ലോക്ഡൗണിൽ ഡ്രോൺ നിർമിച്ച് 15കാരൻ, ഇപ്പോൾ 310 കോടി രൂപ നിക്ഷേപമുള്ള സ്റ്റാർട്ടപ് ഉടമ; കൗമാരക്കാരന്റെ വിജയ യാത്ര

ബംഗളൂരു: 2020ൽ കോവിഡ് മഹാമാരിക്കാലത്ത് സ്കൂളുകളെല്ലാം അടച്ചുപൂട്ടി. ഇതോടെ 15കാരൻ നമൻ പുഷ്പ് വീട്ടിൽതന്നെ ഒതുങ്ങി കഴിയാൻ നിർബന്ധിതനായി. ലോക്ഡൗൺ സമയത്തെ വിരസത അകറ്റാനായാണ് ഡ്രോൺ നിർമിക്കാൻ തുടങ്ങിയത്. വലിയൊരു ബിസിനസ് പ്ലാനൊന്നും അന്ന് നമൻ പുഷ്പിനുണ്ടായിരുന്നില്ല.

തന്റെ ഡ്രോൺ പ്രൊജക്ടിന് ഓപ്പൺ ഡ്രോൺ എന്ന് പേരിട്ട് ഒരു ഹാക്കത്തണിൽ പ്രദർശിപ്പിച്ചു. അത് 500 ഡോളറാണ് നേടികൊടുത്തത്. ആ സമ്മാനത്തുക വീണ്ടും ഡ്രോൺ പ്രൊജക്ടിലേക്ക് തന്നെ നിക്ഷേപിച്ചു. അതിലൂടെ തന്റെ ആദ്യത്തെ ഒരു പ്രോട്ടോടൈപ്പ് നിർമിക്കുകയും ചെയ്തു. ആറ് വർഷങ്ങൾക്ക് ശേഷം, ഇപ്പോൾ 21 വയസ്സുള്ള നമൻ പുഷ്പ് ബംഗളൂരു ആസ്ഥാനമായ എയ്‌റോസ്‌പേസ് സ്റ്റാർട്ടപ്പായ എയർബൗണ്ടിന്റെ സ്ഥാപകനും സി.ഇ.ഒയുമാണ്. അന്ന് നിർമിച്ച് ആ ഡ്രോൺ ഇപ്പോഴും എയർബൗണ്ടിന്റെ ഓഫീസിന്റെ ചുമരിൽ തൂങ്ങിക്കിടക്കുന്നുണ്ട്.

കോവിഡ് ലോക്ഡൗൺ കാലത്ത് കൗതുകത്തിന്റെ പേരിൽ ഡ്രോൺ നിർമിക്കാൻ തുടങ്ങിയ 15കാ​രന്റെ യാത്ര ഇപ്പോൾ എത്തിനിൽക്കുന്നത് 37 മില്യൺ ഡോളർ (ഏകദേശം 310 കോടി രൂപ) സീരീസ് എ നിക്ഷേപത്തിലാണ്. എയ്റോസ്പേസ് സ്റ്റാർട്ടപ്പായ എയർബൗണ്ട് ആണ് ഗ്രീനോക്സ് നയിച്ച നിക്ഷേപ റൗണ്ടിൽ 37 മില്യൺ ഡോളർ സമാഹരിച്ചത്. ഇതോടെ കമ്പനിയുടെ ആകെ ഫണ്ടിങ് ഏകദേശം 50 മില്യൺ ഡോളറായി.

ആറു വർഷം മുമ്പ് ലോക്ഡൗൺ കാലത്താണ് നമൻ പുഷ്പ് ഡ്രോൺ നിർമിക്കുന്നതിലേക്ക് തിരിഞ്ഞത്. അന്ന് കൗതുകത്തിന്റെ പേരിൽ ആരംഭിച്ച പരീക്ഷണം പിന്നീട് ഒരു ബിസിനസ് ആശയമായി മാറുകയായിരുന്നു. മുംബൈയിൽ ജനിച്ച നമൻ പുഷ്പ് ഹൈദരാബാദിലും മലേഷ്യയിലുമാണ് വളർന്നത്. തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങി മുംബൈയിലെ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.

മലേഷ്യയിൽവെച്ച് അഞ്ച്, ആറ് ക്ലാസുകളിൽ നമൻ ലളിതമായ റോബോട്ടുകൾ നിർമിക്കാൻ തുടങ്ങിയിരുന്നു. പിന്നീട് റോബോട്ടിക്സ് മത്സരങ്ങളിലും എൻജിനീയറിങ് പ്രൊജക്ടുകളിലും പങ്കെടുത്തു. മുതിർന്ന ക്ലാസുകളിലെത്തിയപ്പോഴും റോബോട്ടിക്സ്, ഡ്രോൺ നിർമാണങ്ങളിലേക്കായിരുന്നു നമനിന്റെ ശ്രദ്ധ.

