മൂന്ന് ലക്ഷം രൂപക്ക് തുടങ്ങിയ ചായക്കച്ചവടത്തിൽ നിന്ന് 100 കോടിയുടെ ആസ്തിയിലേക്ക്; മൂന്ന് സുഹൃത്തുക്കളുടെ വിജയഗാഥ
ഇന്ത്യക്കാരുടെ എക്കാലത്തെയും പ്രിയ പാനീയമാണ് ചായ. പ്രഭാതത്തിൽ ഊർജ്ജം പകരാനോ അല്ലെങ്കിൽ ഒരു നീണ്ട ദിവസത്തെ ജോലിക്ക് ശേഷമുള്ള സ്ട്രസ് അകറ്റാനോ ഒരു കപ്പ് ചായ നമ്മുടെ ദിനചര്യയുടെ ഭാഗമാണ്. എന്നാൽ വെറുമൊരു കപ്പ് ചായ എത്രത്തോളം ലാഭകരമായ ഒരു ബിസിനസ്സ് ആശയമായി മാറ്റാൻ കഴിയും? ഈ ചോദ്യത്തിന് ഉത്തരമാണ് 'ചായ് സുട്ട ബാർ' എന്ന സ്റ്റാർട്ടപ്പ് സംരംഭം. വെറുമൊരു ചായക്കടയായി ആരംഭിച്ച് ഇന്ന് 100 കോടിയിലധികം രൂപ വാർഷിക വരുമാനമുള്ള ആഗോള ബ്രാൻഡായി വളർന്നിരിക്കുകയാണ് ഈ സംരംഭം.
ഇൻഡോറിൽ നിന്നുള്ള അനുഭവ് ദുബെ, ആനന്ദ് നായക് എന്നീ രണ്ട് സുഹൃത്തുക്കളാണ് സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ച് ഇത്തരമൊരു ബിസിനസ് ആശയത്തിലേക്ക് എത്തുന്നത്. പിന്നീട് മറ്റൊരു സുഹൃത്തായ രാഹുൽ പാട്ടിദാറും ഇവർക്കൊപ്പം ചേരുകയായിരുന്നു. പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമായി ചായയെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം. അങ്ങനെ 2016-ൽ ഇവർ ചായ് സുട്ട ബാർ എന്ന സംരംഭത്തിന് തുടക്കമിട്ടു.
തുടക്കത്തിൽ സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോണുകൾ വിറ്റിരുന്ന ഈ സുഹൃത്തുക്കൾ വെറും 3 ലക്ഷം രൂപ മുതൽ മുടക്കിലാണ് ഇൻഡോറിൽ ആദ്യത്തെ കഫെ ആരംഭിച്ചത്. ഇന്ത്യൻ സംസ്കാരവുമായി ഇഴുകിചേർന്നതും സാധാരണക്കാർക്ക് താങ്ങാനാവുന്നതുമായ ഭക്ഷണവും പാനീയങ്ങളും നൽകുക എന്നതായിരുന്നു ഇവരുടെ ആശയം. കഫെയുടെ പേരിൽ സുട്ട അഥവാ സിഗരറ്റ് എന്നുണ്ടെങ്കിലും, ഇവരുടെ ഔട്ട്ലെറ്റുകളിൽ പുകവലി കർശനമായി നിരോധിച്ചിരിക്കുന്നു എന്നത് കൗതുകകരമായ ഒരു കാര്യമാണ്.
മൺപാത്രങ്ങളിൽ ചായ നൽകി തുടങ്ങിയതാണ് ഈ ബ്രാൻഡിന്റെ ഏറ്റവും വലിയ പ്രത്യേകത. കാലക്രമേണ, തുളസി, ഇഞ്ചി, ചോക്ലേറ്റ്, കേസർ തുടങ്ങി വിവിധ ഫ്ലേവറുകളിലുള്ള ചായകളും, പാസ്ത, ബർഗർ, നൂഡിൽസ് തുടങ്ങിയ ലഘുഭക്ഷണങ്ങളും കഫെകളിൽ ഉൾപ്പെടുത്തി. സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിലുള്ള വിലയാണ് ഈ ബ്രാൻഡിന്റെ മറ്റൊരു വിജയം. വെറും 15 രൂപക്കാണ് ഇവിടെ ഒരു കപ്പ് ചായ ലഭിക്കുന്നത്.
ഫ്രാഞ്ചൈസി മാതൃകയിലാണ് നിലവിൽ ഈ ബിസിനസ്സ് പ്രവർത്തിക്കുന്നത്. ഫ്രാഞ്ചൈസി എടുക്കുന്നവർക്ക് കൃത്യമായ 15 ദിവസത്തെ പരിശീലനവും ഇവർ നൽകുന്നുണ്ട്. ഇന്ന് ലോകമെമ്പാടുമായി 650-ലധികം ഔട്ട്ലെറ്റുകളുള്ള ഈ ബ്രാൻഡ് കാനഡ, നേപ്പാൾ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലേക്കും തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിച്ചിട്ടുണ്ട്. ചെറിയൊരു ചിന്തയിൽ നിന്ന് തുടങ്ങി കഠിനാധ്വാനത്തിലൂടെ കോടികളുടെ സാമ്രാജ്യ പടുത്തുയർത്തിയ ഈ സുഹൃത്തുക്കളുടെ കഥ ഇന്ന് രാജ്യത്തുടനീളമുള്ള യുവസംരംഭകർക്ക് വലിയൊരു പ്രചോദനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.