗവേഷണത്തിന് നേതൃത്വം നൽകിയത്.
ഗവേഷണഫലങ്ങൾ പ്രമുഖ അന്താരാഷ്ട്ര പ്രസാധകരായ എൽസെവിയർ പ്രസിദ്ധീകരിക്കുന്ന ജേണൽ ഓഫ് സോളാർ എനർജി മറ്റീരിയൽസ് ആൻഡ് സോളാർ സെൽസ് എന്ന അന്താരാഷ്ട്ര ശാസ്ത്ര ജേണലിന്റെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചു. എം.ഇ.എസ്. കേരള ഡയറക്ടർ ഡോ. എ. ബിജു, മുൻ പ്രിൻസിപ്പൽ ഡോ. വി.യു. അമീറ, പ്രിൻസിപ്പൽ ഡോ. എം.കെ. സാബിഖ് എന്നിവർ ഗവേഷണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണയും സഹായങ്ങളും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.