16ാം വയസ്സിൽ ഗ്രാഡ് ക്യാപിറ്റലിൽ നിന്ന് ആദ്യ വെഞ്ച്വർ ചെക്ക് ലഭിക്കുമ്പോൾ നമൻ സ്കൂൾ വിദ്യാർഥിയായിരുന്നു. പിന്നീട് നമൻ കാർണഗീ മെലോൺ സർവകലാശാലയിൽ പ്രവേശനം നേടിയെങ്കിലും പഠനം വേണ്ടെന്നുവെച്ച് ഡ്രോൺ നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഡ്രോണുകളുടെ ഭാരം കുറച്ച് കൂടുതൽ ചരക്ക് വഹിക്കാൻ കഴിയുന്ന തരത്തിൽ രൂപകൽപ്പന ചെയ്യുക എന്നതാണ് ഇപ്പോൾ എയർബൗണ്ടിന്റെ പ്രധാന ലക്ഷ്യം. ഡ്രോണിന്റെ ഭാരം കുറക്കുന്നതിലൂടെ ചെറിയ ചരക്കുകളുടെ വ്യോമഗതാഗത ചെലവ് കുറക്കാമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. റോഡ് മാർഗമുള്ള ചരക്കുനീക്കത്തിന് പകരമായി വേഗതയേറിയതും കുറഞ്ഞ ചെലവുള്ളതുമായ മാർഗം വികസിപ്പിക്കുകയാണ് എയർബൗണ്ട് ലക്ഷ്യമിടുന്നത്.

നിലവിലെ ടി.ആർ.ടി ഡ്രോണിന് ഏകദേശം 3.3 പൗണ്ട് ഭാരവും 2.2 പൗണ്ട് വരെ ചരക്ക് വഹിക്കാനുള്ള ശേഷിയുമുണ്ട്. വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അടുത്ത മോഡലിന് ഏകദേശം 6.6 പൗണ്ട് ഭാരമുണ്ടാകുമെന്നും 11 പൗണ്ട് വരെ ചരക്ക് വഹിക്കാനാകുമെന്നും കമ്പനി വ്യക്തമാക്കുന്നു. വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ് സംവിധാനമുള്ള ‘ടെയിൽ സിറ്റർ’ രൂപകൽപ്പനയാണ് ഡ്രോണുകളിൽ ഉപയോഗിക്കുന്നത്. അതിനാൽ റൺവേയുടെ ആവശ്യമില്ലാതെ പറന്നുയരാനും ഇറങ്ങാനും കഴിയും.

എയർബൗണ്ടിന്റെ ഡ്രോണുകൾ ഇതിനകം ആരോഗ്യരംഗത്തെ നിർണായക ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവരുന്നുണ്ട്. ബംഗളൂരുവിലെ നാരായണ ഹെൽത്ത് ആശുപത്രി ശൃംഖലയുമായി ചേർന്ന് രോഗനിർണയ സാമ്പിളുകൾ വിവിധ ആരോഗ്യകേന്ദ്രങ്ങൾക്കിടയിൽ എത്തിക്കുന്നുണ്ട്. ബംഗളൂരുവിലും ഗുണ്ടൂരിലുമായി 13,000ലേറെ സ്വയം നിയന്ത്രിത ഡ്രോൺ പറക്കലുകൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് കമ്പനിയുടെ കണക്കുകൾ പറയുന്നു. ഇതിൽ 1,000ലേറെ സർവീസുകൾ നാരായണ ഹെൽത്തിനായി നടത്തിയതാണ്.

ഒരു മെഡിക്കൽ സാമ്പിൾ ഡ്രോൺ വഴി ഏകദേശം 2.5 മൈൽ ദൂരം ഏഴ് മിനിറ്റിനുള്ളിൽ എത്തിക്കാൻ കഴിയുമ്പോൾ, അതേ യാത്ര റോഡ് മാർഗം പൂർത്തിയാക്കാൻ മൂന്ന് മുതൽ അഞ്ച് മണിക്കൂർ വരെ എടുക്കുന്ന സാഹചര്യങ്ങളുണ്ടെന്ന് കമ്പനി പറയുന്നു. 37 മില്യൺ ഡോളറിന്റെ പുതിയ നിക്ഷേപം പ്രധാനമായും എൻജിനീയറിങ് വികസനം, ഡ്രോൺ നിർമാണ ശേഷി വർധിപ്പിക്കൽ, വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ എന്നിവക്കായി ഉപയോഗിക്കാനാണ് എയർബൗണ്ട് പദ്ധതിയിടുന്നത്.

Tags:    
News Summary - Bengaluru Teen Turns Lockdown Drone Project Into 37M dollar Startup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.