തോക്കിൽനിന്ന് പുസ്തകങ്ങളിലേക്ക്; മുൻ മാവോവാദികളായ മൂന്ന് പേർക്ക് പത്താം ക്ലാസിൽ ഉന്നത വിജയം

റായ്പൂർ: ഛത്തീസ്ഗഢിൽ കീഴടങ്ങിയ മൂന്ന് ​മുൻ മാവോവാദികൾക്ക് പത്താംക്ലാസ് ഓപ്പൺ സ്കൂൾ പരീക്ഷയിൽ ഉന്നത വിജയം. ബസ്തർ മേഖലയിൽ കീഴടങ്ങിയ ഗീത നരോട്ടെ, അർജുൻ ഒയാം, സന്തോഷ് അഞ്ചല എന്നിവരാണ് ഛത്തീസ്ഗഢ് സ്റ്റേറ്റ് ഓപ്പൺ സ്കൂൾ നടത്തിയ പരീക്ഷയിൽ മികച്ച വിജയം നേടിയത്.

2025ൽ ബസ്തർ ഡിവിഷനിൽ 210 മാവോയിസ്റ്റ് പ്രവർത്തകർ കീഴടങ്ങിയിരുന്നു. ഇവരിൽ ഏഴ് പേർ പത്താം ക്ലാസ് ഓപ്പൺ സ്കൂൾ പരീക്ഷ വിജയിച്ചു. മൂന്ന് പേർ ഫസ്റ്റ് ഡിവിഷനും നേടി. ആഗസ്റ്റിലായിരുന്നു പരീക്ഷ. ഫലം സെപ്റ്റംബറിൽ പ്രഖ്യാപിച്ചു.

ഫസ്റ്റ് ഡിവിഷൻ നേടിയ 35കാരിയായ ഗീത ആറാം ക്ലാസിന് ശേഷം പഠനം ഉപേക്ഷിക്കുകയായിരുന്നു. പിതാവിന്റെ മരണത്തെ തുടർന്ന് അമ്മയെയും ഇളയ സഹോദരിമാരെയും സംരക്ഷിക്കേണ്ട ചുമതല ഗീതക്ക് വന്നതോടെയാണ് പഠനം മുടങ്ങിയത്. പിന്നീട് മാവോയിസ്റ്റ് സംഘടനയുമായി അടുത്ത ഗീത മെഡിക്കൽ ടീമിനൊപ്പം പ്രവർത്തിച്ചു. പരിക്കേറ്റ കേഡർമാർക്ക് ചികിത്സ നൽകുകയും മുറിവുകൾ തുന്നുകയും കുത്തിവെപ്പുകൾ നൽകുകയും മരുന്നുകൾ നൽകുകയും ചെയ്തിരുന്നു. സംഘടനക്കുള്ളിൽ ‘ഡോ. ചമ്പ’ എന്ന പേരിലും അവർ അറിയപ്പെട്ടിരുന്നു. 2025ൽ കീഴടങ്ങിയതിന് പിന്നാലെ ഗീതക്ക് വീണ്ടും പഠിക്കാനുള്ള അവസരം ലഭിച്ചു. സർക്കാർ കീഴടങ്ങൽ പുനരധിവാസ പദ്ധതിയുടെ ഭാഗമായി 50,000 രൂപ വീതം സഹായം ലഭിച്ചതായും അതിൽ ഒരു ഭാഗം പുസ്തകങ്ങൾ വാങ്ങാൻ ഉപയോഗിച്ചതായും ഗീത പറഞ്ഞു. സ്വയം പഠനത്തിനൊപ്പം അധ്യാപകന്റെ സഹായവും ലഭിച്ചു. മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ പരിശീലിച്ചാണ് പരീക്ഷക്ക് തയാറെടുത്തത്. ഇനി നഴ്സിങ് പഠിക്കണമെന്നാണ് ഗീതയുടെ ആഗ്രഹം.

ബിജാപുർ ജില്ലയിലെ തോട്ക ഗ്രാമത്തിൽ നിന്നുള്ള 32കാരനായ അർജുൻ ഒയാമാണ് പത്താം ക്ലാസിൽ ഫസ്റ്റ് ഡിവിഷൻ നേടിയ മറ്റൊരാൾ. സംഘർഷബാധിത സാഹചര്യങ്ങൾ കാരണം കുട്ടിക്കാലത്തെ പഠനം തടസ്സപ്പെട്ട അർജുൻ 2010ൽ മാവോയിസ്റ്റ് സംഘടനയിൽ ചേർന്നു. കീഴടങ്ങിയശേഷം വീണ്ടും വിദ്യാഭ്യാസത്തിലേക്ക് മടങ്ങിയ അർജുന്റെ അടുത്ത ലക്ഷ്യം സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചെത്തി അധ്യാപകനാകുക എന്നതാണ്. കുട്ടികളെ വിദ്യാഭ്യാസത്തിലേക്കും മികച്ച ഭാവിയിലേക്കും നയിക്കാനാണ് അർജുന്റെ ആഗ്രഹം.

31കാരനായ സന്തോഷ് അഞ്ചലയും പത്താം ക്ലാസ് പരീക്ഷയിൽ ഫസ്റ്റ് ഡിവിഷൻ നേടി. കാങ്കർ ജില്ലയിലെ ഗുണ്ടുൽ സ്വദേശിയായ സന്തോഷ് പഠനം നിർത്തിയിരുന്നു. അധ്യാപകർ സ്ഥിരമായി സ്കൂളിലെത്താതിരുന്നതും കുടുംബത്തിലെ ഉത്തരവാദിത്തങ്ങളും പഠനം മുടങ്ങാൻ കാരണമായതായി അദ്ദേഹം പറഞ്ഞു. 2008ലാണ് സംഘടനയിൽ പ്രവേശിച്ചത്. കീഴടങ്ങിയ ശേഷം പഠനം പുനരാരംഭിച്ച സന്തോഷിന്റെ ലക്ഷ്യം ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി കൃഷിയിലും ബിസിനസിലും പ്രവർത്തിക്കുക എന്നതാണ്.

ബസ്തർ ഡിവിഷനിൽ കീഴടങ്ങിയ ആകെ ഏഴുപേർ ഇത്തവണ പത്താം ക്ലാസ് ഓപ്പൺ സ്കൂൾ പരീക്ഷ വിജയിച്ചതായി പൊലീസ് അറിയിച്ചു. ജഗ്ദൽപുർ, ബിജാപുർ, കാങ്കർ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പരീക്ഷയെഴുതിയത്. വിവിധ ഘട്ടങ്ങളിൽ പഠനം ഉപേക്ഷിച്ചിരുന്ന ഇവർക്ക് കീഴടങ്ങൽ പുനരധിവാസ പദ്ധതിയുടെ ഭാഗമായി പഠനം തുടരാൻ ആവശ്യമായ സഹായങ്ങൾ നൽകിയതായി ബസ്തർ പൊലീസ് അറിയിച്ചു. പഠിക്കാൻ താൽപര്യമുള്ളവർക്ക് ആവശ്യമായ സൗകര്യങ്ങൾ തുടർന്നും നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Three Ex Maoists Clear Class 10 With First Division

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.