ഐറിനും അഭിനയും


മകൾക്കൊപ്പം ഒരേ ബെഞ്ചിലിരുന്ന് പഠനം, ഒരുമിച്ച് പരീക്ഷ; ബിരുദാനന്തര ബിരുദം നേടി അമ്മയും മകളും

പയ്യന്നൂർ (കണ്ണൂർ): ഒരുബെഞ്ചിലിരുന്ന് പരീക്ഷയെഴുതി അമ്മയും മകളും ഒരുമിച്ച് പി.ജി ബിരുദം നേടിയപ്പോൾ അമ്മക്ക് രണ്ടര പതിറ്റാണ്ടുമുമ്പു കൈവിട്ടുപോയ സ്വപ്നം കൂടിയാണ് യാഥാർഥ്യമായത്.

പിലാത്തറ പഴിച്ചിയിലെ ഐറിനും മകൾ അഭിനയുമാണ് ഈമാതൃകാ അമ്മയും മകളും. 2002ൽ ബി.എസ്.സി ബിരുദം പൂർത്തിയാക്കുമ്പോൾ ഐറിന്റെ മനസ്സിൽ ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ, ഉപരിപഠനം. എന്നാൽ, ഈസമയത്ത് മകൾ അഭിന ജനിച്ചതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾക്കിടയിൽ സ്വപ്നം മാറ്റിവെക്കേണ്ടി വന്നു. എങ്കിലും പി.ജി എടുക്കണമെന്ന ഐറിന്റെ ആഗ്രഹം ചെറുപ്പം മുതലേ കേട്ടുവളർന്ന അഭിന താൻ ബിരുദാനന്തര ബിരുദത്തിന് ചേർന്നപ്പോൾ അമ്മയറിയാതെ ഐറിനും വേണ്ടിയും അഡ്മിഷൻ എടുത്തു.

മകൾ നൽകിയ ആ വലിയ സർപ്രൈസ് ഐറിനെ ഞെട്ടിച്ചെങ്കിലും യഥാർഥ വെല്ലുവിളി മുന്നിലുണ്ടായിരുന്നു. സയൻസ് പശ്ചാത്തലമുള്ള ഐറിന് കോമേഴ്സ് വിഷയമായ എം.കോം പഠിച്ചെടുക്കൽ ഒട്ടും എളുപ്പമായിരുന്നില്ല. എന്നാൽ, അമ്മക്ക് മകൾ ക്ലാസെടുത്ത് അതിനും പരിഹാരം കണ്ടു. ഒരുമിച്ച് വീട്ടിൽനിന്ന് പഠിച്ച് ഒരേമുറിയിൽ ഒരേബെഞ്ചിന്റെ രണ്ടറ്റത്തിരുന്ന് അമ്മയും മകളും ഒടുവിൽ പരീക്ഷയെഴുതി തിളക്കമാർന്ന വിജയം ഒരുമിച്ച് സ്വന്തമാക്കി. ഇവരുടെ അപൂർവ നേട്ടത്തിന് പിന്നിലെ ഏറ്റവും വലിയ ശക്തിയായി നിന്നത് ഐറിന്റെ അമ്മ രാജമാണ്. ഇരുവരും ഒരുമിച്ച് പി.ജി തൊപ്പി അണിയുന്ന ബിരുദദാന ചടങ്ങിനായി കാത്തിരിക്കുകയാണ് രാജം. ഇപ്പോൾ ചെറുതാഴം ഗ്രാമപഞ്ചായത്തിൽ വി.ഇ.ഒ ആയി ജോലി ചെയ്യുന്ന ഐറിൻ തിരുവനന്തപുരം സ്വദേശിനിയാണ്. കഴിഞ്ഞ നാലുവർഷമായി പിലാത്തറയിൽ വാടക വീട്ടിൽ താമസിച്ചുവരികയാണ്.

Tags:    
News Summary - Inspiring Joint PG Success Story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.