ഭർത്താവ് മരിച്ചതോടെ മന്ത്രവാദിനിയെന്ന് വിളിച്ചു, മകളെയും നഷ്ടമായി; വീണ്ടും പഠിക്കാൻ തുടങ്ങി, ഒടുവിൽ സർക്കാർ ജോലിയിലേക്ക്
അജ്മീർ: ഒന്നിന് പിന്നാലെ ഒന്നായി ദുരന്തങ്ങൾ നേരിടേണ്ടിവന്നിട്ടും പ്രതിസന്ധികളിൽ തളരാതെ പഠിച്ച് മുന്നേറി രാജസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയിൽ മികച്ച വിജയം സ്വന്തമാക്കി രോഹിണി ഗുർജർ. ഭർത്താവിന്റെ മരണം, സാമൂഹിക അധിക്ഷേപം, പത്തുവയസുകാരിയായ മകളുടെ മരണം, പരീക്ഷക്ക് തൊട്ടുമുമ്പുണ്ടായ അപകടത്തിൽ കണ്ണിനേറ്റ ഗുരുതര പരിക്ക് തുടങ്ങിയവയെല്ലാം അതിജീവിച്ചാണ് രോഹിണി ആർ.എ.എസ് 2024 പരീക്ഷയിൽ എം.ബി.സി വിധവ വിഭാഗത്തിൽ രണ്ടാം റാങ്ക് നേടിയത്.
രാജസ്ഥാൻ അക്കൗണ്ട്സ് സർവീസിലേക്കാണ് രോഹിണിയുടെ നിയമനം. അജ്മീറിലെ ഘുഘ്ര ഗ്രാമത്തിൽനിന്ന് ബിരുദം നേടുന്ന ആദ്യ പെൺകുട്ടിയായിരുന്നു രോഹിണി. 2006ലാണ് ബിരുദം പൂർത്തിയാക്കിയത്. പഠനം പൂർത്തിയാക്കിയ ശേഷം സ്വകാര്യ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്തു. 2011ൽ വിവാഹിതയായി. 2013ൽ ആദ്യ മകൾ ജനിച്ചു.
2021 ഫെബ്രുവരി 18നാണ് രോഹിണിയുടെ ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഭർത്താവിന്റെ മരണത്തിന് പിന്നാലെ കുടുംബത്തിൽനിന്നും സമൂഹത്തിൽനിന്നും വലിയ സമ്മർദം നേരിടേണ്ടിവന്നു. രണ്ട് പെൺമക്കൾ മാത്രമുള്ളതിന്റെ പേരിലും പരിഹാസം നേരിട്ടു. ഭർത്താവിന്റെ മരണത്തിന് താനാണ് കാരണമെന്ന് ആരോപിക്കുകയും തന്നെ മന്ത്രവാദിനിയെന്ന് വിളിക്കുകയും ചെയ്തതായി രോഹിണി പറയുന്നു. ഈ സാഹചര്യത്തിലാണ് ഏകദേശം 15 വർഷത്തെ ഇടവേളക്ക് ശേഷം രോഹിണി വീണ്ടും പഠനത്തിലേക്ക് മടങ്ങിയത്. ഭർത്താവിന്റെ അമ്മയായ പുഷ്പാദേവിയായിരുന്നു പഠനം തുടരാൻ പ്രോത്സാഹിപ്പിച്ചത്. സഹോദരൻ നരേന്ദ്ര ഗുർജറും രോഹിണിക്ക് പിന്തുണ നൽകി.
ആർ.എ.എസ് പരീക്ഷക്കുള്ള തയാറെടുപ്പുമായി മുന്നോട്ടുപോയ രോഹിണി ആദ്യ ശ്രമത്തിൽ പ്രിലിമിനറി പരീക്ഷ വിജയിച്ചു. എന്നാൽ മെയിൻസ് പരീക്ഷയുടെ കട്ട് ഓഫ് മറികടക്കാൻ കഴിഞ്ഞില്ല. അതോടെ 2023ൽ വീണ്ടും പരീക്ഷയെഴുതാൻ തീരുമാനിച്ച രോഹിണി തയാറെടുപ്പിനായി ജയ്പൂരിലേക്ക് മാറി. ഇതിനിടെ പുഷ്പാദേവി മരിച്ചു. 95 വയസായിരുന്നു അവർക്ക്.
2024 ജൂൺ 29ന് രോഹിണിയുടെ പത്തുവയസ്സുകാരിയായ മൂത്ത മകൾ പെട്ടെന്ന് അസുഖബാധിതയായി മരിച്ചു. ആർ.എ.എസ് മെയിൻസ് പരീക്ഷക്ക് ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് മകളെ നഷ്ടപ്പെട്ടത്. മകളുടെ മരണത്തോടെ പരീക്ഷയെഴുതാനുള്ള തീരുമാനം ഉപേക്ഷിക്കാൻ രോഹിണി തീരുമാനിച്ചു. എന്നാൽ ഇളയ മകൾ ഭൂമിയുടെ ഭാവിയെക്കുറിച്ച് ഓർത്ത് പരീക്ഷയെഴുതാൻ കുടുംബം നിർബന്ധിച്ചതോടെ പരീക്ഷയെഴുതാൻ തീരുമാനിച്ചു. എന്നാൽ, പിന്നെയും വിധി രോഹിണിയെ പരീക്ഷിച്ചു. പരീക്ഷക്ക് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ രോഹിണി അപകടത്തിൽപ്പെട്ടു. മുഖത്തും കണ്ണിനും ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. കണ്ണിന് പരിക്കേറ്റതിനാൽ ബാൻഡേജ് ധരിക്കേണ്ടിവന്നു. എന്നാൽ, പരീക്ഷ എഴുതാനുള്ള തീരുമാനം രോഹിണി ഉപേക്ഷിച്ചില്ല. ഒരു കണ്ണിൽ ബാൻഡേജുമായി രോഹിണി പരീക്ഷ എഴുതി. തുടർന്ന് മെയിൻസ് വിജയിക്കുകയും അഭിമുഖത്തിൽ പങ്കെടുക്കുകയും ചെയ്തു.
ഒടുവിൽ ആർ.എ.എസ് 2024 പരീക്ഷാഫലം പുറത്തുവന്നപ്പോൾ എം.ബി.സി വിധവ വിഭാഗത്തിൽ രാജസ്ഥാനിൽ രണ്ടാം റാങ്കാണ് റോഹിണിക്ക് ലഭിച്ചത്. നിലവിൽ ഇളയ മകൾക്കൊപ്പമാണ് രോഹിണി കഴിയുന്നത്. ‘പലതവണ ഞാൻ തകർന്നു, പലതവണ വീണ്ടും എഴുന്നേറ്റു’ തന്റെ ജീവിതയാത്രയെക്കുറിച്ച് രോഹിണി ഇങ്ങനെ പറയുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ തടയുന്ന യാഥാസ്ഥിതിക ചിന്താഗതികൾ മാറണമെന്നും അവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.